“ഇല്ല സാര്‍, ഞാനല്ല സാര്‍”
തട്ടിമറിഞ്ഞു കിടന്നു ബോട്ടിലിനെ സാക്ഷി നിര്‍ത്തി പ്രവീണ്‍ കൈ മലര്‍ത്തി.
തട്ടിമറിഞ്ഞു കിടന്നു ബോട്ടിലിനെ സാക്ഷി നിര്‍ത്തി പ്രവീണ്‍ കൈ മലര്‍ത്തി.
“പ്രവീണ്‍ അല്ലെന്ന് എനിക്കുറപ്പാണ് സാര്‍”
പിന്തുണയുമായി ദേവകുമാര്‍ രംഗത്തെത്തി.
“ഈ കാര്‍ത്തിക്കാണ് സാര്‍. ഇവന്‍ തട്ടിമറിച്ചിട്ട് പോകുന്നത് ഞാന്‍ എന്റെ ഈ കണ്ണ് കൊണ്ട് കണ്ടതാ”
ലാസ്റ്റ് ബെഞ്ചില്‍ നടന്ന സംഭവം ഫസ്റ്റ് ബെഞ്ചില്‍ നിന്നേ വ്യക്തമായി കണ്ട ആകാശ് ഓടിയെത്തി.
“നീ പാത്തിയാ? നീ പാത്തിയാ? അയ്യയ്യോ എവളോ പോയ് പുളുവുത് സര്‍.”
എന്ന് ആക്രോശിച്ചു കാര്‍ത്തിക്ക് ഓടിയടുക്കവേ, രംഗം കലുഷിതമാകുന്നതിനു മുന്നേ എല്ലാരേം പിടിച്ചു മാറ്റി അതുല്‍ സാര്‍ എന്ന ഞാന്‍ മാതൃകയായി.
ക്ലാസിന്റെ മൂലയിലൊരു നിലവിളി ശബ്ദം, മുന്‍ബെഞ്ചിലേക്ക് പറന്നു വരുന്ന പലേ വലിപ്പത്തിലും നിറത്തിലുമുള്ള പെന്‍സിലുകള്‍ , തനിയെ തട്ടി മറിഞ്ഞു ഉള്ളിലുള്ളതെല്ലാം പുറത്താക്കുന്ന വാട്ടര്‍ ബോട്ടിലുകള്‍- ക്ലാസിലെ ചുരുളഴിയാത്ത രഹസ്യങ്ങളുടെ പട്ടിക അനുദിനം നീണ്ടു വന്നു.
തെളിവുകള്‍ അവശേഷിപ്പിക്കാതെ കുറ്റകൃത്യങ്ങള്‍ വൃത്തിക്ക് ചെയ്തു തീര്‍ക്കുന്ന ബെര്‍മുഡ ട്രയാംഗിളിനെ അനുസ്മരിപ്പിക്കും വിധം പോലെ സകല രഹസ്യങ്ങളും ഒരു കുട്ടി ത്രയത്തില്‍ ചെന്ന് വഴി മുട്ടി നിന്നു:
ആകാശ്-പ്രവീണ്‍ - ദേവകുമാര്‍.
ക്ലാസിലെ ആദ്യ ദിനം മുതല്‍ ഞാന്‍ ഇവന്മാരെ നോട്ടം ഇട്ടതാണ്. (അതോ ഇവന്മാര്‍ എന്നെയോ).ഈ മൂവരില്‍ ഒരാളെങ്കിലും അറിയാതെ ക്ലാസില്‍ ഒരു കടലാസ് പോലും അനങ്ങില്ല, ഒരു പെന്‍സില്‍ കൂടി പറക്കില്ല. ക്ലാസിലെ പോക്രിത്തരങ്ങള്‍ മൊത്തമായും ചില്ലറയായും ഏറ്റെടുത്തിരിക്കുന്ന ഈ കുട്ടിഗുണ്ടാസംഘത്തെക്കുറിച
ഹിയര്‍ ഐ ബിഗിന്‍.
