ഗുണ്ടാ വിളയാട്ടം

“ഇല്ല സാര്‍, ഞാനല്ല സാര്‍”
തട്ടിമറിഞ്ഞു കിടന്നു ബോട്ടിലിനെ സാക്ഷി നിര്‍ത്തി പ്രവീണ്‍ കൈ മലര്‍ത്തി.
 
“പ്രവീണ്‍ അല്ലെന്ന് എനിക്കുറപ്പാണ് സാര്‍”
പിന്തുണയുമായി ദേവകുമാര്‍ രംഗത്തെത്തി.

“ഈ കാര്‍ത്തിക്കാണ് സാര്‍. ഇവന്‍ തട്ടിമറിച്ചിട്ട് പോകുന്നത് ഞാന്‍ എന്റെ ഈ കണ്ണ് കൊണ്ട് കണ്ടതാ”
ലാസ്റ്റ് ബെഞ്ചില്‍ നടന്ന സംഭവം ഫസ്റ്റ് ബെഞ്ചില്‍ നിന്നേ വ്യക്തമായി കണ്ട ആകാശ് ഓടിയെത്തി.

“നീ പാത്തിയാ? നീ പാത്തിയാ? അയ്യയ്യോ എവളോ പോയ്‌ പുളുവുത് സര്‍.”
എന്ന് ആക്രോശിച്ചു കാര്‍ത്തിക്ക് ഓടിയടുക്കവേ, രംഗം കലുഷിതമാകുന്നതിനു മുന്നേ എല്ലാരേം പിടിച്ചു മാറ്റി അതുല്‍ സാര്‍ എന്ന ഞാന്‍ മാതൃകയായി.

ക്ലാസിന്റെ മൂലയിലൊരു നിലവിളി ശബ്ദം, മുന്‍ബെഞ്ചിലേക്ക് പറന്നു വരുന്ന പലേ വലിപ്പത്തിലും നിറത്തിലുമുള്ള പെന്‍സിലുകള്‍ , തനിയെ തട്ടി മറിഞ്ഞു ഉള്ളിലുള്ളതെല്ലാം പുറത്താക്കുന്ന വാട്ടര്‍ ബോട്ടിലുകള്‍- ക്ലാസിലെ ചുരുളഴിയാത്ത രഹസ്യങ്ങളുടെ പട്ടിക അനുദിനം നീണ്ടു വന്നു.

തെളിവുകള്‍ അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങള്‍ വൃത്തിക്ക് ചെയ്തു തീര്‍ക്കുന്ന ബെര്‍മുഡ ട്രയാംഗിളിനെ അനുസ്മരിപ്പിക്കും വിധം പോലെ സകല രഹസ്യങ്ങളും ഒരു കുട്ടി ത്രയത്തില്‍ ചെന്ന് വഴി മുട്ടി നിന്നു:

ആകാശ്-പ്രവീണ്‍ - ദേവകുമാര്‍.

ക്ലാസിലെ ആദ്യ ദിനം മുതല്‍ ഞാന്‍ ഇവന്മാരെ നോട്ടം ഇട്ടതാണ്. (അതോ ഇവന്മാര്‍ എന്നെയോ).ഈ മൂവരില്‍ ഒരാളെങ്കിലും അറിയാതെ ക്ലാസില്‍ ഒരു കടലാസ് പോലും അനങ്ങില്ല, ഒരു പെന്‍സില്‍ കൂടി പറക്കില്ല. ക്ലാസിലെ പോക്രിത്തരങ്ങള്‍ മൊത്തമായും ചില്ലറയായും ഏറ്റെടുത്തിരിക്കുന്ന ഈ കുട്ടിഗുണ്ടാസംഘത്തെക്കുറിച്ച് ഒന്ന് വിശദമായി പഠിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ഹിയര്‍ ഐ ബിഗിന്‍.

ആകാശ് തോട്ടിക്കോലു പോലെ നീണ്ടിട്ടാണ്. ആറാം ക്ലാസില്‍ പഠിക്കേണ്ട പ്രായവും പോക്രിത്തരവും ഉണ്ടെങ്കിലും രണ്ടാം ക്ലാസിലെ ഇംഗ്ലീഷും കണക്കും കൂടി ആകാശിന് അന്യഗ്രഹജീവികളാണ്. മൂക്കത്താണ് ശുണ്‍ഠി . ടീച്ചര്‍മാരെയെന്നല്ല, ആരെയും തന്നെ തന്റെയീ പത്തു വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തില്‍ ആകാശ് മനസ്സറിഞ്ഞു ബഹുമാനിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.

പ്രവീണ്‍ കുഞ്ഞനാണ്. ഇവന്‍റെ പൊക്കമില്ലായ്മയും ഓമനത്തവും കണ്ട് ഒരു ശരാശരി ടീച്ചറിന് ഇവന്‍ ഒരു നിഷ്കളങ്കനായ പിഞ്ചുബാലനായി തോന്നാമെങ്കിലും പ്രവീണ്‍ എന്ന സത്യം അതില്‍ നിന്നും എത്രയോ വിദൂരമാണ്; വിപ്ലവാത്മകവും വിജ്രംഭിച്ചതുമാണ്!

ഇടഞ്ഞാല്‍ ശകാരവര്‍ഷങ്ങള്‍ ചൊരിയുന്ന, മൂക്ക് ചതക്കുന്ന ഉശിരന്‍ പഞ്ച് നല്‍കുന്ന അണുബോംബിന്‍റെ പ്രഹരശേഷിയുള്ള അമാനുഷന്‍ - അതാണ്‌ ക്ലാസിലെ ആദ്യ ആഴ്ചകളിലെ കാഴ്ചകളില്‍ നിന്നും ഞാന്‍ കണ്ട പ്രവീണ്‍.

മൂന്നാമനനായ ദേവകുമാര്‍ ഒരു ശരാശരി നാലാം ക്ലാസ് പൊക്കക്കാരനാണ്. മറിച്ചു ചിന്തിച്ചാല്‍, പൊക്കത്തില്‍ മാത്രമേ അവന്‍ ശരാശരി ആയിരുന്നുള്ളൂ എന്ന് വേണം പറയാന്‍.
അസാമാന്യമായ വാക്ച്ചതുരി കൊണ്ട്
‘ആന’യെ ‘പട്ടി’യും, ‘ബോബ് മാര്‍ലിയെ’ ‘തമിഴ്നാട്ടിലെ നാടന്‍പാട്ട് കലാകാരനും’ ആക്കുന്ന മാന്ത്രികനാണ് ദേവകുമാര്‍. (അതെപ്പറ്റി ഇനിയൊരു പോസ്റ്റില്‍).
കായികാഭ്യാസങ്ങളില്‍ ബഹുമിടുക്കന്‍.
ഇടിച്ചു താഴെയിട്ട പല്ലുകള്‍ നിറച്ചു വെക്കാന്‍ ഹോര്‍ലിക്സ് കുപ്പികള്‍ തേടുന്ന ഒരു കുഞ്ഞു മംഗലശ്ശേരി കാര്‍ത്തികേയന്‍.

മുടിഞ്ഞ സിനിമാപ്രാന്തനും ക്ലാസിലെ ഒന്നാം നമ്പര്‍
‘ടപ്പാന്‍കുത്ത്’ പ്രേമിയും ആരെയും കൂസാത്തവനും, തള്ളിലും തല്ലിലും കഴിവ് തെളിയിച്ചവനുമായ ദേവകുമാര്‍ അങ്ങനെ സ്വാഭാവികമായും, ക്ലാസിലെ മൂവര്‍ സംഘത്തിന്‍റെ തലയും അതുല്‍ സാറിന്‍റെ തലവേദനയും ആയി മാറിക്കൊണ്ടിരുന്നു.

ഒരു സിനിമയാക്കഥയിലെ നായകനെപ്പോലെ ദേവകുമാറിന്റെ പ്രീതി ക്ലാസില്‍ വര്‍ധിച്ചു വരുന്നത് സാര്‍ മനസ്സിലാക്കി. ഇതൊന്നും അറിയാത്തവണ്ണം ദേവകുമാറും അവന്‍റെ ചോട്ടാ ഗുണ്ടാ സംഘവും ക്ലാസിലെ മര്‍മപ്രധാനമായ വിവിധ മൂലകളില്‍ ഇരുന്ന് നിഷ്കളങ്കമായി ചിരിച്ച് അതുല്‍ സാറിനെ ആപ്പിലാക്കാനുള്ള പുതിയ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരുന്നു.

