പ്രവീണിന്റെ പ്രഹേളിക/ നാറ്റക്കേസ്

“ശരി പുള്ളാരെ, വാട്ട്‌ ഈസ്‌ ജാലിയന്‍ വാലാബാഗ് മസ്സാക്കര്‍?”

ഉച്ചയൂണില്‍ നിന്നും ആര്‍ജിച്ചെടുത്ത ഊര്‍ജത്തിന്റെ അഹങ്കാരത്തില്‍ തോന്നിവാസം കാണിച്ചുകൊണ്ടിരുന്ന മുപ്പതോളം ഇന്ത്യന്‍ പൌരന്‍മാര്‍ക്കിടയിലെക്ക് അതുല്‍ സാര്‍ തന്റെ ചോദ്യം എറിഞ്ഞിട്ടു
.
അന്തരീക്ഷത്തില്‍ അന്ജാറു കൈകള്‍ ഉയര്‍ന്നു.
സാറിനു വളരെ സന്തോഷമായി.

ജാലിയന്‍ വാല ബാഗ് മൈതാനത്ത് വെടിയേറ്റ്‌ പിടഞ്ഞ പാവം ഇന്ത്യാക്കാരുടെ ചരിത്രം, ചോര തിളയ്ക്കുന്ന ഞരമ്പുകളോടെ അതുല്‍ സാര്‍ പഠിപ്പിച്ചത് ഇവര്‍ ഓര്‍ത്തിരിക്കുന്നുണ്ടല്ലോ.
ഭാരതത്തിന്റെ ഭാവി ഇവന്മാരുടെ കയ്യില്‍ സുരക്ഷിതമാണെന്ന് സാര്‍ ഉറപ്പിച്ചു.

“ആ ടെല്‍ മി മോനിഷ. വാട്ട്‌ ഈസ് ദിസ് ജാലിയന്‍ വാല ബാഗ് മസ്സാക്കര്‍”
ആകാംക്ഷയോടെ സാര്‍ മോനിഷയുടെ മറുപടിക്കായി കാതോര്‍ത്തു.

“മസാല, സാര്‍”
നിസ്സംശയം മോനിഷ വ്യക്തമാക്കി.

സാറിന്റെ കിളി പോയി.

“എന്തോന്ന്?”

നാണിച്ചു ചിരിച്ചു കൊണ്ട് മോനിഷ പറഞ്ഞു.

“മസാല സാ......ര്‍”

ക്ലാസില്‍ ചിരി പൊട്ടി.
മഹാപാപി!

താന്‍ ഒരുമണിക്കൂര്‍ കൊണ്ട് കഷ്ടപ്പെട്ടു പണിതുയര്‍ത്തിയ ജാലിയന്‍ വാലാബാഗിന്റെ പാഠമാണ് മോനിഷ ഒറ്റ വാക്ക് കൊണ്ട് ബോംബിട്ടു നശിപ്പിച്ചത്.
എന്നിട്ടും അതിന്റെ യാതൊരു കുറ്റബോധവുമില്ലാതെ നിഷ്കളങ്കയായി കളിച്ചുചിരിച്ചുനില്‍ക്കുന്ന മോനിഷയെ കണ്ടപ്പോള്‍ സാറിനും ചിരി പൊട്ടി.

“അങ്ക പാരെടീ. സാറ്ക്കും സിരിപ്പ് വരതെടീ”

പൊതുവേ കോളക്കുപ്പിയുടെ അടപ്പ് പോലെ മുറുകിയിരുന്ന അതുല്‍ സാറിന്റെ മുഖം കാറ്റ് പോയ ബലൂണ്‍ പോലെ സംഘര്‍ഷരഹിതമായത് കണ്ടു ക്ലാസിലാകമാനം ചിരി പടര്‍ന്നു.

“എന്ത് പറ്റി സര്‍, ഞാന്‍ പറഞ്ഞ ഉത്തരം കൂടുതല്‍ ശരിയായിപ്പോയോ?”
എന്ന ഒരു ചമ്മിയ ഭാവത്തില്‍ മോനിഷയും,
‘ജാലിയന്‍ വാലാ ബാഗിനെക്കുറിച്ച് താനിനിയെങ്ങനെ ഈ കണ്ട്രി ഫെല്ലാസിനു പറഞ്ഞുകൊടുക്കും’
എന്നാലോചിച്ച് സാറും, ഫ്രീസായി നില്‍ക്കെ,
ഒരു തീക്ഷണഗന്ധം സാറിന്റെ മൂക്കിലേക്ക് പറന്നു വന്നു.