ആകാശ് തോട്ടിക്കോലു പോലെ നീണ്ടിട്ടാണ്. ആറാം ക്ലാസില്‍ പഠിക്കേണ്ട പ്രായവും പോക്രിത്തരവും ഉണ്ടെങ്കിലും രണ്ടാം ക്ലാസിലെ ഇംഗ്ലീഷും കണക്കും കൂടി ആകാശിന് അന്യഗ്രഹജീവികളാണ്. മൂക്കത്താണ് ശുണ്‍ഠി . ടീച്ചര്‍മാരെയെന്നല്ല, ആരെയും തന്നെ തന്റെയീ പത്തു വര്‍ഷത്തെ സംഭവബഹുലമായ ജീവിതത്തില്‍ ആകാശ് മനസ്സറിഞ്ഞു ബഹുമാനിച്ചിട്ടുണ്ടെന്നു തോന്നുന്നില്ല.
പ്രവീണ്‍ കുഞ്ഞനാണ്. ഇവന്‍റെ പൊക്കമില്ലായ്മയും ഓമനത്തവും കണ്ട് ഒരു ശരാശരി ടീച്ചറിന് ഇവന്‍ ഒരു നിഷ്കളങ്കനായ പിഞ്ചുബാലനായി തോന്നാമെങ്കിലും പ്രവീണ്‍ എന്ന സത്യം അതില്‍ നിന്നും എത്രയോ വിദൂരമാണ്; വിപ്ലവാത്മകവും വിജ്രംഭിച്ചതുമാണ്!
ഇടഞ്ഞാല്‍ ശകാരവര്‍ഷങ്ങള്‍ ചൊരിയുന്ന, മൂക്ക് ചതക്കുന്ന ഉശിരന്‍ പഞ്ച് നല്‍കുന്ന അണുബോംബിന്‍റെ പ്രഹരശേഷിയുള്ള അമാനുഷന്‍ - അതാണ് ക്ലാസിലെ ആദ്യ ആഴ്ചകളിലെ കാഴ്ചകളില്‍ നിന്നും ഞാന്‍ കണ്ട പ്രവീണ്‍.
മൂന്നാമനനായ ദേവകുമാര്‍ ഒരു ശരാശരി നാലാം ക്ലാസ് പൊക്കക്കാരനാണ്. മറിച്ചു ചിന്തിച്ചാല്‍, പൊക്കത്തില്‍ മാത്രമേ അവന്‍ ശരാശരി ആയിരുന്നുള്ളൂ എന്ന് വേണം പറയാന്‍.
അസാമാന്യമായ വാക്ച്ചതുരി കൊണ്ട് ‘ആന’യെ ‘പട്ടി’യും, ‘ബോബ് മാര്‍ലിയെ’ ‘തമിഴ്നാട്ടിലെ നാടന്‍പാട്ട് കലാകാരനും’ ആക്കുന്ന മാന്ത്രികനാണ് ദേവകുമാര്‍. (അതെപ്പറ്റി ഇനിയൊരു പോസ്റ്റില്‍).
കായികാഭ്യാസങ്ങളില്‍ ബഹുമിടുക്കന്‍.
ഇടിച്ചു താഴെയിട്ട പല്ലുകള്‍ നിറച്ചു വെക്കാന്‍ ഹോര്‍ലിക്സ് കുപ്പികള്‍ തേടുന്ന ഒരു കുഞ്ഞു മംഗലശ്ശേരി കാര്‍ത്തികേയന്‍.
മുടിഞ്ഞ സിനിമാപ്രാന്തനും ക്ലാസിലെ ഒന്നാം നമ്പര്‍ ‘ടപ്പാന്‍കുത്ത്’ പ്രേമിയും ആരെയും കൂസാത്തവനും, തള്ളിലും തല്ലിലും കഴിവ് തെളിയിച്ചവനുമായ ദേവകുമാര്‍ അങ്ങനെ സ്വാഭാവികമായും, ക്ലാസിലെ മൂവര്‍ സംഘത്തിന്‍റെ തലയും അതുല്‍ സാറിന്‍റെ തലവേദനയും ആയി മാറിക്കൊണ്ടിരുന്നു.
ഒരു സിനിമയാക്കഥയിലെ നായകനെപ്പോലെ ദേവകുമാറിന്റെ പ്രീതി ക്ലാസില്‍ വര്‍ധിച്ചു വരുന്നത് സാര്‍ മനസ്സിലാക്കി. ഇതൊന്നും അറിയാത്തവണ്ണം ദേവകുമാറും അവന്‍റെ ചോട്ടാ ഗുണ്ടാ സംഘവും ക്ലാസിലെ മര്‍മപ്രധാനമായ വിവിധ മൂലകളില്‍ ഇരുന്ന് നിഷ്കളങ്കമായി ചിരിച്ച് അതുല്‍ സാറിനെ ആപ്പിലാക്കാനുള്ള പുതിയ തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടേയിരുന്നു.