അങ്ങിനെയൊരു ഉച്ചനേരം.

അതുല്‍ സാര്‍, പുള്ളാര്‍ക്ക് പകര്‍ത്തിയെഴുതാനുള്ള നോട്ട് ബോര്‍ഡില്‍ എഴുതിനിറക്കവേ എവിടെ നിന്നോ ഒരു
‘ആലുമാ ഡോലുമ’ പാട്ട് ഒഴുകി വരുന്നു.

അതുല്‍ സാര്‍ തിരിഞ്ഞു നോക്കി.

ദേവകുമാറാണ്.

സാറിനു കലി വന്നു.

“ദേവകുമാര്‍ ഇങ്കെ വാ”

“എന്ന സാര്‍?”
‘അതീവ ശ്രദ്ധയോടെ പഠിച്ചു കൊണ്ടിരുന്ന തന്നെ ശല്യപെടുത്തിയത് എന്തിനാണാവോ’ എന്ന മട്ടില്‍ ദേവകുമാര്‍ ആരാഞ്ഞു.

“ക്ലാസേടുക്കുമ്പോഴാണോഡാ നിന്റെ പാട്ട് ?”
സാര്‍ ചോദിച്ചു.

“നമ്മ തലാ പാട്ട് സാര്‍”
സ്വതസിദ്ധമായ ശൈലിയില്‍ ആംഗ്യവിക്ഷേപങ്ങളോടെ ദേവകുമാര്‍ മൊഴിഞ്ഞു.

“എന്ത് മാങ്ങാത്തൊലിപാട്ടാണെങ്കിലും ക്ലാസിനു വെളിയില്‍ മതി”
സാര്‍ നയം വ്യക്തമാക്കി.

“ഓക്കേ സര്‍. ഇനിമേല്‍ പാടമാട്ടെ സാര്‍.”
എല്ലാം മനസ്സിലായ മട്ടില്‍ തലയാട്ടി ദേവകുമാര്‍ തിരിച്ചു നടന്നു.

“ഹ്മം..പയ്യന്‍ വിരണ്ടു പോയി” എന്ന് കരുതി മന്ദഹസിച്ച് ബോര്‍ഡിലേക്ക് തിരിഞ്ഞ് അതുല്‍ സാര്‍ എഴുത്ത് തുടരവേ, അതാ, ക്ലാസില്‍ ഒരു പൊട്ടിച്ചിരി.
തിരിഞ്ഞു നോക്കിയപ്പോ ദേവകുമാര്‍ ക്ലാസിനു നടുവില്‍ നിന്ന് നല്ല അസ്സലായി
‘ടപ്പാന്‍ കൂത്ത്’ കളിക്കുന്നു. ക്ലാസെടുക്കുമ്പോ പാട്ട് പാടരുത് എന്നല്ലേ പറഞ്ഞിട്ടുള്ളൂ; ഡാന്‍സ് കളിക്കാമല്ലോ!

വാലിനു തീ കൊടുത്ത് പാഞ്ഞു പോകുന്ന ജെറിയെക്കണ്ട ടോമിനെപ്പോലെ ദേഷ്യം കൊണ്ട് അതുല്‍ സാറിന്റെ ദേഹമാകെ ചുവന്നു. ചുവന്നു തുടുത്ത ചെവിയില്‍ നിന്നും
‘കുമു കുമാ’ പുക വരാന്‍ തുടങ്ങി.

“ദേവകുമാര്‍”
ദേവകുമാറിനെ ചട്ടിയില്‍ ഇട്ടു വറുത്തു മട്ടന്‍ ചാപ്സ് ആക്കാനുള്ള ദേഷ്യത്തില്‍ സാര്‍ അലറി.

പഴയ ഡി ഡി മെട്രോയിലെ നിലയ്ക്കാത്ത ഇരപ്പ് പോലെ ക്ലാസിലെ ചിരി തുടരുകയാണ്. അസഹനീയമായ നിഷ്കളങ്കത മുഖത്ത് വരുത്തി ദേവകുമാര്‍ മൊഴിഞ്ഞു.

“എന്ന സാര്‍, ഞാന്‍ പാട്ട് നിര്‍ത്തിയല്ലോ സാര്‍, സാര്‍ പറഞ്ഞ പോലെ ഞാന്‍ സീറ്റില്‍ പോയി ഉക്കാറട്ടുമാ, സാര്‍ ?”

‘ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.’
സാറിന്റെ ദേഷ്യം റോക്കറ്റ് കണക്കെ കുതിച്ചുയര്‍ന്നു,

“ഇങ്കെ വാ.” സാര്‍ ആജ്ഞാപിച്ചു
.
“എന്നാ സാര്‍?” തലാ സ്ടയിലില്‍ കൂളായി നടന്നു വന്ന് ദേവകുമാര്‍ ആരാഞ്ഞു.

അന്തരീക്ഷത്തില്‍ നിന്ന് ഒരു പിടി ക്ഷമ വീണ്ടെടുത്ത്‌ സാര്‍ ചോദിച്ചു.
“ക്ലാസില്‍ എപ്പടി നടക്കണംന്ന് ഉനക്ക് പുരിയിലയാ?”

“എപ്പടി സാര്‍?”

!!!
ദേവകുമാര്‍ തന്നെ വീണ്ടും ബ്ലഡി ഫൂളാക്കുന്നു. ഒന്‍പത് വയസ്സുള്ള ഈ പീക്കിരിപ്പയ്യന്‍ മഹാനായ അതുല്‍ സാറിനെ കുരങ്ങു കളിപ്പിക്കുന്ന ഈ പരിപാടി ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ.

“നീ ഉക്കാറ വേണ്ടാ. ഇങ്കയെ നില്ല്!”
കോപാക്രാന്തനായി ദേവകുമാറിനെ ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി അപ്പടിയേ നില്‍ക്കാന്‍ ആജ്ഞാപിച്ച് അതുല്‍ സാര്‍ കുലുങ്ങി ചിരിക്കുന്ന ക്ലാസിനു നേരെ തിരിഞ്ഞു.

ക്ലാസ്സില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് നടക്കുകയാണ്.
സ്റ്റാര്‍പ്ലെയര്‍ ദേവകുമാര്‍ ഫാന്സിനെക്കൊണ്ട് ഗാലറി നിറഞ്ഞിരിക്കുന്നു. തന്ത്രപ്രധാനമായ രണ്ടു സ്ഥാനങ്ങളില്‍ നിലയുറപ്പിച്ച ആകാശും പ്രവീണും
‘കയ്യടി, കൂക്കുവിളി' മുതലായ കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ടായിരുന്നു.

അതുല്‍ സാറിന്റെ കിളി പോയി!!
വിഷണ്ണനായി, വിഷാദനായി സാര്‍ അങ്ങനെ നിന്നു.

എന്നിട്ടും, തന്‍റെ നിസ്സഹായത പ്രകടമാക്കാതെ സാര്‍ ആ എക്സ്ട്രാ അടവ് പുറത്തെടുത്തു.

സാര്‍ ക്ലാസിലേക്കെറിഞ്ഞ തീക്ഷ്ണമായ നോട്ടങ്ങളില്‍ തട്ടിത്തെറിച്ച് പൊട്ടിച്ചിരികള്‍ ദുര്‍ബലമായി, അടക്കിപ്പിടിച്ച ചിരികളായി പരിണമിക്കവേ അതുല്‍ സാര്‍ ആശ്വസിക്കാനൊരുങ്ങി.

അപ്പോഴാണ്‌ നിവേദ അലറിയത്.

“ദേവകുമാര്‍ തിരുംബിയും ഡാന്‍സ് ആടറാ സാര്‍.”

ആ വാക്കുകള്‍ ഒരു ഇടിമിന്നല്‍ കണക്കെ അതുല്‍ സാറിന്‍റെ കാതുകളില്‍ വന്നു പതിച്ചു. പൊട്ടാറായ അഗ്നിപര്‍വതമായി രൂപാന്തരം പ്രാപിച്ച സാര്‍ ദേവകുമാറിന് നേരെ തിരിഞ്ഞു.

ഒന്നും അറിയാത്ത പോലെ കൂളായി അവന്‍ ചോദിച്ചു.
“വാട്ട് സാര്‍?”