അതുല്‍ സാറിലെ ഷെര്‍ലക്ക് ഉണര്‍ന്നു.

നാറ്റത്തിന്റെ കണികകളെ ഫോളോ ചെയ്ത ഷെര്‍ലക്കിന്റെ നോട്ടം ലാസ്റ്റ് ബെഞ്ചിലെത്തി ലോസ്റ്റായി നിന്നു.

!!!

അവിടെ കവിഭാരതിയും സന്ധ്യയും മൂക്കുപൊത്തി ഒരേ ചിരിയാണ്.

ചിരിക്കു പിന്നിലെന്താണെന്നറിയാതെ ക്ലാസിനും സാറിനും ഇരിക്കപ്പൊറുതി ഇല്ലാതായി.
മിസ്റ്ററിയുടെ ചുരുളഴിക്കാനായി മിസ്റ്റര്‍ ഷെര്‍ലക്ക് സാര്‍ ബാക്ക്ബെഞ്ചിനെ ലക്ഷ്യമാക്കി ശ്രദ്ധാപൂര്‍വ്വം ചുവടുകള്‍ വെച്ചു.

അടുത്തെത്തിയതും സാറിന്റെ ശ്വസന നാളത്തിലെക്ക് നല്ല സ്വയമ്പന്‍ നാറ്റം കുമു കുമാന്ന് അടിച്ചു കയറി.

മൂക്കുപൊത്തിക്കൊണ്ട് പുതിയൊരു ശബ്ദത്തില്‍ അതുല്‍ സാര്‍ ചോദിച്ചു.

“അരേ. പ്രോബ്ലം ക്യാ ഹേ?”

ഉടന്‍ അതീവ ലജ്ജാവതികളായി മാറിയ കവിഭാരതിയും സന്ധ്യയും ചിരിയടക്കിപ്പിടിച്ച് അടുത്തിരുന്ന പ്രവീണിന് നേരെ മെല്ലെ കൈ ചൂണ്ടി.

അപ്പോഴാണ്‌ സാര്‍ പ്രവീണിനെ ശ്രദ്ധിക്കുന്നത്.
പണ്ട് മോശ ചെങ്കടല്‍ വകഞ്ഞു മാറ്റിയത് പോലെ ബാക്ക് ബെഞ്ചില്‍ പ്രവീണ്‍ തന്റെ ഇരു വശങ്ങളിലും ഇരുന്ന കിടാങ്ങളെ വകഞ്ഞു മാറ്റി വെച്ചിരിക്കുകയാണ്.

“പ്രവീണിന്റെ നിക്കറിലേ ഇരുന്ത് സെമ്മ നാറ്റം അടിക്കത് സാര്‍”
കവിഭാരതി സാറിന്റെ അടുത്ത് വന്നു ചെവിയില്‍ പറഞ്ഞു.

“ആമ സാര്‍. താങ്ങവേ മുടിയലയെ സാര്‍”
സന്ധ്യ കവിക്ക് നിരുപാധികം പിന്തുണ പ്രഖ്യാപിച്ചു.

ആറ്റംബോംബിന്റെ പ്രഹരശേഷിയും ആട്ടിന്‍കുട്ടിയുടെ വലിപ്പവുമുള്ള മിസ്റ്റര്‍ പ്രവീണ്‍ കുമാര്‍ ഈ ആരോപണങ്ങള്‍ ഒന്നുമറിയാതെ (അറിയാത്ത ഭാവത്തില്‍ ?)ബെഞ്ചിനു മധ്യത്തില്‍ സ്റ്റയിലായിരുന്നു മൂക്കളയൊലിപ്പിച്ചു കൊണ്ടിരുന്നു.

തന്റെ മുന്നിലേക്ക് വന്നു വീണ വിചിത്രമായ ഈ സമസ്യ എങ്ങനെ പരിഹരിക്കണം എന്നറിയാതെ അതുല്‍ സാര്‍ കുഴങ്ങി.

‘പെണ്‍കിടാങ്ങള്‍ പറഞ്ഞതില്‍ കാര്യമില്ലാതില്ല.
നാറ്റം നല്ല പവര്‍ഫുള്‍ ആണ്.
അതിന്റെ പ്രഭവകേന്ദ്രം പ്രവീണിന്റെ നിക്കര്‍ ആവാനും നല്ല സാധ്യത കാണുന്നുണ്ട്.
ശരി. ഇടപെട്ടു കളയാം
’.