അങ്ങിനെയൊരു ഉച്ചനേരം.
അതുല്‍ സാര്‍, പുള്ളാര്‍ക്ക് പകര്‍ത്തിയെഴുതാനുള്ള നോട്ട് ബോര്‍ഡില്‍ എഴുതിനിറക്കവേ എവിടെ നിന്നോ ഒരു ‘ആലുമാ ഡോലുമ’ പാട്ട് ഒഴുകി വരുന്നു.
അതുല്‍ സാര്‍ തിരിഞ്ഞു നോക്കി.
ദേവകുമാറാണ്.
സാറിനു കലി വന്നു.
“ദേവകുമാര്‍ ഇങ്കെ വാ”
“എന്ന സാര്‍?”
‘അതീവ ശ്രദ്ധയോടെ പഠിച്ചു കൊണ്ടിരുന്ന തന്നെ ശല്യപെടുത്തിയത് എന്തിനാണാവോ’ എന്ന മട്ടില്‍ ദേവകുമാര്‍ ആരാഞ്ഞു.
“ക്ലാസേടുക്കുമ്പോഴാണോഡാ നിന്റെ പാട്ട് ?”
സാര്‍ ചോദിച്ചു.
“നമ്മ തലാ പാട്ട് സാര്‍”
സ്വതസിദ്ധമായ ശൈലിയില്‍ ആംഗ്യവിക്ഷേപങ്ങളോടെ ദേവകുമാര്‍ മൊഴിഞ്ഞു.
“എന്ത് മാങ്ങാത്തൊലിപാട്ടാണെങ്കിലു
സാര്‍ നയം വ്യക്തമാക്കി.
“ഓക്കേ സര്‍. ഇനിമേല്‍ പാടമാട്ടെ സാര്‍.”
എല്ലാം മനസ്സിലായ മട്ടില്‍ തലയാട്ടി ദേവകുമാര്‍ തിരിച്ചു നടന്നു.
“ഹ്മം..പയ്യന്‍ വിരണ്ടു പോയി” എന്ന് കരുതി മന്ദഹസിച്ച് ബോര്‍ഡിലേക്ക് തിരിഞ്ഞ് അതുല്‍ സാര്‍ എഴുത്ത് തുടരവേ, അതാ, ക്ലാസില്‍ ഒരു പൊട്ടിച്ചിരി.
തിരിഞ്ഞു നോക്കിയപ്പോ ദേവകുമാര്‍ ക്ലാസിനു നടുവില്‍ നിന്ന് നല്ല അസ്സലായി ‘ടപ്പാന്‍ കൂത്ത്’ കളിക്കുന്നു. ക്ലാസെടുക്കുമ്പോ പാട്ട് പാടരുത് എന്നല്ലേ പറഞ്ഞിട്ടുള്ളൂ; ഡാന്‍സ് കളിക്കാമല്ലോ!
വാലിനു തീ കൊടുത്ത് പാഞ്ഞു പോകുന്ന ജെറിയെക്കണ്ട ടോമിനെപ്പോലെ ദേഷ്യം കൊണ്ട് അതുല്‍ സാറിന്റെ ദേഹമാകെ ചുവന്നു. ചുവന്നു തുടുത്ത ചെവിയില്‍ നിന്നും ‘കുമു കുമാ’ പുക വരാന്‍ തുടങ്ങി.
“ദേവകുമാര്‍”
ദേവകുമാറിനെ ചട്ടിയില്‍ ഇട്ടു വറുത്തു മട്ടന്‍ ചാപ്സ് ആക്കാനുള്ള ദേഷ്യത്തില്‍ സാര്‍ അലറി.
പഴയ ഡി ഡി മെട്രോയിലെ നിലയ്ക്കാത്ത ഇരപ്പ് പോലെ ക്ലാസിലെ ചിരി തുടരുകയാണ്. അസഹനീയമായ നിഷ്കളങ്കത മുഖത്ത് വരുത്തി ദേവകുമാര്‍ മൊഴിഞ്ഞു.