ദേവകുമാറിന്‍റെ കുസൃതി കലര്‍ന്ന ചോദ്യം ഒരു മിസ്സൈല്‍ കണക്കെ അതുല്‍ സാറിന്‍റെ നെഞ്ചിനു നേരെ പാഞ്ഞടുത്തു.
സാറിനു അവനെ വറുത്തുതിന്നാനുള്ള ദേഷ്യമുണ്ട്, പപ്പടം പോലെ പൊടിക്കാനുള്ള ദേഷ്യമുണ്ട്,മൂട്ടില്‍ റോക്കറ്റ് വെച്ച് പറത്തി വിടാനും പോസ്റ്ററാക്കി ചുവരില്‍ ഒട്ടിക്കാനുമുളള ദേഷ്യമുണ്ട്.

എങ്കിലും
‘അടി, തൊഴി മുതലായ പരിപാടികളൊന്നും പറ്റൂല്ല’ എന്ന കര്‍ശന TFI നിര്‍ദേശത്തെ മാനിച്ച് അതുല്‍ സാര്‍, ഇതൊന്നുമല്ലാതെ ദേവകുമാറിനു കൊടുക്കാന്‍ പറ്റിയ ഒരു മുട്ടന്‍ പണി ആലോചിച്ചുതുടങ്ങി.

‘കുറച്ചു നേരത്തേക്കെങ്കിലും ഇവന്‍റെ ശല്യമില്ലാത്ത ഒരു ക്ലാസ്’ എന്ന മനോഹരമായ സ്വപ്നം അതുല്‍ സാറിന്‍റെ മനസ്സിലൂടെ ചൂളം വിളിച്ചു കടന്നു പോയി.
ഐഡിയ!
ബെല്ലടിക്കും വരെയുള്ള കുറച്ചു നേരത്തേക്കെങ്കിലും ഈ നൊട്ടോറിയസ് ക്രിമിനലിനെ തളച്ചിടാനുള്ള ഒരു അത്യുഗ്രന്‍ ആശയം സാറിന്റെ മനസ്സില്‍ തെളിഞ്ഞു.

“ഡാ ചെക്കാ ദേവകുമാര്‍. ഇങ്കെ വാ.”
ബോര്‍ഡില്‍ ഒരു വാചകമെഴുതി സാര്‍ ദേവകുമാറിനു നേരെ തിരിഞ്ഞു.

“ഇത് പഠി” അത് വായിക്കാന്‍ സാര്‍ മച്ചാനോട്‌ ആവശ്യപ്പെട്ടു.

“ ഐ വില്‍ സിറ്റ് ഇന്‍ സ്മ, സ്മ , സ്മ...”
വായനയില്‍ മാത്രം അത്ര കണ്ട് നിപുണനല്ലാത്ത ദേവകുമാര്‍
‘സ്മ’ യില്‍ ചെറുതായൊന്നു പതറി..

“ഐ വില്‍ സിറ്റ് ഇന്‍ സ്മാര്‍ട്ട് പൊസിഷന്‍സ്. – അപ്പടിനാ ഇനി മേല്‍ നാന്‍ നല്ലാ ഉക്കാറും ന്ന്.”

“ഇപ്പോവും നല്ലാ താന്‍ ഉക്കാറേന്‍ സാര്‍” ദേവകുമാര്‍ മൊഴിഞ്ഞു.

“എസ്. ഐ സോ ദാറ്റ്. യൂ റൈറ്റ് ദിസ് ഇന്‍ യുവര്‍ റഫ് നോട്ട് ഫോര്‍ പേജസ് ആന്‍ഡ് കം”

ക്ലാസില്‍ മര്യാദക്ക് ഇരിക്കുംന്നു റഫ് നോട്ടില്‍ നാല് പേജ് എഴുതി വരാന്‍. കര്‍ക്കശനായി അതുല്‍ സാര്‍ ആജ്ഞാപിച്ചു.

ബുഹാഹഹ, ഇത്രയും കാര്യക്ഷമമായ ശിക്ഷാരീതി വിഭാവനം ചെയ്ത തന്റെ ബുദ്ധിശക്തിയില്‍ സാറിനു അപാരമായ അഭിമാനം തോന്നി.

“അപ്പൊ ഞാന്‍ സീറ്റില്‍ പോയിരുന്ന് എഴുതട്ടുമാ സാര്‍?”
സവിനയം ദേവകുമാര്‍ ചോദിച്ചു.

“സീറ്റില്‍ ഉക്കാറന്താല്‍ അവന്‍ ഇനിയും പാട്ട് പാടും സാര്‍”
ക്ലാസിലെ തന്റെ വിദഗ്ദോപദേഷ്ടാവ് മോനിഷ ഈ തീരുമാനത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി.

കറക്റ്റ് ആണല്ലോ. ഇവനെ സീറ്റില്‍ ഇരുത്തിയുള്ള ഒരു പരിപാടിയും ബുദ്ധിയല്ല. അതിലും മനോഹരമായ ഒരു ആശയത്തിനായി അതുല്‍ സാര്‍ മസ്തിഷ്കം സ്കാന്‍ ചെയ്തു തുടങ്ങി.

കിട്ടിപ്പോയി. അടിപൊളി ഐഡിയ.

വൂഷ്. അതുല്‍ സാര്‍ ബോര്‍ഡില്‍ ഒരു നീണ്ട വര വരച്ചു. വരയ്ക്കിപ്പുറത്തുള്ള ഒരു ചെറിയ കഷ്ണം ദേവകുമാറിനു തീറെഴുതിക്കൊടുത്തു.

“നീ ഉക്കാറ വേണാ. ഇങ്കയെ എഴുത്”
തന്റെ പ്ലാനില്‍ തൃപ്തനായ അതുല്‍ സാര്‍ മന്ദഹസിച്ചു.

“ഓക്കേ സാര്‍..”

വളരെ കഷ്ടപ്പെട്ട് ചോക്ക് പിടിച്ച് ദേവകുമാര്‍ എഴുതാന്‍ ആരംഭിക്കുന്നതു കണ്ടു സമാധാനത്തിന്റെ വെള്ളരിപ്രാവ്‌ അതുല്‍ സാറിന്റെ മനസ്സില്‍ കൊത്തിപ്പെറുക്കാന്‍ തുടങ്ങി.

സാര്‍ വീണ്ടും ക്ലാസിലേക്ക് തിരിഞ്ഞു പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. പിന്നില്‍ നിന്നൊരു ശബ്ദം.
“മുടിഞ്ചാച്ച് സാര്‍”
സാര്‍ ഞെട്ടി.

‘ഇത്രേം പെട്ടെന്നോ! ഈ കാലമാടനു മുടിഞ്ഞ സ്പീഡ് ആണല്ലോ’ എന്ന് മനസ്സില്‍ കരുതി തിരിഞ്ഞു നോക്കിയപ്പോ സംഭവം ശരിയാണ്. ബോര്‍ഡിന്‍റെ ഇടത്തേവശത്ത് നിന്ന് ആരംഭിച്ച് പത്തു ഡിഗ്രി ചരിവില്‍ ടേക്ക് ഓഫ് ചെയ്യുന്ന “ഐ വില്‍ സ്മാര്‍ട്ട് പൊസിഷനു’കളാല്‍ ബോര്‍ഡ് അലങ്ക്രുതമായിരിക്കുന്നു. എഴുത്തിലും ഇവന്‍ ഒട്ടും മോശമല്ലല്ലോ.

“ഇതൊക്കെ ചെറുത്” എന്ന സലിം കുമാര്‍ ഭാവത്തില്‍ അടുത്ത പണിയും കാത്ത് കൂളായി നില്‍പ്പാണ് ആശാന്‍.

“അപ്പുറം എന്ന സാര്‍? സീറ്റില്‍ പോയി ഉക്കാറട്ടുമാ സാര്‍?”