“പ്രവീണ്‍”
സാര്‍ ഉറക്കെ വിളിച്ചു.

ക്ലാസ് ആകമാനവും പ്രവീണും തിരിഞ്ഞു നോക്കി.

“എന്താ സാര്‍?”
നിഷ്കളങ്കത കുഴച്ച് ഉരുട്ടിയെടുത്ത ഭാവത്തില്‍ പിഞ്ചു പൈതല്‍ ചോദിച്ചു.
ക്ലാസില്‍ അതീവനിശബ്ദത പുലര്‍ന്നു.

അപ്പോഴാണ്‌ ഞെട്ടിപ്പിക്കുന്ന ആ സത്യം സാറിന്റെ മനസ്സിലേക്ക് വന്നു പതിച്ചത്.
ക്ലാസില്‍ ഒരു യമണ്ടന്‍ നാറ്റമുണ്ടെന്ന് അറിയാമെന്നല്ലാതെ അത് ബാക്ക് ബെഞ്ചില്‍ നിന്നാണെന്നോ പ്രവീണില്‍ നിന്നാണെന്നോ ക്ലാസിലെ ഭൂരിപക്ഷത്തിനും അറിഞ്ഞുകൂടാ.

പണ്ട് അമ്മ അടുപ്പത്ത് ബീഫ് വേവിക്കുന്നത് സ്കൂളില്‍ നിന്നേ തിരിച്ചറിയാന്‍ സഹായിച്ചിരുന്ന അതേ ഘ്രാണശക്തി തന്നെയാവണം നാറ്റത്തിന്റെ സ്രോതസ് പ്രവീണ്‍ തന്നെയാണെന്ന് തിരിച്ചറിയാന്‍ തന്നെ സഹായിച്ചത്.

‘വിത്ത് ഗ്രേറ്റ് പവര്‍ കംസ് ഗ്രേറ്റ് റെസ്പോണ്‍സിബിലിറ്റീസ്!’

താന്‍ കുറച്ച് കൂടി ഉത്തരവാദത്തോട് കൂടി പെരുമാറേണ്ടിയിരിക്കുന്നു.

‘എന്തടിസ്ഥാനത്തിലാണ് നാറ്റക്കേസിലെ പ്രതി ഈയിരിക്കുന്ന മിസ്റ്റര്‍ പ്രവീണ്‍ തന്നെയാണെന്ന് നിങ്ങളുറപ്പു വരുത്തിയത്?

ആയിരം കുറ്റവാളികളെക്കുറിച്ചും ഒരു നിരപരാധിയെക്കുറിച്ചും പ്രതിപാദിക്കുന്ന ലോ പോയിന്റുകളൊക്കെ നിങ്ങള്‍ മറന്നു പോയോ മിസ്റ്റര്‍ അതുല്‍ സാര്‍?

ഇനിയിവന്‍ കുറ്റക്കാരന്‍ ആണെങ്കില്‍ തന്നെ ഇവന്റെ പേര് പരസ്യമായി പുറത്തു വിടാമോ?
ഈ ക്ലാസിലെ പിന്നീടുള്ള ഇവന്റെ ഭാവിയെക്കുറിച്ച് നിങ്ങള്‍ ആലോചിച്ചോ മിസ്റ്റര്‍?
’

അതുല്‍ സാറിനുള്ളില്‍ നിന്നും പുറത്ത് ചാടിയ അഡ്വക്കേറ്റ് മുകുന്ദനുണ്ണി സാറിന്റെ കീശയിലേക്ക് ആഞ്ഞൂതി.

തന്റെ സ്കൂള്‍ കാലഘട്ടത്തില്‍ നിസ്സാരസംഭവങ്ങള്‍ തനിക്കും സഹപാഠികള്‍ക്കും ചാര്‍ത്തിത്തന്ന ഇരട്ടപേരുകള്‍ തേച്ചിട്ടും മായ്ച്ചിട്ടും പോകാതെ കിടന്നത് സാര്‍ ഓര്‍ത്തെടുത്തു.

‘അരുതരുതുണ്ണീ, പാടില്ല’
സാറിനു ബോധോദയം ഉണ്ടായി.

