കടുംകൈ

13 വര്‍ഷത്തിനു ശേഷം നാലാം ക്ലാസിലേക്ക് ടീച്ചറായി കടന്നു ചെന്ന അതുല്‍ സാറിനെ, ആദ്യ ദിവസം തന്നെ, കുട്ടികള്‍ മൂക്ക് കൊണ്ട് ‘ക്ഷ’ , ‘ഞ്ഞ’ , ‘ങ്ങ’ തുടങ്ങിയ അക്ഷരങ്ങളും പിന്നെ അവര്‍ തന്നെ ഗവേഷണത്തില്‍ കണ്ടെത്തിയതായ മറ്റു ചില അക്ഷരങ്ങളും വരപ്പിക്കാന്‍ ശ്രമിക്കുന്നിടത്താണ് കഴിഞ്ഞ പോസ്റ്റ് അവസാനിച്ചത്.

ക്ലാസിലെ മല്ലയുദ്ധത്തിനു ശേഷം ക്ഷീണിച്ചു അവശനായെങ്കിലും ജീവഹാനി സംഭവിക്കാതെ വിജയകരമായി വീടണഞ്ഞതില്‍ അതുല്‍ സാര്‍ അര്‍മാദിച്ചു.

“ആദ്യത്തെ ദിവസമൊക്കെ സാറിനു ക്ഷീണമാവാം”  എന്ന് കൂടെ താമസിക്കുന്ന സഹ-ഫെല്ലോസ് ആശ്വസിപ്പിച്ചു.

“ഇന്ത്യയെ ഇപ്പൊ ശരിയാക്കിതരാം എന്ന് കരുതി ഈ പണിക്ക് ഇറങ്ങിയ താന്‍ അങ്ങനെയൊന്നും  ഈ പീക്കിരിപ്പസങ്കകളുടെ മുന്നില്‍ മുട്ട് മടക്കില്ല’ എന്ന് ഞാനും ആഞ്ഞു വിശ്വസിച്ചു.

എന്നിരിക്കിലും ആദ്യ ദിവസത്തെ ഡെമോ പെര്‍ഫോമന്‍സ് കണ്ടതിനു ശേഷം, നിരായുധനായി പിറ്റേന്നു ക്ലാസ് റൂമിലേക്ക് തിരിച്ചുപോവുക എന്നത് ബുദ്ധിയല്ല എന്ന് എനിക്ക് തോന്നി.
ഞാന്‍ പടയൊരുക്കം ആരംഭിച്ചു.

കുട്ടികളെ നിലയ്ക്ക് നിറുത്താന്‍ ഗൂഗിള്‍ പറഞ്ഞു തന്ന നൂറ്റൊന്നു വഴികള്‍ മറക്കാതെ കുറിച്ച് വെച്ചു.
ഇന്‍സ്ടിട്യൂട്ടില്‍ പഠിപ്പിച്ചു വിട്ട അടവുകള്‍ തലച്ചോറിലെ ഡാറ്റാബേസില്‍ നിന്നും  ഓരോരോ അരിമണിയായി പെറുക്കിഎടുത്തു.

അങ്ങനെ,  കുട്ടിപ്പട്ടാളത്തെ നേരിടാന്‍ സമ്പൂര്‍ണ സജ്ജമായി (അങ്ങനെ വിശ്വസിച്ച്), പിറ്റേന്ന് അതുല്‍ സാര്‍ അടിപൊളിയായി ഇറങ്ങി.

വിജ്രംഭിച്ചു കിടന്ന ക്ലാസിലേക്ക് സ്ലോ മോഷനില്‍ അതുല്‍ സാറിന്റെ എന്‍ട്രി. പ്രതീക്ഷിച്ചത് പോലെ തന്നെ വലിയ ബഹുമാനം ഒന്നും ഇല്ല. രാവിലെ തന്നെ 4ബി ഒന്നടങ്കം, സാറുള്‍പ്പടെ, അസ്വസ്ഥരാണ്.