അപ്പോഴാണ്‌ സാറിന്‍റെ മനസ്സിലിരുന്ന് മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുത്തുകൊണ്ടിരുന്ന ജോസ് പ്രകാശ്‌ ഉപദേശിച്ചത്.
‘എന്ത് തന്നെയായാലും ഇവനെ അങ്ങനെ കൂളായി തിരിച്ചുപോകാന്‍ അനുവദിച്ചുകൂടാ. അതുല്‍ സാറിന്‍റെ ക്ലാസില്‍ അലംബുണ്ടാക്കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കണം ’

‘ഇത്രയും സ്ഥലം നിറക്കാന്‍ ഇവന് 5 മിനുറ്റ് ആണ് വേണ്ടി വന്നത്’ എന്ന വസ്തുതയെ മനസ്സില്‍ പ്രോസസ് ചെയ്ത് വിശാലമായി പരന്നു കിടക്കുന്ന ബോര്‍ഡില്‍ കണ്ണോടിച്ചു അതുല്‍ സാര്‍ ക്രൂരമായി മന്ദഹസിച്ചു.

“ദേവകുമാര്‍.”

“സോല്ലുങ്കെ സാര്‍. എവളോ നേരമാ വെയിറ്റ് പണ്ണറേന്‍ സാര്‍”

ബ്ലാക്ക് ബോര്‍ഡിലെ അക്ഷരസമുദ്രം ഒറ്റയടിക്ക് സ്ടയിലായി മായിചുകളഞ്ഞ് അതുല്‍ സാര്‍ ദേവകുമാറിനോട് പറഞ്ഞു.

“സീ ദിസ്‌ മിസ്ടര്‍ ദേവകുമാര്‍. ‘ഐ വില്‍ സിറ്റ് ഇന്‍ സ്മാര്‍ട്ട് പൊസിഷന്‍സ്’ എന്ന് ഇന്ത ബോര്‍ഡ് ഫുള്ളാ എഴുതി നിറച്ചിട്ടെ ഇനി എന്നെ വിളിക്കാവൂ.. ദാറ്റ് ഈസ്‌ യുവര്‍ പണീഷ്മെന്റ്റ്”

“അയ്യയ്യോ. പോങ്ക സാര്‍. അതെല്ലാം മുടിയാത്. അയ്യ”
ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു ദേവകുമാര്‍ അസംതൃപ്തി രേഖപ്പെടുത്തി.

“ദേ.വ.കു.മാ.ര്‍”
കണ്ണ് മിഴിച്ചു പുരികമുയുര്‍ത്തി നേരത്തെ വിജയകരമായി പുറത്തെടുത്ത കലിപ്പ് നോട്ടം ട്രൈ ചെയ്ത് കനപ്പിച്ച ശബ്ദത്തില്‍ സാര്‍ ആജ്ഞാപിച്ചു.

“സ്റ്റാന്റ് ഹിയര്‍, ആന്‍ഡ്‌ ഫിനിഷ് യുവര്‍ വര്‍ക്ക്”

മനസില്ലാമനസ്സോടെ ദേവകുമാര്‍ ചോക്ക്കഷ്ണം എടുക്കുന്നത് കണ്ട സാറിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി.
കഷ്ടപ്പെട്ട് മുഖത്ത് വരുത്തിയ ക്രൂരഭാവം ചോര്‍ന്നു പോകാതെ സാര്‍ ക്ലാസിനുനേരെ സ്ലോ മോഷനില്‍ തിരിഞ്ഞു.

സാറിന്‍റെ അടിപൊളി പെര്‍ഫോമന്‍സ് കണ്ടാവണം; ക്ലാസും ശാന്തമായിരിക്കുന്നു. അതുല്‍ സാര്‍ സുന്ദരമായി ക്ലാസെടുത്തു തുടങ്ങി.

ഒരു രണ്ടു മിനിട്ട് കഴിഞ്ഞിട്ടുണ്ടാവണം.
‘നിശബ്ദത എത്ര മനോഹരം’ എന്ന് ചിന്തിച്ചു പഠിപ്പിച്ചു തകര്‍ക്കവേ അതാ, അപ്രതീക്ഷിതമായി, ക്ലാസിന്റെ ഒരു മൂലയില്‍ നിന്നും ചിരി പൊട്ടുന്നു.
എന്തോ പന്തികേട്‌.

ആ ചിരി പൊട്ടിപ്പൊട്ടി പൊട്ടിച്ചിരിയായി സാറില്‍ വന്നു മുട്ടി നില്ക്കവേ പിന്നില്‍ നിന്ന് ദേവകുമാറിന്റെ ശബ്ദം.
“സാര്‍. മുടിന്ജാച്ച് സാര്‍”
ഒരു മുട്ടന്‍ ബോര്‍ഡു മുഴുവന്‍ ഇവന്‍ ഇത്രയും വേഗം എഴുതിതീര്‍ത്തെന്നോ!
ആവനാഴിയില്‍ അമ്പുകള്‍ എല്ലാം കാലിയായത് തിരിച്ചറിഞ്ഞ് , അവശനായി ,ഞെട്ടാന്‍ പാതി തയ്യാര്‍ ആയിക്കൊണ്ട്‌ തന്നെ അതുല്‍ സാര്‍ തിരിഞ്ഞു നോക്കി.

ബോര്‍ഡിലെ കാഴ്ച കണ്ടു സാര്‍ നടുങ്ങി!

ചെക്കന്‍ ബോര്‍ഡു മുഴുവന്‍ എഴുതി നിറച്ചിട്ടുണ്ട്.

സത്യമാണ്.

മിടുക്കനാണ്.

പറഞ്ഞതു പോലെ തന്നെ ചെയ്തിട്ടുണ്ട്.

അഥവാ പറഞ്ഞത് പോലെ മാത്രമേ ചെയ്തിട്ടുള്ളൂ!

“ഐ വില്‍ സിറ്റ് ഇന്‍ സ്മാര്‍ട്ട് പൊസിഷന്‍സ്”എന്ന് എഴുതി ബോര്‍ഡ് നിറക്കാന്‍ ആയിരുന്നല്ലോ ദേവകുമാറിനു കിട്ടിയ നിര്‍ദേശം.
അവന്‍ എഴുതിയ ഓരോ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കും കുറഞ്ഞത് സാമാന്യം വലിയ ഒരു ആനയിടുന്ന ആനപ്പിണ്ടത്തിന്റെയെങ്കിലും വലിപ്പമുണ്ടാവും!

“ഒരു വട്ടം എഴുതിയപ്പോഴേക്കും സ്ഥലം ഗാളിയാച്ചു സാര്‍. ഇനിയും എഴുതണമാ സാര്‍?”

കരയണോ ചിരിക്കണോ, ഇറങ്ങി ഓടണോ എന്ന് അറിയാതെ അതുല്‍ സാര്‍ നിശ്ചലനായി കണ്ണും മിഴിച്ചു നില്‍ക്കവേ ക്ലാസ് സ്റ്റാര്‍ പ്ലെയറിന് വേണ്ടി ചീറിന്ഗ്
തുടര്‍ന്ന് കൊണ്ടേയിരുന്നു.

“സോല്ലുന്ക് സാര്‍. ഇന്നും എങ്ക എഴുതണം സാര്‍?”
കൂളായി ദേവകുമാര്‍ ചോദിച്ചു.

ദേവകുമാറിനെ ഒരു പാഠം പഠിപ്പിക്കാം എന്ന് വ്യാമോഹിച്ച തന്റെ മണ്ടത്തരത്തിന് മനസ്സില്‍ മാപ്പപേക്ഷിച്ചു കൊണ്ട് അവന്‍റെ മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി അതുല്‍ സാര്‍ തീര്‍ത്തും ദയനീയമായ
ശബ്ധത്തില്‍ അപേക്ഷിച്ചു,

“പോയി ഉക്കാറ് മോനെ ദേവകുമാറേ”

ആലുമാ ഡോലുമാ പാട്ടും പാടി ഡാന്‍സും കളിച്ച് തന്റെ സീറ്റിലേക്ക് വിജയശ്രീലാളിതനായി ദേവകുമാര്‍ ഒഴുകിനീങ്ങവേ ബോര്‍ഡിലെ ആനപ്പിണ്ടം സൈസ് അക്ഷരങ്ങള്‍ അതുല്‍ സാറിനെ നോക്കി കോക്രി കാണിച്ചു കൊണ്ടേയിരുന്നു.

പ്രവീണിന്റെ പ്രഹേളിക/ നാറ്റക്കേസ്

“ശരി പുള്ളാരെ, വാട്ട്‌ ഈസ്‌ ജാലിയന്‍ വാലാബാഗ് മസ്സാക്കര്‍?”