“ഒന്നുമേ ഇല്ല പ്രവീണ്‍, നീ ഉന്‍ വേലയെപ്പാര്”
പ്രവീണിന് ക്ലീന്‍ ചിറ്റ് നല്‍കി സാര്‍ തിരിച്ചു നടന്നു.

“സാര്‍, ആനാ സെമ്മ നാറ്റം അടിക്കത്...”
കവിഭാരതി അടങ്ങിയില്ല.

“വാട്ട് നാറ്റം ആര്‍ യൂ ടോകിംഗ് എബൌട്ട്‌ മിസ്‌ കവി? ഇക്ക്ലാസിലെ ബാക്കിയുള്ളവര്‍ക്കൊന്നും കിട്ടുന്നില്ലല്ലോ ഈ നാറ്റം. മിണ്ടാണ്ട് പോയ്ക്കോണം”

നാറ്റം വെറും മാധ്യമസൃഷ്ടിയാണെന്ന് വരുത്തിതീര്‍ത്ത് അതുല്‍ സാര്‍ തിരിച്ചു നടന്നു.

ബാക്ക് ബെഞ്ചിലെ നാറ്റക്കേസ് ഒരു ദിവസം കൊണ്ട് കെട്ടടങ്ങുമെന്ന് ഉറച്ചു വിശ്വസിച്ച സാര്‍ വീണ്ടും ജാലിയന്‍ വാലാ ബാഗിലേക്ക് കടന്നു.

എന്നാല്‍ സാറിനു പാടെ തെറ്റിയിരുന്നു!

പിറ്റേന്ന് ഉച്ചയ്ക്ക് വാഗണ്‍ ട്രാജഡി നടക്കുമ്പോഴും അതേ നാറ്റം പറന്നു വന്നു.

ഒടുവില്‍ ഉപ്പു സത്യാഗ്രഹവും കഴിഞ്ഞ് ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുമ്പോഴും നാറ്റം ക്ലാസ് വിട്ടു പോയിരുന്നില്ല.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ അത് ക്ലാസിലെ ഓരോരോ ബെഞ്ചുകളെയായി കീഴടക്കാന്‍ തുടങ്ങി.

എവിടെ നിന്ന് തുടങ്ങുന്നെന്നോ എവിടെ അവസാനിക്കുന്നെന്നോ തിരിച്ചറിയാനാകാത്തവിധം സര്‍വ്വവ്യാപിയായി മാറിയ മിസ്റ്റര്‍ നാറ്റം അതുല്‍ സാറിന്റെ ക്ലാസിനെ പുതച്ചു മൂടി.

ക്ലാസിന്റെ അന്തരീക്ഷം തന്നെ മാറി.

പലയിടങ്ങളിലായി ചെറു സംഘങ്ങള്‍ അടക്കം പറഞ്ഞു ചിരിക്കാന്‍ തുടങ്ങി.

സംശയത്തിന്റെ കണ്ണുകള്‍ ക്ലാസിലുടനീളം നീണ്ടു.

എന്നും കുട്ടിക്കൂറ പൌഡര്‍ ഇട്ടു വരുന്ന നവീന്‍ രാജനും തിളങ്ങുന്ന ചെരിപ്പ് ധരിച്ചു വരുന്ന പവിത്രയും നാറ്റത്തിനെതിരെ കൊടിയും പിടിച്ചു രംഗത്തെത്തി.

“സര്‍. ഫുള്‍ ബാഡ് സ്മെല്‍ കമിംഗ് സാര്‍”
സാര്‍ കുടുങ്ങി!

‘മൂക്കടച്ചു പിടിച്ച് നാറ്റമില്ല’ എന്ന് പറഞ്ഞു രക്ഷപെടാന്‍ ഇനി പറ്റില്ല.
നാറ്റത്തിനൊരു മാറ്റം അനിവാര്യമായിരിക്കുന്നു.
’
അതുല്‍ സാര്‍ മനസ്സിലുറപ്പിച്ചു.

ബുദ്ധിമാനും സര്‍വതന്ത്രപരിജ്ഞാനിയുമായി ജനിച്ച അതുല്‍ സാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോയി വിലകൂടിയ പെര്‍ഫ്യൂമുകള്‍ വാങ്ങി പിറ്റേന്ന് ക്ലാസില്‍ തിരിച്ചെത്തി.
ഉച്ചയൂണ് കഴിഞ്ഞ് മിസ്റ്റര്‍ നാറ്റം പുറത്തുചാടിയതും സാര്‍ സുഗന്ധത്തില്‍ അവനെ മുക്കികൊല്ലാന്‍ ശ്രമിച്ചു.