“എന്ന സാര്‍, ഞാന്‍ പാട്ട് നിര്‍ത്തിയല്ലോ സാര്‍, സാര്‍ പറഞ്ഞ പോലെ ഞാന്‍ സീറ്റില്‍ പോയി ഉക്കാറട്ടുമാ, സാര്‍ ?”
‘ഇത് എന്നെ ഉദ്ദേശിച്ചാണ്, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ്.’
സാറിന്റെ ദേഷ്യം റോക്കറ്റ് കണക്കെ കുതിച്ചുയര്‍ന്നു,
“ഇങ്കെ വാ.” സാര്‍ ആജ്ഞാപിച്ചു
.
“എന്നാ സാര്‍?” തലാ സ്ടയിലില്‍ കൂളായി നടന്നു വന്ന് ദേവകുമാര്‍ ആരാഞ്ഞു.
അന്തരീക്ഷത്തില്‍ നിന്ന് ഒരു പിടി ക്ഷമ വീണ്ടെടുത്ത് സാര്‍ ചോദിച്ചു.
“ക്ലാസില്‍ എപ്പടി നടക്കണംന്ന് ഉനക്ക് പുരിയിലയാ?”
“എപ്പടി സാര്‍?”
!!!
ദേവകുമാര്‍ തന്നെ വീണ്ടും ബ്ലഡി ഫൂളാക്കുന്നു. ഒന്‍പത് വയസ്സുള്ള ഈ പീക്കിരിപ്പയ്യന്‍ മഹാനായ അതുല്‍ സാറിനെ കുരങ്ങു കളിപ്പിക്കുന്ന ഈ പരിപാടി ഇനിയും തുടരാന്‍ അനുവദിച്ചു കൂടാ.
“നീ ഉക്കാറ വേണ്ടാ. ഇങ്കയെ നില്ല്!”
കോപാക്രാന്തനായി ദേവകുമാറിനെ ചുവരിനോട് ചേര്‍ത്ത് നിര്‍ത്തി അപ്പടിയേ നില്‍ക്കാന്‍ ആജ്ഞാപിച്ച് അതുല്‍ സാര്‍ കുലുങ്ങി ചിരിക്കുന്ന ക്ലാസിനു നേരെ തിരിഞ്ഞു.
ക്ലാസ്സില്‍ ഇന്ത്യാ പാക്കിസ്ഥാന്‍ ക്രിക്കറ്റ് മാച്ച് നടക്കുകയാണ്.
സ്റ്റാര്‍പ്ലെയര്‍ ദേവകുമാര്‍ ഫാന്സിനെക്കൊണ്ട് ഗാലറി നിറഞ്ഞിരിക്കുന്നു. തന്ത്രപ്രധാനമായ രണ്ടു സ്ഥാനങ്ങളില്‍ നിലയുറപ്പിച്ച ആകാശും പ്രവീണും ‘കയ്യടി, കൂക്കുവിളി' മുതലായ കലാപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ടായിരുന്നു.
അതുല്‍ സാറിന്റെ കിളി പോയി!!
വിഷണ്ണനായി, വിഷാദനായി സാര്‍ അങ്ങനെ നിന്നു.
എന്നിട്ടും, തന്‍റെ നിസ്സഹായത പ്രകടമാക്കാതെ സാര്‍ ആ എക്സ്ട്രാ അടവ് പുറത്തെടുത്തു.
സാര്‍ ക്ലാസിലേക്കെറിഞ്ഞ തീക്ഷ്ണമായ നോട്ടങ്ങളില്‍ തട്ടിത്തെറിച്ച് പൊട്ടിച്ചിരികള്‍ ദുര്‍ബലമായി, അടക്കിപ്പിടിച്ച ചിരികളായി പരിണമിക്കവേ അതുല്‍ സാര്‍ ആശ്വസിക്കാനൊരുങ്ങി.
അപ്പോഴാണ് നിവേദ അലറിയത്.
“ദേവകുമാര്‍ തിരുംബിയും ഡാന്‍സ് ആടറാ സാര്‍.”
ആ വാക്കുകള്‍ ഒരു ഇടിമിന്നല്‍ കണക്കെ അതുല്‍ സാറിന്‍റെ കാതുകളില്‍ വന്നു പതിച്ചു. പൊട്ടാറായ അഗ്നിപര്‍വതമായി രൂപാന്തരം പ്രാപിച്ച സാര്‍ ദേവകുമാറിന് നേരെ തിരിഞ്ഞു.
