വിപ്ലവകാരികളും സാറും

“ആരാണ് നിവേദയുടെ പെന്‍സില്‍ മോട്ടിച്ചത്?”

“ഈ ആകാശാണ് സാര്‍”

“ആരാണ് അജിത്തിന്റെ ബുക്കിന്റെ ഫ്രണ്‍ട് പേജില്‍ കുത്തിവരച്ചിട്ടത്?”

“അതും ആകാശ് തന്നെ സാര്‍”

“അപ്പൊ ബോര്‍ഡില്‍ കുട്ടിച്ചാത്തന്റെ പടം വരച്ചിട്ട്‌ അതിനു താഴെ അതുല്‍ സാര്‍ എന്ന് എഴുതിവെച്ചതോ?”

“വരച്ചത് ആകാശാണ് സാര്‍. എഴുതിയത് ദേവകുമാറാണ്”

“ആകാശിന് എഴുതാന്‍ അറിയാത്തത് കൊണ്ടാണ് സാര്‍”

ആകാശിനെക്കുറിച്ചുള്ള പരാതികള്‍ സാറിന്റെ കര്‍ണപുടങ്ങളെ ഖരാവോ ചെയ്തു.
അധ്യാപകശ്രേഷ്ടന്‍ കാതുകള്‍ കൊട്ടിയടച്ചു..

---------------------------------------------------

ബ്രേക്ക് പോയ തീവണ്ടി കണക്കെ പാഞ്ഞു കൊണ്ടിരുന്ന IV B യുടെ നിയന്ത്രണം ഇതിനോടകം തന്നെ കുപ്രസിദ്ധരായ ഒരു കൊള്ളസംഘം ഏറ്റെടുത്തു കഴിഞ്ഞിരുന്നു.
ആയോധനകലകളില്‍ നിപുണരും വാക്പയറ്റില്‍ അഗ്രഗണ്യരുമായിരുന്ന ഈ മൂവര്‍ സംഘത്തെ തളയ്ക്കാന്‍ അതുല്‍ സാര്‍ പലവിധ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തെങ്കിലും എല്ലാം അട്ടിമറിക്കപ്പെട്ടു.

സംഘത്തലവന്‍ മിസ്റ്റര്‍ ദേവകുമാര്‍ ജനസമ്മതി കൊണ്ടും സഹചട്ടമ്പി മിസ്റ്റര്‍ പ്രവീണ്‍കുമാര്‍ കുരുട്ടുബുദ്ധി കൊണ്ടും സാറിനെ കബളിപ്പിച്ച്‌ കടന്നു കളഞ്ഞു കൊണ്ടേയിരുന്നു.

അങ്ങനെയാണ് തോട്ടിക്കോലു പോലെ നീണ്ട, സംഘത്തിലെ മൂന്നാമന്‍ ആകാശിന്റെ തക്കിട തരികിട ഇടപാടുകള്‍ മാത്രം സാറിന്റെ റഡാറില്‍ തെളിഞ്ഞു വന്നത്.
അതുകൊണ്ട് തന്നെയാണ് അഭ്യാസിയെ പൂട്ടാന്‍ മക്കിടി പരിപാടികളുമായി സാര്‍ രംഗത്തിറങ്ങിയതും.

സാര്‍ സമാധാനത്തിന്റെ വെള്ളരിപ്രാവിനെയും കയ്യിലെടുത്ത് ആകാശിനെ സമീപിച്ചു.
ഭീകരന്‍ സാറിനെയും പ്രാവിനെയും പുച്ഛിച്ചു തള്ളി.

കുരുന്നുവിപ്ലവകാരികളെ തുരത്തിയോടിക്കുന്ന ഏകാധിപതി ഹെഡ്മിസ്ട്ട്രസ്സിനെക്കുറിച്ചുള്ള പാണന്‍പാട്ടുകള്‍ പാടി സാര്‍ അവനെ വിരട്ടാന്‍ ശ്രമിച്ചു.
ലവന്‍ ലവലേശം കുലുങ്ങിയില്ല.

സാറിന്റെ വേലത്തരങ്ങള്‍ ഓരോന്നായി പാളവേ, ആകാശും സാറും, ബോര്‍ഡില്‍ വരച്ചിട്ട രണ്ടു സമാന്തര രേഖകളെപ്പോലെ, അനന്തമായി എതിര്‍ദിശകളിലേക്ക് നീണ്ടുകൊണ്ടേയിരുന്നു.