നോ രക്ഷ!!
നാറ്റം പെര്‍ഫ്യൂമുകളെയെല്ലാം മലര്‍ത്തിയടിച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നിരിക്കുന്നു.
അനന്തമെന്നു തോന്നിച്ച കണ്‍ഫ്യൂഷനിലേക്ക് വഴുതി വീണ സാര്‍ പ്രവീണിനെ നോക്കി.

പ്രവീണ്‍ ശാന്തനാണ്.

തന്റെ നിക്കറില്‍ നിന്നുത്ഭവിച്ച ചുഴലിക്കാറ്റിനു നടുവില്‍ ഒരു യോഗിയുടെ അച്ചടക്കത്തോട്‌ കൂടി അവന്‍ മൂക്കളയൊലിപ്പിച്ചു നില കൊണ്ടു.

മൂന്നു ചോദ്യചിഹ്നങ്ങള്‍ സാറിന്റെ മനസ്സില്‍ മുളച്ചു വന്നു.

‘1. എന്നും ഉച്ചയ്ക്ക് ശേഷം കക്ഷിയുടെ നിക്കറില്‍ നിന്നും തീക്ഷ്ണമായ മണം പുറപ്പെടുന്നുണ്ടെങ്കില്‍ ഇവന്‍ അത് അറിയാതിരിക്കില്ലല്ലോ?

2. ടോയ്‌ലറ്റില്‍ പോകണമെങ്കില്‍ ഇവന് എന്റടുത്ത് ഒരു വാക്ക് ചോദിച്ചാല്‍ പോരേ, ഞാന്‍ വിടുമല്ലോ!

3. ഇത്രയ്ക്കും അണ്‍സഹിക്കബിള്‍ മണവും സഹിച്ചു ഇവന്‍ ക്ലാസില്‍ ഇരിക്കുന്നത് എങ്ങനെയാണ്?
’

അദ്ധ്യാപകന്‍ തല പുകച്ചു.

അപ്പോഴാണ്‌ സാറിന്‍റെ മനസ്സില്‍ ഒരു വിദൂരസാധ്യത തെളിഞ്ഞു വന്നത്.
‘ഇവന് കഠിനമായ ജലദോഷം ആയിരിക്കണം.

കറിവേപ്പിലയുടേയും കരി മരുന്നിന്റെയും മണങ്ങള്‍ പോലും ഇവനു തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടാവില്ല.
’

‘യെസ്!!! അത് തന്നെ സംഗതി.
അങ്ങനെയാണെങ്കില്‍ IV B ക്ലാസില്‍ മാലപ്പടക്കം പോലെ പൊട്ടുന്ന ചിരി തന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് മനസ്സിലാക്കുമ്പോ എന്തൊരു ഷോക്കായിരിക്കും പാവത്തിന്!
അതുല്‍ സാര്‍ ഞെട്ടലോടെ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞു.

‘ആദ്യദിവസം എന്തായാലും സംഗതി ക്ലാസിനു മുന്നില്‍ ഉറക്കെ വിളിച്ചു കൂവി മൂപ്പരുടെ വികാരം വ്രണപ്പെടുത്താതിരുന്നത് എത്ര നന്നായി!
എന്ത് വില കൊടുത്തിട്ടാണെങ്കിലും പ്രവീണിനെ ഈ രഹസ്യം അറിയിച്ചേ തീരൂ.
’
സാറിന്റെ ലോലമനസ്സ് പിടഞ്ഞു.

ക്ലാസിലെ ഒരു കുഞ്ഞു പോലും അറിയാതെ പ്രവീണിനെ തനിയെ മാറ്റിനിര്‍ത്തി സത്യം വെളിപ്പെടുത്താനും ക്ലാസിലെ നാറ്റക്കേസിനു ഒരു അറുതി വരുത്താനും സാര്‍ തീരുമാനമെടുത്തു.

പിറ്റേന്ന് ഉച്ച മയങ്ങിയ നേരം.

സാര്‍ ബോര്‍ഡില്‍ നിറയെ ഗുണനചോദ്യങ്ങള്‍ വിതറിയിട്ടിരിക്കുന്നു.
കുട്ടിപ്പസങ്കകളില്‍ മിക്കവരും ചോദ്യങ്ങളുടെ ഉത്തരം കണക്കു കൂട്ടുന്ന തിരക്കിലാണ്.