ഒന്നും അറിയാത്ത പോലെ കൂളായി അവന്‍ ചോദിച്ചു.
“വാട്ട് സാര്‍?”
ദേവകുമാറിന്‍റെ കുസൃതി കലര്‍ന്ന ചോദ്യം ഒരു മിസ്സൈല്‍ കണക്കെ അതുല്‍ സാറിന്‍റെ നെഞ്ചിനു നേരെ പാഞ്ഞടുത്തു.
സാറിനു അവനെ വറുത്തുതിന്നാനുള്ള ദേഷ്യമുണ്ട്, പപ്പടം പോലെ പൊടിക്കാനുള്ള ദേഷ്യമുണ്ട്,മൂട്ടില്‍ റോക്കറ്റ് വെച്ച് പറത്തി വിടാനും പോസ്റ്ററാക്കി ചുവരില്‍ ഒട്ടിക്കാനുമുളള ദേഷ്യമുണ്ട്.
എങ്കിലും ‘അടി, തൊഴി മുതലായ പരിപാടികളൊന്നും പറ്റൂല്ല’ എന്ന കര്‍ശന TFI നിര്‍ദേശത്തെ മാനിച്ച് അതുല്‍ സാര്‍, ഇതൊന്നുമല്ലാതെ ദേവകുമാറിനു കൊടുക്കാന്‍ പറ്റിയ ഒരു മുട്ടന്‍ പണി ആലോചിച്ചുതുടങ്ങി.
‘കുറച്ചു നേരത്തേക്കെങ്കിലും ഇവന്‍റെ ശല്യമില്ലാത്ത ഒരു ക്ലാസ്’ എന്ന മനോഹരമായ സ്വപ്നം അതുല്‍ സാറിന്‍റെ മനസ്സിലൂടെ ചൂളം വിളിച്ചു കടന്നു പോയി.
ഐഡിയ!
ബെല്ലടിക്കും വരെയുള്ള കുറച്ചു നേരത്തേക്കെങ്കിലും ഈ നൊട്ടോറിയസ് ക്രിമിനലിനെ തളച്ചിടാനുള്ള ഒരു അത്യുഗ്രന്‍ ആശയം സാറിന്റെ മനസ്സില്‍ തെളിഞ്ഞു.
“ഡാ ചെക്കാ ദേവകുമാര്‍. ഇങ്കെ വാ.”
ബോര്‍ഡില്‍ ഒരു വാചകമെഴുതി സാര്‍ ദേവകുമാറിനു നേരെ തിരിഞ്ഞു.
“ഇത് പഠി” അത് വായിക്കാന്‍ സാര്‍ മച്ചാനോട് ആവശ്യപ്പെട്ടു.
“ ഐ വില്‍ സിറ്റ് ഇന്‍ സ്മ, സ്മ , സ്മ...”
വായനയില്‍ മാത്രം അത്ര കണ്ട് നിപുണനല്ലാത്ത ദേവകുമാര്‍ ‘സ്മ’ യില്‍ ചെറുതായൊന്നു പതറി..
“ഐ വില്‍ സിറ്റ് ഇന്‍ സ്മാര്‍ട്ട് പൊസിഷന്‍സ്. – അപ്പടിനാ ഇനി മേല്‍ നാന്‍ നല്ലാ ഉക്കാറും ന്ന്.”
“ഇപ്പോവും നല്ലാ താന്‍ ഉക്കാറേന്‍ സാര്‍” ദേവകുമാര്‍ മൊഴിഞ്ഞു.
“എസ്. ഐ സോ ദാറ്റ്. യൂ റൈറ്റ് ദിസ് ഇന്‍ യുവര്‍ റഫ് നോട്ട് ഫോര്‍ പേജസ് ആന്‍ഡ് കം”
ക്ലാസില്‍ മര്യാദക്ക് ഇരിക്കുംന്നു റഫ് നോട്ടില്‍ നാല് പേജ് എഴുതി വരാന്‍. കര്‍ക്കശനായി അതുല്‍ സാര്‍ ആജ്ഞാപിച്ചു.