“ക്വയിറ്റ്,ക്ലാസ്”
അതുല്‍ സാര്‍ ശബ്ദമുയര്‍ത്തി.

അപ്രതീക്ഷിതമായി നിശബ്ദമായ ക്ലാസ് ഒന്നടങ്കം സാറിനെ നോക്കി.
പെട്ടെന്ന് കിട്ടിയ ശ്രദ്ധ കൊണ്ട് എന്ത് ചെയ്യണമെന്നു അറിയാതെ സാര്‍ ‘ബബ്ബബ്ബ’ അടിച്ചു തുടങ്ങിയപ്പോള്‍ “ഞങ്ങള്‍ക്ക് പോയിട്ട വേറെ പണിയുണ്ട് സാര്‍” എന്ന മട്ടില്‍ ക്ലാസ് മുഴുവനും അവരുടെ പണികളിലേക്ക് തിരിഞ്ഞു.

ചീറിപ്പായുന്ന റോക്കറ്റുകള്‍ക്കും നിലവിളി ശബ്ദങ്ങള്‍ക്കും ഇടയില്‍ ഒരു വിധം അറ്റന്‍ഡനസ് എടുത്തു തീര്‍ത്ത് സാര്‍ ഒരു നെടു വീര്‍പ്പിട്ടു.
വാച്ചിലേക്ക് നോക്കി.
സമയം വെറും 9:30.

അല്ലെങ്കിലും വേണ്ട സമയത്തൊന്നും സമയം സഹകരിക്കാറില്ലല്ലോ..
പ്രശ്ന കലുഷിതമായ ആ ചുറ്റുപാടില്‍ രണ്ടും കല്പിച്ചു പഠിപ്പിക്കാന്‍ തന്നെ സാര്‍ തീരുമാനിച്ചു.
ചിലയിടത്ത് പാട്ട്. ചിലയിടത്ത് ഇന്നലെ ഇരുന്ന സ്ഥലത്തിന്റെ പേരില്‍ തര്‍ക്കം. ചിലയിടത്ത് കൂര്‍ക്കം വലിച്ചുറക്കം.

സാറിനോട് സഹതാപം തോന്നിയ 3-4 പെണ്‍കുട്ടികള്‍ ഒഴികെ ബാക്കി എല്ലാവരും ‘ഇങ്ങളു പഠിപ്പിക്കുന്ന വസ്തുവില്‍ ഞമ്മക്ക് ഒരു താല്‍പര്യവും ഇല്ലെന്നു’ നയം വ്യക്തമാക്കിയിരുന്നു.

പ്രശ്നങ്ങളില്‍ നിന്ന് പ്രശ്നങ്ങളിലേക്ക് പോകുന്ന ഒരു പ്രിയദര്‍ശന്‍ ചിത്രം പോലെ അതുല്‍ സാറിന്‍റെ രണ്ടാം ദിവസം ക്ലാസ് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു.

പരാതികള്‍ പറക്കുന്നു. പെന്‍സില്‍, പേന, തുടങ്ങിയ ഉപകരണങ്ങള്‍ ആയുധങ്ങളാക്കി യുദ്ധം മുന്നോട്ടു നീങ്ങുന്നു. പ്രഷര്‍ കുക്കറിലെ വിസില്‍ പോലെ സാറില്‍ നിന്ന് മുടങ്ങാതെ നെടുവീര്‍പുകള്‍ ഉയര്‍ന്നുകൊണ്ടെയിരുന്നു.
അങ്ങനെയിരിക്കെ ദാ ഒരു കൈ ഉയരുന്നു.

“വണ്‍ ടോയ്ലെട്റ്റ് സാര്‍”
 ഒരു ഞെട്ടലോടെ സാര്‍ അത് കണ്ടു.