വ്യക്തമായ ചില കണക്കുകൂട്ടലുകളുമായി അതുല്‍ സാര്‍ പ്രവീണിനെ കൈ ചൂണ്ടി വിളിച്ചു.

“പ്രവീണ്‍... ഒന്നിങ്കെ വാ”
പെന്‍സിലുകളെക്കൊണ്ട് സര്‍ക്കസഭ്യാസം നടത്തിക്കൊണ്ടിരുന്ന പ്രവീണ്‍ ആ പണി നിര്‍ത്തി മനസ്സില്‍ കണക്കു കൂട്ടുമ്പോലെ അഭിനയിച്ചു.

സാര്‍ ഒന്ന് കൂടി വിളിച്ചു.

“ഡായ്‌ പ്രവീണ്‍ കുമാര്‍, ഇങ്ക വാ എന്ന്”
ചെറിയൊരു കള്ളലക്ഷണത്തോടെ കക്ഷി മെല്ലെ തല പൊക്കി നോക്കി.

“വാട്ട് സാര്‍?”

“നീ ആദ്യം ഇങ്കെ വാ. ബാക്കിയെല്ലാം ഞാന്‍ ഇവിടെ വന്നിട്ട് പറയാം”
സാര്‍ പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു.

ക്ലാസില്‍ ഒരു അല്‍ഗുലു സീനുണ്ടാക്കാതെ പ്രവീണിനെ കാര്യങ്ങള്‍ പറഞ്ഞു ധരിപ്പിക്കാന്‍ ആയിരുന്നല്ലോ സാറിന്റെ പ്ലാന്‍.

പ്രവീണ്‍, പക്ഷെ, അവിടെ നിന്നും അനങ്ങിയില്ല!

എന്ന് മാത്രമല്ല അവന്‍ കണക്കു കൂട്ടല്‍ നിര്‍ത്തി പെന്‍സിലിലെ കസര്‍ത്ത് തുടരാനും ആരംഭിച്ചു.
സാറിനു കലി വന്നു.

“പ്ര..വീ...ണ്‍ കുമാ..ര്‍, നാന്‍ സൊന്നത് കേക്കലയാ നീ? ”

സാര്‍ ശബ്ധമുയര്‍ത്തിയതും ക്ലാസിന്റെ ശ്രദ്ധ മുഴുവന്‍ പ്രവീണിലേക്കായി.
കാണിച്ചത് മണ്ടത്തരമാണെന്ന് സാറിനു മനസ്സിലായി.

മെല്ലെ സീറ്റില്‍ നിന്നും എഴുന്നേറ്റ പ്രവീണ്‍ സാറിനു നേര്‍ക്ക് സ്ലോ മോഷനില്‍ നടന്നു വരാന്‍ തുടങ്ങി.

ഇത് കണ്ട സന്തുഷ്ടനായ അതുല്‍ സാര്‍ ക്ലാസിന്റെ മുഖ്യധാരയില്‍ നിന്ന് മാറി മൂലയ്ക്ക് ഒരു കസേര ഇട്ടു ഇരുന്നു.
പ്രവീണിന് ഇരിക്കാനായി ഒരു ചെറിയ കസേര സാര്‍ പക്കത്തിലും പ്രതിഷ്ടിച്ചു.

കക്ഷി ഒലിച്ച് വന്ന മൂക്കള ഷര്‍ട്ടില്‍ തുടച്ചു കൊണ്ട് വരുന്നുണ്ട്.

‘തന്റെ നിഗമനം വളരെ കറക്റ്റ് ആണ്.കഠിനമായ ജലദോഷത്താല്‍ ഇവന്റെ മൂക്കിന്‍റെ ഫ്യൂസ് അടിച്ചു പോയിരിക്കുന്നു.

ഇവന്‍ കസേരയില്‍ വന്നു ഇരുന്നയുടന്‍ പതിഞ്ഞ ശബ്ദത്തില്‍ കാര്യങ്ങളുടെ ഗൌരവം ഇവനെ പറഞ്ഞു മനസ്സിലാക്കണം.