ഉച്ചയൂണില്‍ നിന്നും ആര്‍ജിച്ചെടുത്ത ഊര്‍ജത്തിന്റെ അഹങ്കാരത്തില്‍ തോന്നിവാസം കാണിച്ചുകൊണ്ടിരുന്ന മുപ്പതോളം ഇന്ത്യന്‍ പൌരന്‍മാര്‍ക്കിടയിലെക്ക് അതുല്‍ സാര്‍ തന്റെ ചോദ്യം എറിഞ്ഞിട്ടു
.
അന്തരീക്ഷത്തില്‍ അന്ജാറു കൈകള്‍ ഉയര്‍ന്നു.
സാറിനു വളരെ സന്തോഷമായി.

ജാലിയന്‍ വാല ബാഗ് മൈതാനത്ത് വെടിയേറ്റ്‌ പിടഞ്ഞ പാവം ഇന്ത്യാക്കാരുടെ ചരിത്രം, ചോര തിളയ്ക്കുന്ന ഞരമ്പുകളോടെ അതുല്‍ സാര്‍ പഠിപ്പിച്ചത് ഇവര്‍ ഓര്‍ത്തിരിക്കുന്നുണ്ടല്ലോ.
ഭാരതത്തിന്റെ ഭാവി ഇവന്മാരുടെ കയ്യില്‍ സുരക്ഷിതമാണെന്ന് സാര്‍ ഉറപ്പിച്ചു.

“ആ ടെല്‍ മി മോനിഷ. വാട്ട്‌ ഈസ് ദിസ് ജാലിയന്‍ വാല ബാഗ് മസ്സാക്കര്‍”
ആകാംക്ഷയോടെ സാര്‍ മോനിഷയുടെ മറുപടിക്കായി കാതോര്‍ത്തു.

“മസാല, സാര്‍”
നിസ്സംശയം മോനിഷ വ്യക്തമാക്കി.

സാറിന്റെ കിളി പോയി.

“എന്തോന്ന്?”

നാണിച്ചു ചിരിച്ചു കൊണ്ട് മോനിഷ പറഞ്ഞു.

“മസാല സാ......ര്‍”

ക്ലാസില്‍ ചിരി പൊട്ടി.
മഹാപാപി!

താന്‍ ഒരുമണിക്കൂര്‍ കൊണ്ട് കഷ്ടപ്പെട്ടു പണിതുയര്‍ത്തിയ ജാലിയന്‍ വാലാബാഗിന്റെ പാഠമാണ് മോനിഷ ഒറ്റ വാക്ക് കൊണ്ട് ബോംബിട്ടു നശിപ്പിച്ചത്.
എന്നിട്ടും അതിന്റെ യാതൊരു കുറ്റബോധവുമില്ലാതെ നിഷ്കളങ്കയായി കളിച്ചുചിരിച്ചുനില്‍ക്കുന്ന മോനിഷയെ കണ്ടപ്പോള്‍ സാറിനും ചിരി പൊട്ടി.

“അങ്ക പാരെടീ. സാറ്ക്കും സിരിപ്പ് വരതെടീ”

പൊതുവേ കോളക്കുപ്പിയുടെ അടപ്പ് പോലെ മുറുകിയിരുന്ന അതുല്‍ സാറിന്റെ മുഖം കാറ്റ് പോയ ബലൂണ്‍ പോലെ സംഘര്‍ഷരഹിതമായത് കണ്ടു ക്ലാസിലാകമാനം ചിരി പടര്‍ന്നു.

“എന്ത് പറ്റി സര്‍, ഞാന്‍ പറഞ്ഞ ഉത്തരം കൂടുതല്‍ ശരിയായിപ്പോയോ?”
എന്ന ഒരു ചമ്മിയ ഭാവത്തില്‍ മോനിഷയും,
‘ജാലിയന്‍ വാലാ ബാഗിനെക്കുറിച്ച് താനിനിയെങ്ങനെ ഈ കണ്ട്രി ഫെല്ലാസിനു പറഞ്ഞുകൊടുക്കും’
എന്നാലോചിച്ച് സാറും, ഫ്രീസായി നില്‍ക്കെ,
ഒരു തീക്ഷണഗന്ധം സാറിന്റെ മൂക്കിലേക്ക് പറന്നു വന്നു.

അതുല്‍ സാറിലെ ഷെര്‍ലക്ക് ഉണര്‍ന്നു.

നാറ്റത്തിന്റെ കണികകളെ ഫോളോ ചെയ്ത ഷെര്‍ലക്കിന്റെ നോട്ടം ലാസ്റ്റ് ബെഞ്ചിലെത്തി ലോസ്റ്റായി നിന്നു.

!!!

അവിടെ കവിഭാരതിയും സന്ധ്യയും മൂക്കുപൊത്തി ഒരേ ചിരിയാണ്.

ചിരിക്കു പിന്നിലെന്താണെന്നറിയാതെ ക്ലാസിനും സാറിനും ഇരിക്കപ്പൊറുതി ഇല്ലാതായി.
മിസ്റ്ററിയുടെ ചുരുളഴിക്കാനായി മിസ്റ്റര്‍ ഷെര്‍ലക്ക് സാര്‍ ബാക്ക്ബെഞ്ചിനെ ലക്ഷ്യമാക്കി ശ്രദ്ധാപൂര്‍വ്വം ചുവടുകള്‍ വെച്ചു.

അടുത്തെത്തിയതും സാറിന്റെ ശ്വസന നാളത്തിലെക്ക് നല്ല സ്വയമ്പന്‍ നാറ്റം കുമു കുമാന്ന് അടിച്ചു കയറി.

മൂക്കുപൊത്തിക്കൊണ്ട് പുതിയൊരു ശബ്ദത്തില്‍ അതുല്‍ സാര്‍ ചോദിച്ചു.

“അരേ. പ്രോബ്ലം ക്യാ ഹേ?”

ഉടന്‍ അതീവ ലജ്ജാവതികളായി മാറിയ കവിഭാരതിയും സന്ധ്യയും ചിരിയടക്കിപ്പിടിച്ച് അടുത്തിരുന്ന പ്രവീണിന് നേരെ മെല്ലെ കൈ ചൂണ്ടി.

അപ്പോഴാണ്‌ സാര്‍ പ്രവീണിനെ ശ്രദ്ധിക്കുന്നത്.
പണ്ട് മോശ ചെങ്കടല്‍ വകഞ്ഞു മാറ്റിയത് പോലെ ബാക്ക് ബെഞ്ചില്‍ പ്രവീണ്‍ തന്റെ ഇരു വശങ്ങളിലും ഇരുന്ന കിടാങ്ങളെ വകഞ്ഞു മാറ്റി വെച്ചിരിക്കുകയാണ്.

“പ്രവീണിന്റെ നിക്കറിലേ ഇരുന്ത് സെമ്മ നാറ്റം അടിക്കത് സാര്‍”
കവിഭാരതി സാറിന്റെ അടുത്ത് വന്നു ചെവിയില്‍ പറഞ്ഞു.

“ആമ സാര്‍. താങ്ങവേ മുടിയലയെ സാര്‍”
സന്ധ്യ കവിക്ക് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചു.

ആറ്റംബോംബിന്റെ പ്രഹരശേഷിയും ആട്ടിന്‍കുട്ടിയുടെ വലിപ്പവുമുള്ള മിസ്റ്റര്‍ പ്രവീണ്‍ കുമാര്‍ ഈ ആരോപണങ്ങള്‍ ഒന്നുമറിയാതെ (അറിയാത്ത ഭാവത്തില്‍ ?)ബെഞ്ചിനു മധ്യത്തില്‍ സ്റ്റയിലായിരുന്നു മൂക്കളയൊലിപ്പിച്ചു കൊണ്ടിരുന്നു.

തന്റെ മുന്നിലേക്ക് വന്നു വീണ വിചിത്രമായ ഈ സമസ്യ എങ്ങനെ പരിഹരിക്കണം എന്നറിയാതെ അതുല്‍ സാര്‍ കുഴങ്ങി.

‘പെണ്‍കിടാങ്ങള്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല.
നാറ്റം നല്ല പവര്‍ഫുള്‍ ആണ്.
അതിന്റെ പ്രഭവകേന്ദ്രം പ്രവീണിന്റെ നിക്കര്‍ ആവാനും നല്ല സാധ്യത കാണുന്നുണ്ട്.
ശരി. ഇടപെട്ടു കളയാം
’.