ബുഹാഹഹ, ഇത്രയും കാര്യക്ഷമമായ ശിക്ഷാരീതി വിഭാവനം ചെയ്ത തന്റെ ബുദ്ധിശക്തിയില്‍ സാറിനു അപാരമായ അഭിമാനം തോന്നി.
“അപ്പൊ ഞാന്‍ സീറ്റില്‍ പോയിരുന്ന് എഴുതട്ടുമാ സാര്‍?”
സവിനയം ദേവകുമാര്‍ ചോദിച്ചു.
“സീറ്റില്‍ ഉക്കാറന്താല്‍ അവന്‍ ഇനിയും പാട്ട് പാടും സാര്‍”
ക്ലാസിലെ തന്റെ വിദഗ്ദോപദേഷ്ടാവ് മോനിഷ ഈ തീരുമാനത്തിലെ പാളിച്ച ചൂണ്ടിക്കാട്ടി.
കറക്റ്റ് ആണല്ലോ. ഇവനെ സീറ്റില്‍ ഇരുത്തിയുള്ള ഒരു പരിപാടിയും ബുദ്ധിയല്ല. അതിലും മനോഹരമായ ഒരു ആശയത്തിനായി അതുല്‍ സാര്‍ മസ്തിഷ്കം സ്കാന്‍ ചെയ്തു തുടങ്ങി.
കിട്ടിപ്പോയി. അടിപൊളി ഐഡിയ.
വൂഷ്. അതുല്‍ സാര്‍ ബോര്‍ഡില്‍ ഒരു നീണ്ട വര വരച്ചു. വരയ്ക്കിപ്പുറത്തുള്ള ഒരു ചെറിയ കഷ്ണം ദേവകുമാറിനു തീറെഴുതിക്കൊടുത്തു.
“നീ ഉക്കാറ വേണാ. ഇങ്കയെ എഴുത്”
തന്റെ പ്ലാനില്‍ തൃപ്തനായ അതുല്‍ സാര്‍ മന്ദഹസിച്ചു.
“ഓക്കേ സാര്‍..”
വളരെ കഷ്ടപ്പെട്ട് ചോക്ക് പിടിച്ച് ദേവകുമാര്‍ എഴുതാന്‍ ആരംഭിക്കുന്നതു കണ്ടു സമാധാനത്തിന്റെ വെള്ളരിപ്രാവ് അതുല്‍ സാറിന്റെ മനസ്സില്‍ കൊത്തിപ്പെറുക്കാന്‍ തുടങ്ങി.
സാര്‍ വീണ്ടും ക്ലാസിലേക്ക് തിരിഞ്ഞു പഠിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.
അഞ്ചു മിനിറ്റ് കഴിഞ്ഞില്ല. പിന്നില്‍ നിന്നൊരു ശബ്ദം.
“മുടിഞ്ചാച്ച് സാര്‍”
സാര്‍ ഞെട്ടി.
‘ഇത്രേം പെട്ടെന്നോ! ഈ കാലമാടനു മുടിഞ്ഞ സ്പീഡ് ആണല്ലോ’ എന്ന് മനസ്സില്‍ കരുതി തിരിഞ്ഞു നോക്കിയപ്പോ സംഭവം ശരിയാണ്. ബോര്‍ഡിന്‍റെ ഇടത്തേവശത്ത് നിന്ന് ആരംഭിച്ച് പത്തു ഡിഗ്രി ചരിവില്‍ ടേക്ക് ഓഫ് ചെയ്യുന്ന “ഐ വില്‍ സ്മാര്‍ട്ട് പൊസിഷനു’കളാല്‍ ബോര്‍ഡ് അലങ്ക്രുതമായിരിക്കുന്നു. എഴുത്തിലും ഇവന്‍ ഒട്ടും മോശമല്ലല്ലോ.
“ഇതൊക്കെ ചെറുത്” എന്ന സലിം കുമാര്‍ ഭാവത്തില്‍ അടുത്ത പണിയും കാത്ത് കൂളായി നില്‍പ്പാണ് ആശാന്‍.
“അപ്പുറം എന്ന സാര്‍? സീറ്റില്‍ പോയി ഉക്കാറട്ടുമാ സാര്‍?”
അപ്പോഴാണ് സാറിന്‍റെ മനസ്സിലിരുന്ന് മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റകൊടുത്തുകൊണ്ടിരുന്ന ജോസ് പ്രകാശ് ഉപദേശിച്ചത്.