‘ഈ ഉച്ചയൂണിനു ശേഷം ക്ലാസിനെ സുഗന്ധപൂരിതമാക്കുന്ന പരിപാടി ഇനിയെങ്കിലും അവസാനിപ്പിച്ചൂടെ’ എന്ന് താഴ്മയോടെ അപേക്ഷിക്കണം’

പ്രവീണ്‍ പാതി വഴിയെത്തി നിശ്ചലനായി.

“എന്നാച്ച് പ്രവീണ്‍? ഇങ്ക വന്ത് ഉക്കാറ്”
സാര്‍ പ്രവീണിനെ തന്റെ അരികിലേക്ക് ക്ഷണിച്ചു.

“മാട്ടെ സാര്‍”
പ്രവീണ്‍ ക്ഷണം തൂക്കി ഒരേറു കൊടുത്തു.

എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അതുല്‍ സാര്‍ വണ്ടറടിച്ചു നിന്നു.

“മാട്ടെയാ?. ഏന്‍ ഉക്കാറമാട്ടെ?”
സര്‍ അസ്വസ്ഥനായി ചോദിച്ചു.

“ഉക്കാറമാട്ടെ സാര്‍!!!”

സാര്‍ നിരാശനായി.

“എടാ, അതെന്താ നിനക്ക് ഇവിടെ വന്നിരിക്കാന്‍ പറ്റില്ലാത്തത് എന്ന്?!!!”
സാറില്‍ നിന്നും ഏതാനും അടി ദൂരെ മാറിനില്‍ക്കുന്ന പ്രവീണിനെ നോക്കി സാര്‍ ശബ്ദമുയര്‍ത്തി.

“സുമ്മാ സാര്‍”
കണക്കിന്റെ പ്രശ്നങ്ങളെ അതിന്റെ വഴിക്ക് വിട്ട് ക്ലാസ്, പ്രവീണിനെയും സാറിനെയും മാത്രം ശ്രദ്ധിക്കുകയാണെന്നറിഞ്ഞ സാര്‍ വല്ലാതായി.
ഇനിയെങ്ങനെ സ്വകാര്യമായി ആ രഹസ്യം വെളിപ്പെടുത്താനാണ്?!!!

എന്ത് ചെയ്യണമെന്നറിയാതെ സാര്‍ വിഷമിച്ചുനില്‍ക്കെ പ്രവീണ്‍ കുമാര്‍ മെല്ലെ ചിരിച്ചു തുടങ്ങി.

സാറിനു ടെന്‍ഷനേറി.

“ലുക്ക് മിസ്റ്റര്‍ പ്രവീണ്‍, നിന്നോട് എന്റടുത്ത് ഈ കസേരയില്‍ വന്നിരിക്കാന്‍ പറ്റില്ലാത്തത് എന്ത് കൊണ്ടാണെന്നാണ് ചോദിച്ചത്, അതിന് വൈ ആര്‍ യൂ ലാഫിംഗ്?”

പ്രവീണിന്റെ ചിരി പൊട്ടിച്ചിരിയിലേക്ക് വഴി മാറുന്നത് കണ്ട്, സാര്‍ അടി കൊടുത്ത ചൂരല്‍ പോലെ നിന്ന് വിറച്ചു
.
‘അഹങ്കാരത്തിനും ഒരു പരിധിയില്ലേ!’

പ്രവീണിനെ ചൂഴുന്ന ആ രഹസ്യം പരസ്യമായി തന്നെ അവനോട് വെളിപ്പെടുത്താന്‍ സാര്‍ തീരുമാനിച്ചു.
ഇതിന്റെ പേരില്‍ ഇനിയെന്ത് തന്നെ സംഭവിച്ചാലും താന്‍ ഉത്തരവാദിയല്ല.

“പ്രവീണ്‍ കുമാര്‍, ഈ ക്ലാസ് മൊത്തം കുടുകുടാ ചിരിക്കുന്നതിനെന്തിനാനെന്നു തെരിയുമാ ഉനക്ക്?”

“തെരിയും സര്‍”
സാര്‍ ഞെട്ടി.

‘എല്ലാം അറിഞ്ഞിട്ടാണോ ഇവന്റെ ഈ അഭിനയം മുഴുവന്‍!’

സാര്‍ മണ്ടനെപ്പോലെ ചോദിച്ചു.
“ഓഹോ. എന്നാല്‍ കേള്‍ക്കട്ടെ. എന്തിനാ ചിരിക്കുന്നത്?”

ക്ലാസ് മുഴുവനും പ്രവീണിന്റെ മറുപടിക്കായി കാതോര്‍ത്തു.