“പ്രവീണ്‍”
സാര്‍ ഉറക്കെ വിളിച്ചു.

ക്ലാസ് ആകമാനവും പ്രവീണും തിരിഞ്ഞു നോക്കി.

“എന്താ സാര്‍?”
നിഷ്കളങ്കത കുഴച്ച് ഉരുട്ടിയെടുത്ത ഭാവത്തില്‍ പിഞ്ചു പൈതല്‍ ചോദിച്ചു.
ക്ലാസില്‍ അതീവനിശബ്ദത പുലര്‍ന്നു.

അപ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന ആ സത്യം സാറിന്റെ മനസ്സിലേക്ക് വന്നു പതിച്ചത്.
ക്ലാസില്‍ ഒരു യമണ്ടന്‍ നാറ്റമുണ്ടെന്ന് അറിയാമെന്നല്ലാതെ അത് ബാക്ക് ബെഞ്ചില്‍ നിന്നാണെന്നോ പ്രവീണില്‍ നിന്നാണെന്നോ ക്ലാസിലെ ഭൂരിപക്ഷത്തിനും അറിഞ്ഞുകൂടാ.

പണ്ട് അമ്മ അടുപ്പത്ത് ബീഫ് വേവിക്കുന്നത് സ്കൂളില്‍ നിന്നേ തിരിച്ചറിയാന്‍ സഹായിച്ചിരുന്ന അതേ ഘ്രാണശക്തി തന്നെയാവണം നാറ്റത്തിന്റെ സ്രോതസ് പ്രവീണ്‍ തന്നെയാണെന്ന് തിരിച്ചറിയാന്‍ തന്നെ സഹായിച്ചത്.

‘വിത്ത് ഗ്രേറ്റ് പവര്‍ കംസ് ഗ്രേറ്റ് റെസ്പോണ്‍സിബിലിറ്റീസ്!’

താന്‍ കുറച്ച് കൂടി ഉത്തരവാദത്തോട് കൂടി പെരുമാറേണ്ടിയിരിക്കുന്നു.

‘എന്തടിസ്ഥാനത്തിലാണ് നാറ്റക്കേസിലെ പ്രതി ഈയിരിക്കുന്ന മിസ്റ്റര്‍ പ്രവീണ്‍ തന്നെയാണെന്ന് നിങ്ങളുറപ്പു വരുത്തിയത്?

ആയിരം കുറ്റവാളികളെക്കുറിച്ചും ഒരു നിരപരാധിയെക്കുറിച്ചും പ്രതിപാദിക്കുന്ന ലോ പോയിന്റുകളൊക്കെ നിങ്ങള്‍ മറന്നു പോയോ മിസ്റ്റര്‍ അതുല്‍ സാര്‍?

ഇനിയിവന്‍ കുറ്റക്കാരന്‍ ആണെങ്കില്‍ തന്നെ ഇവന്റെ പേര് പരസ്യമായി പുറത്തു വിടാമോ?
ഈ ക്ലാസിലെ പിന്നീടുള്ള ഇവന്റെ ഭാവിയെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചോ മിസ്റ്റര്‍?
’

അതുല്‍ സാറിനുള്ളില്‍ നിന്നും പുറത്ത് ചാടിയ അഡ്വക്കേറ്റ് മുകുന്ദനുണ്ണി സാറിന്റെ കീശയിലേക്ക് ആഞ്ഞൂതി.

തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ നിസ്സാരസംഭവങ്ങള്‍ തനിക്കും സഹപാഠികള്‍ക്കും ചാര്‍ത്തിത്തന്ന ഇരട്ടപേരുകള്‍ തേച്ചിട്ടും മായ്ച്ചിട്ടും പോകാതെ കിടന്നത് സാര്‍ ഓര്‍ത്തെടുത്തു.

‘അരുതരുതുണ്ണീ, പാടില്ല’
സാറിനു ബോധോദയം ഉണ്ടായി.

“ഒന്നുമേ ഇല്ല പ്രവീണ്‍, നീ ഉന്‍ വേലയെപ്പാര്”
പ്രവീണിന് ക്ലീന്‍ ചിറ്റ് നല്‍കി സാര്‍ തിരിച്ചു നടന്നു.

“സാര്‍, ആനാ സെമ്മ നാറ്റം അടിക്കത്...”
കവിഭാരതി അടങ്ങിയില്ല.

“വാട്ട് നാറ്റം ആര്‍ യൂ ടോകിംഗ് എബൌട്ട്‌ മിസ്‌ കവി? ഇക്ക്ലാസിലെ ബാക്കിയുള്ളവര്‍ക്കൊന്നും കിട്ടുന്നില്ലല്ലോ ഈ നാറ്റം. മിണ്ടാണ്ട് പോയ്ക്കോണം”

നാറ്റം വെറും മാധ്യമസൃഷ്ടിയാണെന്ന് വരുത്തിതീര്‍ത്ത് അതുല്‍ സാര്‍ തിരിച്ചു നടന്നു.

ബാക്ക് ബെഞ്ചിലെ നാറ്റക്കേസ് ഒരു ദിവസം കൊണ്ട് കെട്ടടങ്ങുമെന്ന് ഉറച്ചു വിശ്വസിച്ച സാര്‍ വീണ്ടും ജാലിയന്‍ വാലാ ബാഗിലേക്ക് കടന്നു.

എന്നാല്‍ സാറിനു പാടെ തെറ്റിയിരുന്നു!

പിറ്റേന്ന് ഉച്ചയ്ക്ക് വാഗണ്‍ ട്രാജഡി നടക്കുമ്പോഴും അതേ നാറ്റം പറന്നു വന്നു.

ഒടുവില്‍ ഉപ്പു സത്യാഗ്രഹവും കഴിഞ്ഞ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോഴും നാറ്റം ക്ലാസ് വിട്ടു പോയിരുന്നില്ല.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് ക്ലാസിലെ ഓരോരോ ബെഞ്ചുകളെയായി കീഴടക്കാന്‍ തുടങ്ങി.

എവിടെ നിന്ന് തുടങ്ങുന്നെന്നോ എവിടെ അവസാനിക്കുന്നെന്നോ തിരിച്ചറിയാനാകാത്തവിധം സര്‍വ്വവ്യാപിയായി മാറിയ മിസ്റ്റര്‍ നാറ്റം അതുല്‍ സാറിന്റെ ക്ലാസിനെ പുതച്ചു മൂടി.

ക്ലാസിന്റെ അന്തരീക്ഷം തന്നെ മാറി.

പലയിടങ്ങളിലായി ചെറു സംഘങ്ങള്‍ അടക്കം പറഞ്ഞു ചിരിക്കാന്‍ തുടങ്ങി.

സംശയത്തിന്റെ കണ്ണുകള്‍ ക്ലാസിലുടനീളം നീണ്ടു.

എന്നും കുട്ടിക്കൂറ പൌഡര്‍ ഇട്ടു വരുന്ന നവീന്‍ രാജനും തിളങ്ങുന്ന ചെരിപ്പ് ധരിച്ചു വരുന്ന പവിത്രയും നാറ്റത്തിനെതിരെ കൊടിയും പിടിച്ചു രംഗത്തെത്തി.

“സര്‍. ഫുള്‍ ബാഡ് സ്മെല്‍ കമിംഗ് സാര്‍”
സാര്‍ കുടുങ്ങി!

‘മൂക്കടച്ചു പിടിച്ച് നാറ്റമില്ല’ എന്ന് പറഞ്ഞു രക്ഷപെടാന്‍ ഇനി പറ്റില്ല.
നാറ്റത്തിനൊരു മാറ്റം അനിവാര്യമായിരിക്കുന്നു.
’
അതുല്‍ സാര്‍ മനസ്സിലുറപ്പിച്ചു.

ബുദ്ധിമാനും സര്‍വതന്ത്രപരിജ്ഞാനിയുമായി ജനിച്ച അതുല്‍ സാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി വിലകൂടിയ പെര്‍ഫ്യൂമുകള്‍ വാങ്ങി പിറ്റേന്ന് ക്ലാസില്‍ തിരിച്ചെത്തി.
ഉച്ചയൂണ് കഴിഞ്ഞ് മിസ്റ്റര്‍ നാറ്റം പുറത്തുചാടിയതും സാര്‍ സുഗന്ധത്തില്‍ അവനെ മുക്കികൊല്ലാന്‍ ശ്രമിച്ചു.