മൂത്രമൊഴിക്കാന്‍ എന്ന വ്യാജേന ക്ലാസില്‍ നിന്ന് പുറത്തു ചാടാനുള്ള ബുദ്ധിപരമായ നീക്കം. ഇന്നലെ ഇങ്ങനെ തുടങ്ങിയ പുകിലാണ് ഒടുവില്‍ ക്ലാസ് മുഴുവന്‍ സാറിനെ ഖേരാവോ ചെയ്യുന്ന അവസ്ഥയില്‍ കൊണ്ടെത്തിച്ചത്. സാറിന്റെ കണ്ണില്‍ ഇരുട്ട് കയറാന്‍ തുടങ്ങി..

“ഇല്ലാ. അനുവദിക്കില്ല ഞാന്‍.”
സാര്‍ കര്‍ക്കശനായി മൊഴിഞ്ഞു.

പിന്നെയും രണ്ടു തവണ വൃത്തിയായി അപേക്ഷിച്ചതിനു ശേഷം പദ്ധതി നടപ്പില്ല എന്ന് മനസ്സിലായ അപേക്ഷാര്‍ഥി പെന്‍സില്‍ കൊണ്ട് അയല്‍ക്കാരിയുടെ മൂക്കില്‍ ഇടിക്കുന്നതില്‍ വ്യാപ്രുതനായി.

“കൊള്ളാല്ലോ പരിപാടി” വെല്ലാത്തൊരു സംതൃപ്തി സാറില്‍ തിരയടിച്ചു.
സംഗതി ഫലിച്ചതിന്റെ സന്തോഷത്തില്‍ സാര്‍ കുട്ടികളെ ബലമായി പഠിപ്പിക്കാന്‍ ശ്രമിച്ചു തുടങ്ങി.

ഏറെ നേരം കഴിഞ്ഞില്ല.
അതാ ആകാശത്തില്‍ വീണ്ടും ഒരു കൈ.

ആകാശിന്‍റെതാണ്.
 മുഖത്ത് ദയനീയ ഭാവം വേണ്ടുവോളം ഉണ്ട്. 

 “ഞാന്‍ നേരത്തെ പറഞ്ഞതല്ലേ ഇതൊന്നും പറ്റില്ലാന്നു. പിന്നെന്തിനാ നീ ഇപ്പൊ വീണ്ടും കൈ പോക്കുന്നത്?”

“സാര്‍. ടു ടോയ്ലെറ്റ്‌ സാര്‍”

‘മുദ്ര ശ്രദ്ധിക്കണം സാര്‍, മുദ്ര’. ഇത്തവണ ആകാശ് കയ്യില്‍ രണ്ടു വിരലുകളാണ് ചൂണ്ടിയിരിക്കുന്നത്. അതിനര്‍ത്ഥം പ്രശ്നം ഗുരുതരമാണെന്നാണ്.

സാര്‍ അവനെ സൂഷ്മമായി ഒന്ന് നിരീക്ഷിച്ചു.
‘ഏയ്‌. കള്ളം പറയുന്നതാവാന്‍ തരമില്ല. മട്ടും ഭാവവും കണ്ടിട്ട് യഥാര്‍ത്ഥ ആവശ്യക്കാരന്‍ തന്നെ’

അല്ലെങ്കിലും  അത്രയ്ക്ക് വലിയ ആവശ്യങ്ങള്‍ ഒന്നും നിരാകരിച്ചു കൂടരുതല്ലോ,  ഞാന്‍ പറഞ്ഞു.

“പോയിട്ട് വേഗം വാ മോനെ”
ആകാശ് ക്ലാസില്‍ നിന്നും സന്തോഷപൂര്‍വ്വം ചാടിയിറങ്ങി ഓടിയതും ക്ലാസ് മുഴവന്‍ സാറിനെ നോക്കി. 
‘ഇപ്പൊ ടെക്നിക് പിടികിട്ടി’ എന്ന മട്ടില്‍ എല്ലാവരും പോയവന്റെ ഇരട്ടി ദയനീയതയില്‍ വിക്ട്ടറി ചിഹ്നം പോലെ രണ്ടു വിരലുകള്‍ ഉയര്‍ത്തി സാറിനു മുന്നിലേക്ക് നടന്നടുത്തു.