സൂചിവീണാല്‍ കേള്‍ക്കുന്ന നിശബ്ധതയിലേക്ക് പ്രവീണ്‍ ഒരു ഭീമാകാരന്‍ ബോംബിട്ടു പൊട്ടിച്ചു.

“ഉങ്ക പാന്റിലെ ഇരുന്ത് സെമ്മാ നാറ്റം അടിക്കത് സാര്‍. ഉങ്ക പക്കത്തിലെ വന്ത് ഉക്കാറവേ മുടിയിലയെ സാര്‍.”

മൂക്ക് പൊത്തി കണ്ണ് ചുളിച്ച് അതുല്‍ സാറിനെ നോക്കി പ്രവീണ്‍ പറഞ്ഞ മറുപടി കേട്ട് ക്ലാസ് പൊട്ടിച്ചിരിച്ചു.

“ഡേയ്!!!”
അതുല്‍ സാര്‍ പൊട്ടിത്തെറിച്ചു.

“ഇത് പാരുങ്കെ സാര്‍. ഉങ്കളെ പാത്തു താന്‍ ഇവങ്കെയെല്ലാരുമേ സിരിക്കറുത്”
ആര്‍ത്തുചിരിക്കുന്ന ക്ലാസിനെ ചൂണ്ടിക്കാണിച്ച് പ്രവീണ്‍ കൂളായി പറഞ്ഞു.

സാര്‍ ഞെട്ടി !
മാടംപിള്ളിയിലെ ആ മനോരോഗി ഇനി ശരിക്കും താനാണോ!
നാളിതുവരെ ക്ലാസിനെ അടക്കിവാണ ആ അലോസരപ്പെടുത്തുന്ന വായു കണികകളുടെ പ്രഭവസ്ഥാനം താനായിരുന്നെന്നോ!

പകച്ചു പോയ അതുല്‍ സാര്‍ തന്നെത്തന്നെ ഒന്ന് ആഞ്ഞു മണത്തു.

ഇല്ല.
നാറ്റമൊന്നും തന്നെയില്ല.

അലക്കിതേച്ച കുട്ടപ്പന്‍ ഷര്‍ട്ടില്‍ നിന്നും പാന്റില്‍ നിന്നും രാവിലെ പൂശിയ നല്ല സുന്ദരന്‍ സ്പ്രേയുടെ സുഗന്ധം മാത്രമേ വരുന്നുള്ളൂ.

‘പിന്നെന്തിനാണിവന്‍?..?..?’

പ്രവീണ്‍ കുമാര്‍ ക്ലാസിനു മുന്നില്‍, തന്നെ നല്ലൊന്നാന്തരം ബ്ലഡിഫൂളാക്കി മാറ്റിയതാണെന്ന് തിരിച്ചറിഞ്ഞ അതുല്‍ സാര്‍ അരിശം കൊണ്ട് ഒരു അഗ്നിപര്‍വതം ആയി മാറി പുകഞ്ഞു തുടങ്ങി.

‘എടാ എടാ മണ്ടന്‍കൊണാപ്പീ.. നീയെന്നെ കൂടുതല്‍ മണ്ടനാക്കല്ലേഡാ’ എന്ന ഭാവത്തോടെ സാര്‍ പ്രവീണിന് നേര്‍ക്ക് ഓടിയടുത്തു.

അതുല്‍ സാറിനെ മനോഹരമായി ട്രോളിയതില്‍ സംതൃപ്തനായ മിസ്റ്റര്‍ പ്രവീണ്‍ കുമാര്‍ ചുണ്ടിലൊരു ചെറുചിരിയും കണ്ണുകളില്‍ വിജയഭാവവും നിക്കറില്‍ കാത്തു സൂക്ഷിച്ചു വെച്ച നാറ്റത്തിന്റെ ഉത്തരവാദിത്തവുമായി ഇതിനോടകം സീറ്റിലേക്ക് നടന്നു തുടങ്ങിയിരുന്നു.

No comments:

Post a Comment

ഒന്നും ഒന്നും?

“ ടെക് യുവര്‍ നോട്ട്ബുക്ക് ആന്‍ഡ്‌കോപ്പി ദിസ്‌ ഡൌണ്‍! ” തലേന്ന് പഠിപ്പിച്ച സൌരയൂഥത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ബോര്‍ഡില്‍ എഴുത...