നോ രക്ഷ!!
നാറ്റം പെര്‍ഫ്യൂമുകളെയെല്ലാം മലര്‍ത്തിയടിച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു.
അനന്തമെന്നു തോന്നിച്ച കണ്‍ഫ്യൂഷനിലേക്ക് വഴുതി വീണ സാര്‍ പ്രവീണിനെ നോക്കി.

പ്രവീണ്‍ ശാന്തനാണ്.

തന്റെ നിക്കറില്‍ നിന്നുത്ഭവിച്ച ചുഴലിക്കാറ്റിനു നടുവില്‍ ഒരു യോഗിയുടെ അച്ചടക്കത്തോട്‌ കൂടി അവന്‍ മൂക്കളയൊലിപ്പിച്ചു നില കൊണ്ടു.

മൂന്നു ചോദ്യചിഹ്നങ്ങള്‍ സാറിന്റെ മനസ്സില്‍ മുളച്ചു വന്നു.

‘1. എന്നും ഉച്ചയ്ക്ക് ശേഷം കക്ഷിയുടെ നിക്കറില്‍ നിന്നും തീക്ഷ്ണമായ മണം പുറപ്പെടുന്നുണ്ടെങ്കില്‍ ഇവന്‍ അത് അറിയാതിരിക്കില്ലല്ലോ?

2. ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ ഇവന് എന്റടുത്ത് ഒരു വാക്ക് ചോദിച്ചാല്‍ പോരേ, ഞാന്‍ വിടുമല്ലോ!

3. ഇത്രയ്ക്കും അണ്‍സഹിക്കബിള്‍ മണവും സഹിച്ചു ഇവന്‍ ക്ലാസില്‍ ഇരിക്കുന്നത് എങ്ങനെയാണ്?
’

അദ്ധ്യാപകന്‍ തല പുകച്ചു.

അപ്പോഴാണ്‌ സാറിന്‍റെ മനസ്സില്‍ ഒരു വിദൂരസാധ്യത തെളിഞ്ഞു വന്നത്.
‘ഇവന് കഠിനമായ ജലദോഷം ആയിരിക്കണം.

കറിവേപ്പിലയുടേയും കരി മരുന്നിന്റെയും മണങ്ങള്‍ പോലും ഇവനു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടാവില്ല.
’

‘യെസ്!!! അത് തന്നെ സംഗതി.
അങ്ങനെയാണെങ്കില്‍ IV B ക്ലാസില്‍ മാലപ്പടക്കം പോലെ പൊട്ടുന്ന ചിരി തന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കുമ്പോ എന്തൊരു ഷോക്കായിരിക്കും പാവത്തിന്!
അതുല്‍ സാര്‍ ഞെട്ടലോടെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു.

‘ആദ്യദിവസം എന്തായാലും സംഗതി ക്ലാസിനു മുന്നില്‍ ഉറക്കെ വിളിച്ചു കൂവി മൂപ്പരുടെ വികാരം വ്രണപ്പെടുത്താതിരുന്നത് എത്ര നന്നായി!
എന്ത് വില കൊടുത്തിട്ടാണെങ്കിലും പ്രവീണിനെ ഈ രഹസ്യം അറിയിച്ചേ തീരൂ.
’
സാറിന്റെ ലോലമനസ്സ് പിടഞ്ഞു.

ക്ലാസിലെ ഒരു കുഞ്ഞു പോലും അറിയാതെ പ്രവീണിനെ തനിയെ മാറ്റിനിര്‍ത്തി സത്യം വെളിപ്പെടുത്താനും ക്ലാസിലെ നാറ്റക്കേസിനു ഒരു അറുതി വരുത്താനും സാര്‍ തീരുമാനമെടുത്തു.

പിറ്റേന്ന് ഉച്ച മയങ്ങിയ നേരം.

സാര്‍ ബോര്‍ഡില്‍ നിറയെ ഗുണനചോദ്യങ്ങള്‍ വിതറിയിട്ടിരിക്കുന്നു.
കുട്ടിപ്പസങ്കകളില്‍ മിക്കവരും ചോദ്യങ്ങളുടെ ഉത്തരം കണക്കു കൂട്ടുന്ന തിരക്കിലാണ്.

വ്യക്തമായ ചില കണക്കുകൂട്ടലുകളുമായി അതുല്‍ സാര്‍ പ്രവീണിനെ കൈ ചൂണ്ടി വിളിച്ചു.

“പ്രവീണ്‍... ഒന്നിങ്കെ വാ”
പെന്‍സിലുകളെക്കൊണ്ട് സര്‍ക്കസഭ്യാസം നടത്തിക്കൊണ്ടിരുന്ന പ്രവീണ്‍ ആ പണി നിര്‍ത്തി മനസ്സില്‍ കണക്കു കൂട്ടുമ്പോലെ അഭിനയിച്ചു.

സാര്‍ ഒന്ന് കൂടി വിളിച്ചു.

“ഡായ്‌ പ്രവീണ്‍ കുമാര്‍, ഇങ്ക വാ എന്ന്”
ചെറിയൊരു കള്ളലക്ഷണത്തോടെ കക്ഷി മെല്ലെ തല പൊക്കി നോക്കി.

“വാട്ട് സാര്‍?”

“നീ ആദ്യം ഇങ്കെ വാ. ബാക്കിയെല്ലാം ഞാന്‍ ഇവിടെ വന്നിട്ട് പറയാം”
സാര്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

ക്ലാസില്‍ ഒരു അല്‍ഗുലു സീനുണ്ടാക്കാതെ പ്രവീണിനെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിക്കാന്‍ ആയിരുന്നല്ലോ സാറിന്റെ പ്ലാന്‍.

പ്രവീണ്‍, പക്ഷെ, അവിടെ നിന്നും അനങ്ങിയില്ല!

എന്ന് മാത്രമല്ല അവന്‍ കണക്കു കൂട്ടല്‍ നിര്‍ത്തി പെന്‍സിലിലെ കസര്‍ത്ത് തുടരാനും ആരംഭിച്ചു.
സാറിനു കലി വന്നു.

“പ്ര..വീ...ണ്‍ കുമാ..ര്‍, നാന്‍ സൊന്നത് കേക്കലയാ നീ? ”

സാര്‍ ശബ്ധമുയര്‍ത്തിയതും ക്ലാസിന്റെ ശ്രദ്ധ മുഴുവന്‍ പ്രവീണിലേക്കായി.
കാണിച്ചത് മണ്ടത്തരമാണെന്ന് സാറിനു മനസ്സിലായി.

മെല്ലെ സീറ്റില്‍ നിന്നും എഴുന്നേറ്റ പ്രവീണ്‍ സാറിനു നേര്‍ക്ക് സ്ലോ മോഷനില്‍ നടന്നു വരാന്‍ തുടങ്ങി.

ഇത് കണ്ട സന്തുഷ്ടനായ അതുല്‍ സാര്‍ ക്ലാസിന്റെ മുഖ്യധാരയില്‍ നിന്ന് മാറി മൂലയ്ക്ക് ഒരു കസേര ഇട്ടു ഇരുന്നു.
പ്രവീണിന് ഇരിക്കാനായി ഒരു ചെറിയ കസേര സാര്‍ പക്കത്തിലും പ്രതിഷ്ടിച്ചു.

കക്ഷി ഒലിച്ച് വന്ന മൂക്കള ഷര്‍ട്ടില്‍ തുടച്ചു കൊണ്ട് വരുന്നുണ്ട്.

‘തന്റെ നിഗമനം വളരെ കറക്റ്റ് ആണ്.കഠിനമായ ജലദോഷത്താല്‍ ഇവന്റെ മൂക്കിന്‍റെ ഫ്യൂസ് അടിച്ചു പോയിരിക്കുന്നു.

ഇവന്‍ കസേരയില്‍ വന്നു ഇരുന്നയുടന്‍ പതിഞ്ഞ ശബ്ദത്തില്‍ കാര്യങ്ങളുടെ ഗൌരവം ഇവനെ പറഞ്ഞു മനസ്സിലാക്കണം.

‘ഈ ഉച്ചയൂണിനു ശേഷം ക്ലാസിനെ സുഗന്ധപൂരിതമാക്കുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ’ എന്ന് താഴ്മയോടെ അപേക്ഷിക്കണം’

പ്രവീണ്‍ പാതി വഴിയെത്തി നിശ്ചലനായി.