“ടു ടോയ്ലെറ്റ് സാര്‍, ടു ടോയ്ലെറ്റ് സാര്‍”
ഒരു മുദ്രാവാക്യം പോലെ 4 ബി ചുവരുകളില്‍ അത് മുഴങ്ങി,

“ഗോ ബാക്ക് ടു യുവര്‍ പ്ലെസസ്” എന്ന സാറിന്‍റെ ദയനീയമായ അഭ്യര്‍ത്ഥന ആ വിളികളില്‍ മുങ്ങിപ്പോയിരുന്നു.
ഒന്നടങ്കം വയറിളക്കം പിടിപെട്ട ക്ലാസും അത് വിശ്വസിച്ച മണ്ടന്‍ സാറും അങ്ങനെ നിന്നു.  

------സീന്‍ കട്ട്-----------

‘ഈ പ്രശ്നത്തിനു ഇന്ന് ഒരു തീരുമാനമാക്കാതെ ക്ലാസെടുക്കുന്നില്ല’ എന്ന് കരുതിയാണ് പിറ്റേന്നു സാര്‍ ക്ലാസിലേക്ക് വന്നത്. ഇതിനായി സ്കൂളിലെ തലമൂത്ത ടീ എഫ് ഐ ഫെല്ലോ ജോയീ മിസ്സില്‍ നിന്നും ഉപദേശവും തേടി.

ഇന്ന് മുതല്‍ അതുല്‍ സാര്‍ കര്‍ക്കശക്കാരനായ ഒരു ടീച്ചര്‍ ആകാന്‍ പോകുന്നു. വേലത്തരം ഇറക്കുന്ന ഒറ്റയെണ്ണത്തിനും ഇനി രക്ഷയില്ല.

പഴയ 4 ബിയില്‍ പുതിയ അതുല്‍ സാര്‍ അവതരിച്ചു,

വന്‍ ടോയ്ലെട്ടിനും ടു ടോയ്ലെട്ടിനും വേണ്ടി പൊങ്ങിയ അഭ്യര്‍ഥനകള്‍ സാര്‍ നിര്‍ദാക്ഷിണ്യം തള്ളിക്കളഞ്ഞു. കൂടുതല്‍ കളിച്ചാല്‍ പ്രിന്‍സിപ്പാളിന്റെ കയ്യില്‍ പിടിച്ചു കൊടുക്കുമെന്നും പറഞ്ഞു പേടിപ്പിച്ചു. ‘ക്രൂരനായ അതുല്‍ സാര്‍’ എന്ന് ക്ലാസ് മൊത്തം പിറുപിറുത്തു.

നിലനില്‍പ്പിനു വേണ്ടി ആദ്യമായി ക്രൂരനായ അതുല്‍ സാര്‍ വിഷണ്ണനായി ക്ലാസ് എടുത്തു തുടങ്ങി.

അങ്ങനെയിരിക്കെ അതാ രണ്ടു പെണ്‍കുട്ടികള്‍ കൈ ഉയര്‍ത്തുന്നു. പതിവ് റിക്വസ്റ്റുകള്‍ ആണെങ്കില്‍ ‘നോ രക്ഷ’ എന്ന് പറയാന്‍ മുതിരവേ, ക്ലാസില്‍ ശ്രദ്ധിക്കാറുള്ള അപൂര്‍വ്വം  ചിലരില്‍ പെടുന്ന അവരിലൊരാള്‍ പറയുന്നു.

“ലക്ഷ്മിഭാരതിക്ക് ശര്‍ദ്ദിക്കാന്‍ വരുന്നു സാര്‍. സാറ് വിട്ടില്ലെങ്കില്‍ ഇപ്പൊ ഇവിടെ ശര്ധിക്കുമെന്നു”

സീന്‍!