‘എന്ത് തന്നെയായാലും ഇവനെ അങ്ങനെ കൂളായി തിരിച്ചുപോകാന്‍ അനുവദിച്ചുകൂടാ. അതുല്‍ സാറിന്‍റെ ക്ലാസില്‍ അലംബുണ്ടാക്കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കണം ’
‘ഇത്രയും സ്ഥലം നിറക്കാന്‍ ഇവന് 5 മിനുറ്റ് ആണ് വേണ്ടി വന്നത്’ എന്ന വസ്തുതയെ മനസ്സില്‍ പ്രോസസ് ചെയ്ത് വിശാലമായി പരന്നു കിടക്കുന്ന ബോര്‍ഡില്‍ കണ്ണോടിച്ചു അതുല്‍ സാര്‍ ക്രൂരമായി മന്ദഹസിച്ചു.
“ദേവകുമാര്‍.”
“സോല്ലുങ്കെ സാര്‍. എവളോ നേരമാ വെയിറ്റ് പണ്ണറേന്‍ സാര്‍”
ബ്ലാക്ക് ബോര്‍ഡിലെ അക്ഷരസമുദ്രം ഒറ്റയടിക്ക് സ്ടയിലായി മായിചുകളഞ്ഞ് അതുല്‍ സാര്‍ ദേവകുമാറിനോട് പറഞ്ഞു.
“സീ ദിസ് മിസ്ടര്‍ ദേവകുമാര്‍. ‘ഐ വില്‍ സിറ്റ് ഇന്‍ സ്മാര്‍ട്ട് പൊസിഷന്‍സ്’ എന്ന് ഇന്ത ബോര്‍ഡ് ഫുള്ളാ എഴുതി നിറച്ചിട്ടെ ഇനി എന്നെ വിളിക്കാവൂ.. ദാറ്റ് ഈസ് യുവര്‍ പണീഷ്മെന്റ്റ്”
“അയ്യയ്യോ. പോങ്ക സാര്‍. അതെല്ലാം മുടിയാത്. അയ്യ”
ഒരു ലോഡ് പുച്ഛം വാരിയെറിഞ്ഞു ദേവകുമാര്‍ അസംതൃപ്തി രേഖപ്പെടുത്തി.
“ദേ.വ.കു.മാ.ര്‍”
കണ്ണ് മിഴിച്ചു പുരികമുയുര്‍ത്തി നേരത്തെ വിജയകരമായി പുറത്തെടുത്ത കലിപ്പ് നോട്ടം ട്രൈ ചെയ്ത് കനപ്പിച്ച ശബ്ദത്തില്‍ സാര്‍ ആജ്ഞാപിച്ചു.
“സ്റ്റാന്റ് ഹിയര്‍, ആന്‍ഡ് ഫിനിഷ് യുവര്‍ വര്‍ക്ക്”
മനസില്ലാമനസ്സോടെ ദേവകുമാര്‍ ചോക്ക്കഷ്ണം എടുക്കുന്നത് കണ്ട സാറിന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി.
കഷ്ടപ്പെട്ട് മുഖത്ത് വരുത്തിയ ക്രൂരഭാവം ചോര്‍ന്നു പോകാതെ സാര്‍ ക്ലാസിനുനേരെ സ്ലോ മോഷനില്‍ തിരിഞ്ഞു.
സാറിന്‍റെ അടിപൊളി പെര്‍ഫോമന്‍സ് കണ്ടാവണം; ക്ലാസും ശാന്തമായിരിക്കുന്നു. അതുല്‍ സാര്‍ സുന്ദരമായി ക്ലാസെടുത്തു തുടങ്ങി.
ഒരു രണ്ടു മിനിട്ട് കഴിഞ്ഞിട്ടുണ്ടാവണം. ‘നിശബ്ദത എത്ര മനോഹരം’ എന്ന് ചിന്തിച്ചു പഠിപ്പിച്ചു തകര്‍ക്കവേ അതാ, അപ്രതീക്ഷിതമായി, ക്ലാസിന്റെ ഒരു മൂലയില്‍ നിന്നും ചിരി പൊട്ടുന്നു.
എന്തോ പന്തികേട്.