“എന്നാച്ച് പ്രവീണ്‍? ഇങ്ക വന്ത് ഉക്കാറ്”
സാര്‍ പ്രവീണിനെ തന്റെ അരികിലേക്ക് ക്ഷണിച്ചു.

“മാട്ടെ സാര്‍”
പ്രവീണ്‍ ക്ഷണം തൂക്കി ഒരേറു കൊടുത്തു.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അതുല്‍ സാര്‍ വണ്ടറടിച്ചു നിന്നു.

“മാട്ടെയാ?. ഏന്‍ ഉക്കാറമാട്ടെ?”
സര്‍ അസ്വസ്ഥനായി ചോദിച്ചു.

“ഉക്കാറമാട്ടെ സാര്‍!!!”

സാര്‍ നിരാശനായി.

“എടാ, അതെന്താ നിനക്ക് ഇവിടെ വന്നിരിക്കാന്‍ പറ്റില്ലാത്തത് എന്ന്?!!!”
സാറില്‍ നിന്നും ഏതാനും അടി ദൂരെ മാറിനില്‍ക്കുന്ന പ്രവീണിനെ നോക്കി സാര്‍ ശബ്ദമുയര്‍ത്തി.

“സുമ്മാ സാര്‍”
കണക്കിന്റെ പ്രശ്നങ്ങളെ അതിന്റെ വഴിക്ക് വിട്ട് ക്ലാസ്, പ്രവീണിനെയും സാറിനെയും മാത്രം ശ്രദ്ധിക്കുകയാണെന്നറിഞ്ഞ സാര്‍ വല്ലാതായി.
ഇനിയെങ്ങനെ സ്വകാര്യമായി ആ രഹസ്യം വെളിപ്പെടുത്താനാണ്?!!!

എന്ത് ചെയ്യണമെന്നറിയാതെ സാര്‍ വിഷമിച്ചുനില്‍ക്കെ പ്രവീണ്‍ കുമാര്‍ മെല്ലെ ചിരിച്ചു തുടങ്ങി.

സാറിനു ടെന്‍ഷനേറി.

“ലുക്ക് മിസ്റ്റര്‍ പ്രവീണ്‍, നിന്നോട് എന്റടുത്ത് ഈ കസേരയില്‍ വന്നിരിക്കാന്‍ പറ്റില്ലാത്തത് എന്ത് കൊണ്ടാണെന്നാണ് ചോദിച്ചത്, അതിന് വൈ ആര്‍ യൂ ലാഫിംഗ്?”

പ്രവീണിന്റെ ചിരി പൊട്ടിച്ചിരിയിലേക്ക് വഴി മാറുന്നത് കണ്ട്, സാര്‍ അടി കൊടുത്ത ചൂരല്‍ പോലെ നിന്ന് വിറച്ചു
.
‘അഹങ്കാരത്തിനും ഒരു പരിധിയില്ലേ!’

പ്രവീണിനെ ചൂഴുന്ന ആ രഹസ്യം പരസ്യമായി തന്നെ അവനോട് വെളിപ്പെടുത്താന്‍ സാര്‍ തീരുമാനിച്ചു.
ഇതിന്റെ പേരില്‍ ഇനിയെന്ത് തന്നെ സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ല.

“പ്രവീണ്‍ കുമാര്‍, ഈ ക്ലാസ് മൊത്തം കുടുകുടാ ചിരിക്കുന്നതിനെന്തിനാനെന്നു തെരിയുമാ ഉനക്ക്?”

“തെരിയും സര്‍”
സാര്‍ ഞെട്ടി.

‘എല്ലാം അറിഞ്ഞിട്ടാണോ ഇവന്റെ ഈ അഭിനയം മുഴുവന്‍!’

സാര്‍ മണ്ടനെപ്പോലെ ചോദിച്ചു.
“ഓഹോ. എന്നാല്‍ കേള്‍ക്കട്ടെ. എന്തിനാ ചിരിക്കുന്നത്?”

ക്ലാസ് മുഴുവനും പ്രവീണിന്റെ മറുപടിക്കായി കാതോര്‍ത്തു.

സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ധതയിലേക്ക് പ്രവീണ്‍ ഒരു ഭീമാകാരന്‍ ബോംബിട്ടു പൊട്ടിച്ചു.

“ഉങ്ക പാന്റിലെ ഇരുന്ത് സെമ്മാ നാറ്റം അടിക്കത് സാര്‍. ഉങ്ക പക്കത്തിലെ വന്ത് ഉക്കാറവേ മുടിയിലയെ സാര്‍.”

മൂക്ക് പൊത്തി കണ്ണ് ചുളിച്ച് അതുല്‍ സാറിനെ നോക്കി പ്രവീണ്‍ പറഞ്ഞ മറുപടി കേട്ട് ക്ലാസ് പൊട്ടിച്ചിരിച്ചു.

“ഡേയ്!!!”
അതുല്‍ സാര്‍ പൊട്ടിത്തെറിച്ചു.

“ഇത് പാരുങ്കെ സാര്‍. ഉങ്കളെ പാത്തു താന്‍ ഇവങ്കെയെല്ലാരുമേ സിരിക്കറുത്”
ആര്‍ത്തുചിരിക്കുന്ന ക്ലാസിനെ ചൂണ്ടിക്കാണിച്ച് പ്രവീണ്‍ കൂളായി പറഞ്ഞു.

സാര്‍ ഞെട്ടി !
മാടംപിള്ളിയിലെ ആ മനോരോഗി ഇനി ശരിക്കും താനാണോ!
നാളിതുവരെ ക്ലാസിനെ അടക്കിവാണ ആ അലോസരപ്പെടുത്തുന്ന വായു കണികകളുടെ പ്രഭവസ്ഥാനം താനായിരുന്നെന്നോ!

പകച്ചു പോയ അതുല്‍ സാര്‍ തന്നെത്തന്നെ ഒന്ന് ആഞ്ഞു മണത്തു.

ഇല്ല.
നാറ്റമൊന്നും തന്നെയില്ല.

അലക്കിതേച്ച കുട്ടപ്പന്‍ ഷര്‍ട്ടില്‍ നിന്നും പാന്റില്‍ നിന്നും രാവിലെ പൂശിയ നല്ല സുന്ദരന്‍ സ്പ്രേയുടെ സുഗന്ധം മാത്രമേ വരുന്നുള്ളൂ.

‘പിന്നെന്തിനാണിവന്‍?..?..?’

പ്രവീണ്‍ കുമാര്‍ ക്ലാസിനു മുന്നില്‍, തന്നെ നല്ലൊന്നാന്തരം ബ്ലഡിഫൂളാക്കി മാറ്റിയതാണെന്ന് തിരിച്ചറിഞ്ഞ അതുല്‍ സാര്‍ അരിശം കൊണ്ട് ഒരു അഗ്നിപര്‍വതം ആയി മാറി പുകഞ്ഞു തുടങ്ങി.

‘എടാ എടാ മണ്ടന്‍കൊണാപ്പീ.. നീയെന്നെ കൂടുതല്‍ മണ്ടനാക്കല്ലേഡാ’ എന്ന ഭാവത്തോടെ സാര്‍ പ്രവീണിന് നേര്‍ക്ക് ഓടിയടുത്തു.

അതുല്‍ സാറിനെ മനോഹരമായി ട്രോളിയതില്‍ സംതൃപ്തനായ മിസ്റ്റര്‍ പ്രവീണ്‍ കുമാര്‍ ചുണ്ടിലൊരു ചെറുചിരിയും കണ്ണുകളില്‍ വിജയഭാവവും നിക്കറില്‍ കാത്തു സൂക്ഷിച്ചു വെച്ച നാറ്റത്തിന്റെ ഉത്തരവാദിത്തവുമായി ഇതിനോടകം സീറ്റിലേക്ക് നടന്നു തുടങ്ങിയിരുന്നു.

ഒന്നും ഒന്നും?

“ ടെക് യുവര്‍ നോട്ട്ബുക്ക് ആന്‍ഡ്‌കോപ്പി ദിസ്‌ ഡൌണ്‍! ” തലേന്ന് പഠിപ്പിച്ച സൌരയൂഥത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ബോര്‍ഡില്‍ എഴുത...