“ശ്ശെടാ, ഇങ്ങനെയൊക്കെ ചെയ്യാന്‍ മാത്രം ക്രൂരനാണോ അതുല്‍ സാര്‍?”
അതുല്‍  സാര്‍ ചിന്തിച്ചു,

ക്ലാസ് മൊത്തം തന്നെ ഉറ്റു നോക്കവേ അതുല്‍ സാര്‍ ഒടുവില്‍ തന്‍റെ വിധി പ്രഖ്യാപിച്ചു.
“പോയിട്ട് വാ മക്കളെ”’

ചാടിയോടി വെളിയിലേക്ക് പോയ പെണ്‍കുട്ടികളെ നോക്കി ‘എന്തോ പന്തികേടുണ്ടല്ലോ’ എന്ന് കരുതി തിരിഞ്ഞപ്പോഴേക്കും ഒരു ബെഞ്ചില്‍ നിന്നും ചിരിയുടെ മാലപ്പടക്കം പടര്‍ന്നു പിടിക്കുന്നു.

“എന്താപ്പോ ഇത്ര ചിരിക്കാന്‍?” ന്ന് ചോദിച്ചപ്പോ ഉള്ള വിശദീകരണം കേട്ട് സാര്‍ ഞെട്ടി.

അത് വെറും ആക്ടിംഗ് ആയിരുന്നത്രേ. ഒറിജിനാലിറ്റി കിട്ടാനായി വായില്‍ കൈയിട്ടു ഓക്കാനം 
വരുത്താനുള്ള ശ്രമങ്ങള്‍ ആയിരുന്നെന്ന്.

സാറിനു തല കറങ്ങി.

ക്ലാസില്‍ നിന്നും ഇറങ്ങിപ്പോവാന്‍ കുട്ടികള്‍ ഇത്രയൊക്കെ ചെയ്യാന്‍ മാത്രം അത്ര ബോറാണോ തന്‍റെ ക്ലാസ്?

തന്നെ പഠിപ്പിച്ച സകല ഗുരുവര്യന്മാരുടെയും മുഖങ്ങള്‍ ഒരു ന്യൂസ്ഫ്ലാഷ് പോലെ എന്‍റെ മനസ്സില്‍ മിന്നി മറഞ്ഞു.

“താന്താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്താന്‍ അനുഭവിക്കണം” എന്ന മലയാളത്തിലെ ചൊല്ലും  “കര്‍മ ഒരു പെണ്പട്ടി ആകുന്നു “ എന്ന ഇംഗ്ലീഷ് ചൊല്ലും സാറിന്‍റെ മനസ്സില്‍ ഇതിന്റെ കൂടെ തെളിഞ്ഞു വന്നു.

വളരെ വലിയൊരു ഷോക്കില്‍ നിന്നും തിരിച്ചുവന്നു ബോധം  വീണ്ടെടുത്ത് അതുല്‍ സാര്‍ എന്തിനോ വേണ്ടി വീണ്ടും ക്ലാസ് തുടര്‍ന്നു.

--------------സീന്‍ വീണ്ടും കട്ട്.----------

വീട്ടില്‍ തിരിച്ചെത്തിയ സാര്‍ അന്ന് മുഴുവന്‍ ചിന്തയിലാണ്ടു. ഈ പസങ്കകള്‍ ആരും വിചാരിച്ച പോലെയല്ല. ‘തലയില്‍ വെച്ചാല്‍ തലക്കും മുതുകില്‍ വെച്ചാല്‍ മുതുകിനുമാണ് കേട്’ എന്ന മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ശേഖരാ. 
ഇനി ഇവരെ ഇങ്ങനെ വിട്ടു കൂടാ.
നാളെ മുതല്‍ ഇനി എന്ത് തന്നെയായാലും രക്ഷയില്ല.

പിറ്റേന്നു കാലത്ത് തന്നെ സാര്‍ നയം വ്യക്തമാക്കി.