ആ ചിരി പൊട്ടിപ്പൊട്ടി പൊട്ടിച്ചിരിയായി സാറില്‍ വന്നു മുട്ടി നില്ക്കവേ പിന്നില്‍ നിന്ന് ദേവകുമാറിന്റെ ശബ്ദം.
“സാര്‍. മുടിന്ജാച്ച് സാര്‍”
ഒരു മുട്ടന്‍ ബോര്‍ഡു മുഴുവന്‍ ഇവന്‍ ഇത്രയും വേഗം എഴുതിതീര്‍ത്തെന്നോ!
ആവനാഴിയില്‍ അമ്പുകള്‍ എല്ലാം കാലിയായത് തിരിച്ചറിഞ്ഞ് , അവശനായി ,ഞെട്ടാന്‍ പാതി തയ്യാര്‍ ആയിക്കൊണ്ട് തന്നെ അതുല്‍ സാര്‍ തിരിഞ്ഞു നോക്കി.
ബോര്‍ഡിലെ കാഴ്ച കണ്ടു സാര്‍ നടുങ്ങി!
ചെക്കന്‍ ബോര്‍ഡു മുഴുവന്‍ എഴുതി നിറച്ചിട്ടുണ്ട്.
സത്യമാണ്.
മിടുക്കനാണ്.
പറഞ്ഞതു പോലെ തന്നെ ചെയ്തിട്ടുണ്ട്.
അഥവാ പറഞ്ഞത് പോലെ മാത്രമേ ചെയ്തിട്ടുള്ളൂ!
“ഐ വില്‍ സിറ്റ് ഇന്‍ സ്മാര്‍ട്ട് പൊസിഷന്‍സ്”എന്ന് എഴുതി ബോര്‍ഡ് നിറക്കാന്‍ ആയിരുന്നല്ലോ ദേവകുമാറിനു കിട്ടിയ നിര്‍ദേശം.
അവന്‍ എഴുതിയ ഓരോ ഇംഗ്ലീഷ് അക്ഷരങ്ങള്‍ക്കും കുറഞ്ഞത് സാമാന്യം വലിയ ഒരു ആനയിടുന്ന ആനപ്പിണ്ടത്തിന്റെയെങ്കിലും
“ഒരു വട്ടം എഴുതിയപ്പോഴേക്കും സ്ഥലം ഗാളിയാച്ചു സാര്‍. ഇനിയും എഴുതണമാ സാര്‍?”
കരയണോ ചിരിക്കണോ, ഇറങ്ങി ഓടണോ എന്ന് അറിയാതെ അതുല്‍ സാര്‍ നിശ്ചലനായി കണ്ണും മിഴിച്ചു നില്‍ക്കവേ ക്ലാസ് സ്റ്റാര്‍ പ്ലെയറിന് വേണ്ടി ചീറിന്ഗ്
തുടര്‍ന്ന് കൊണ്ടേയിരുന്നു.
“സോല്ലുന്ക് സാര്‍. ഇന്നും എങ്ക എഴുതണം സാര്‍?”
കൂളായി ദേവകുമാര്‍ ചോദിച്ചു.
ദേവകുമാറിനെ ഒരു പാഠം പഠിപ്പിക്കാം എന്ന് വ്യാമോഹിച്ച തന്റെ മണ്ടത്തരത്തിന് മനസ്സില്‍ മാപ്പപേക്ഷിച്ചു കൊണ്ട് അവന്‍റെ മുന്നില്‍ ആയുധം വെച്ച് കീഴടങ്ങി അതുല്‍ സാര്‍ തീര്‍ത്തും ദയനീയമായ
ശബ്ധത്തില്‍ അപേക്ഷിച്ചു,
“പോയി ഉക്കാറ് മോനെ ദേവകുമാറേ”
ആലുമാ ഡോലുമാ പാട്ടും പാടി ഡാന്‍സും കളിച്ച് തന്റെ സീറ്റിലേക്ക് വിജയശ്രീലാളിതനായി ദേവകുമാര്‍ ഒഴുകിനീങ്ങവേ ബോര്‍ഡിലെ ആനപ്പിണ്ടം സൈസ് അക്ഷരങ്ങള്‍ അതുല്‍ സാറിനെ നോക്കി കോക്രി കാണിച്ചു കൊണ്ടേയിരുന്നു.
No comments:
Post a Comment