“യുവജനങ്ങളെ, കഴിഞ്ഞ കുറച്ച് നാളുകളായി നിങ്ങളുടെ അഭ്യര്‍ഥനകള്‍ അനുവദിച്ചു തരുന്നതില്‍ ഒരു വൈരുധ്യം ഉണ്ടായിരുന്നു എന്ന് ഞാന്‍ മനസ്സിലാക്കുന്നു. യഥാര്‍ത്ഥത്തില്‍ ആവശ്യക്കാര്‍ ആരാണ് എന്ന് സാറിനു മനസ്സിലാക്കാന്‍ ഒരു മാര്‍ഗവും ഇല്ലാത്തതുകൊണ്ട് ഇനി മുതല്‍ ആവശ്യം എന്ത് തന്നെ ആയിക്കോട്ടെ, അത് ബ്രേക്ക് ടൈമില്‍ മാത്രമേ നടക്കൂ.”

അത് മുഴുവന്‍ മനസ്സിലായ മട്ടില്‍ ക്ലാസ് തല കുലുക്കി.

പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ആദ്യത്തെ പകുതി കഴിഞ്ഞു .

ഉച്ച കഴിഞ്ഞ സമയം.
ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികള്‍ പൂര്‍വാധികം ഊര്‍ജസ്വലരായും ബ്രെഡ്‌ ഓംലറ്റ് സാപ്പിട്ട അതുല്‍ സാര്‍ ക്ഷീണിതനായും കാണപ്പെടുന്ന നേരം.

കലപിലാ ബഹളം ക്ലാസ്സിനെ മുന്നോട്ടു നയിച്ച്‌ കൊണ്ടിരിക്കെ അതാ ബാക്ക് ബെഞ്ചില്‍ നിന്നും ഒരു ഉയര്‍ത്തിയ  കൈ വിത്ത്‌ ദയനീയ ഭാവം. വീണ്ടും പഴയ പയ്യന്‍ തന്നെ.

സാര്‍ ഇത്തവണ ഞെട്ടിയെന്നു മാത്രമല്ല. കോപാക്രാന്തനുമായി.

“ഈ അതുല്‍ സാര്‍ ഒരു കാര്യം പറഞ്ഞാല്‍ പറഞ്ഞതാണ്. കുറെ ദിവസമായി നീയെന്നെ പറ്റിക്കുന്നു. ഇന്ന് ആ പരിപാടി നടപ്പില്ല.”

പിന്നല്ല.

“ഇല്ല സാര്‍, ഇന്ന് തട്ടിപ്പല്ല സാര്‍, ശരിക്കും അര്‍ജെന്റ്റ് ആണ് സാര്‍”
ഒരു നിമിഷം സംശയിച്ചു നിന്ന ശേഷം സാര്‍ പറഞ്ഞു.

“ഇല്ല, നടക്കില്ല. ഗോ ബാക്ക് ടു യുവര്‍ സീറ്റ്” സാര്‍ ആജ്ഞാപിച്ചു.

‘ഇന്ന് സാര്‍ കലിപ്പിലാണ്‌, രക്ഷയില്ല’ എന്ന് കണ്ട ദേവകുമാര്‍ സീറ്റില്‍ പോയി ഇരുന്നു.
ഞാന്‍ ബോര്‍ഡില്‍ എഴുതുന്നത് തുടര്‍ന്നു.

ഏറെ നേരം കഴിഞ്ഞില്ല.
ഒരു ചിരി കലര്‍ന്ന ‘സാര്‍’ വിളി കേട്ട് എന്റെ എഴുത്ത് നിന്നു.

“ദേവകുമാര്‍ നിക്കറിലെ പോയിട്ടന്‍ സാര്‍”
അത് കേട്ടതും സാറിന്റെ പകുതി ബോധവും പോയി.
 ക്ലാസ് മൊത്തം ചിരിച്ചു മറിയുന്നു. ദേവകുമാറും ചിരിക്കുന്നു. സാറിന്റെ മുഖത്ത് ചിരിയില്ല.

“ദേവകുമാര്‍ ഇങ്ക വാ”
ശരിയാണ്. നിക്കര്‍ നനഞ്ഞിരിപ്പുണ്ട്.

തല കറങ്ങുന്നത് പോലെ. വല്ലാത്ത ഒരു കുറ്റബോധം മനസ്സില്‍.

ഡ്രസ്സ് മാറാനും മറ്റും ഏര്‍പ്പാടുകള്‍ ചെയ്തു ദേവകുമാറിനെ പറഞ്ഞയച്ച ശേഷം സാര്‍ ചമ്മിയ മുഖഭാവത്തില്‍ ക്ലാസിനെ നോക്കി. സാറിനെ തോല്പിക്കാന്‍ ദേവകുമാര്‍ നിക്കറില്‍  വെള്ളമൊഴിച്ചതാണെന്നും ഇതിനിടെ ആരോ പറയുന്നുണ്ടായിരുന്നു.

സംഗതി എന്ത് തന്നെയായാലും തന്‍റെ ലേറ്റസ്റ്റ് തീരുമാനം അത്ര സുന്ദരമായ ഒന്നല്ല എന്ന് അതുല്‍ സാര്‍ അന്ന് മനസ്സിലാക്കി.

‘ആയിരം കുറ്റവാളികള്‍ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്’ എന്ന തത്വം കോടതിയില്‍ മാത്രമല്ല ക്ലാസ് റൂമിലും ബാധകം ആണെന്ന് സാറിനു ബോധ്യമായി.
അന്നത്തെ റിക്വസ്റ്റുകള്‍ എല്ലാം ഉടനടി സാര്‍ പാസ്സാക്കി.

പിറ്റേന്ന്,
പതിവ് പോലെ ഉച്ചക്ക് ശേഷമുള്ള കോലാഹലങ്ങള്‍ക്കിടയില്‍ ദേവകുമാര്‍ അടുത്ത് വന്നു പതിവ് ദയനീയഭാവത്തില്‍ തലേ ദിവസത്തെ അതേ അഭ്യര്‍ത്ഥന ആരംഭിച്ചു.

“വണ്‍ ടോയ്ലെറ്റ് , സാര്‍”
സാര്‍ ഞെട്ടി, ശാന്തമായ ഭാവത്തില്‍ ദേവകുമാറിനോട് ആരാഞ്ഞു.

“മോനെ ദേവകുമാറെ, സത്യായിട്ടും നിനക്ക് ഇപ്പൊ പോണോ ഡാ? സാറിനോട് പറ”
ദേവകുമാര്‍ മിണ്ടുന്നില്ല.

“മോനു പോവണമെങ്കില്‍ ഓടിപ്പോയിട്ടു വാ. ഇന്നലത്തേത് പോലെ കടുംകൈ ഒന്നും കാണിക്കല്ലേ”

ദേവകുമാറിന്റെ മുഖഭാവം ദൈന്യതയില്‍ നിന്നും പൊട്ടിചിരിയിലേക്ക് നീങ്ങി..
“ഞാന്‍ ഒരു തമാശ പറഞ്ഞപോഴേക്കും സാര്‍ അതങ്ങു വിശ്വസിച്ചോ?. ചുമ്മാ സാര്‍.”

എന്ന് പറഞ്ഞ് എന്റെ നേരെ കണ്ണിറുക്കി കാണിച്ച് “ഒരുവന്‍ ഒരുവന്‍ മുതലാളി” എന്ന പാട്ടും മൂളി രജനി സ്റ്റയിലില്‍ ദേവകുമാര്‍ തിരിച്ചു നടക്കവേ അതുല്‍ സാര്‍ കാറ്റ് ഊരി വിട്ട ബലൂണ്‍ പോലെ കസേരയിലേക്ക് ചാഞ്ഞിറങ്ങി.

No comments:

Post a Comment

ഒന്നും ഒന്നും?

“ ടെക് യുവര്‍ നോട്ട്ബുക്ക് ആന്‍ഡ്‌കോപ്പി ദിസ്‌ ഡൌണ്‍! ” തലേന്ന് പഠിപ്പിച്ച സൌരയൂഥത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ബോര്‍ഡില്‍ എഴുത...