അങ്ങനെയൊരുച്ചനേരം ഒരു നിലവിളി ശബ്ദം സാറിന്റെ ചെവിയിലേക്ക് ഓട്ടോ പിടിച്ചെത്തി.
തിരിഞ്ഞു നോക്കിയ സര്‍ കണ്ടത് വലിയ വായില്‍ മോങ്ങുന്ന കോമ്രേഡ് ശരണിനെയാണ്.

“എന്താ ശരണ്‍, പ്രശ്നം?”

“ശരണിന്റെ ബുക്കിന്‍റെ നടുപെജ്കീറി ആകാശ് റോക്കറ്റ് ഉണ്ടാക്കി സാര്‍. അത് ചോദിയ്ക്കാന്‍ ചെന്ന കോമ്രേഡിനെ അവന്‍ ഇടിച്ചു പപ്പടം ആക്കി സാര്‍”
കാര്‍ത്തിക്ക് റിപ്പോര്‍ട്ട് ചെയ്തു.

“ഉയ്യയ്യോ, ശരണിന്റെ ചുണ്ടില്‍ നിന്നും രത്തം വരത് സാര്‍”
അജിത്‌ അലറി.

ക്ലാസ് ഒന്നടങ്കം സംഭവസ്ഥലത്തേക്ക് തല്‍ക്ഷണം പാഞ്ഞെത്തി മൂക്കത്ത് വിരലും തലയില്‍ കയ്യും ഒരുപാട് ഒച്ചയും വെച്ച് അണി നിരന്നു നിന്നു.

ക്ലാസില്‍ അരക്ഷിതാവസ്ഥ പുലര്‍ന്നു.
സാര്‍ ഞെട്ടിയുണര്‍ന്നു.

“എവിടെയവന്‍, ‘മിസ്റ്റര്‍ മഹാപാപി’? ”

കാമറകള്‍ ആകാശിന് നേരെ തിരിഞ്ഞു.

ആകാശ് ഒന്നും അറിയാത്ത ഭാവത്തില്‍ ജനാലപ്പടിയില്‍ ഇരിക്കുന്ന കാക്കയോട്
“ഹൌ ഡൂ യൂ ഡൂ” എന്ന് ചൂളമടിച്ചു.
എന്നിട്ട് മാനം നോക്കിയിരിപ്പ് തുടര്‍ന്നു.

ക്ലാസിലെ രണ്ടാം ദിവസം മോനിഷയുടെ ബാഗില്‍ പൊട്ടാസിട്ടു പൊട്ടിച്ചതിനു ശേഷവും പിറ്റേന്ന് കാര്‍ത്തിക്കിന്റെ കാന്തമെടുത്ത് ജനാലയിലൂടെ വീശി എറിഞ്ഞതിന് ശേഷവും ഇവന്‍ ഇതേ ഭാവത്തിലാണ് ഉപവിഷ്ടന്‍ ആയിരുന്നത് എന്ന സത്യം സാര്‍ ഒരു ഞെട്ടലോടെ ഓര്‍ത്തു.

ഈ അനീതി ഇനിയും തുടരാന്‍ അനുവദിച്ചുകൂടാ.
ആകാശിന്റെ ക്രൂരകൃത്യങ്ങള്‍ ഇന്നത്തോടെ അവസാനിക്കണം.

അസാമാന്യന്‍ അതുല്‍ സാര്‍ ക്ലാസില്‍ 144 പ്രഖ്യാപിച്ചു.
ആകാശത്തേക്ക് വെടി വെച്ചു.
ക്ലാസ് പലവഴിക്ക് ചിതറിയോടി.

ജനാലപ്പടിയില്‍ ഇരുന്ന കാക്ക
“ഹൌ ഡൂ യൂ ഡൂ” എന്ന് പ്രതിവചിച്ചു മര്യാദക്കാരനായി പറന്നുപോയി.

പ്രതികാരദാഹിയായ അതുല്‍ സാര്‍ പ്രതിയെയും വാദിയെയും കൂടി ഹെഡ്മിസ്ട്രസ്സിന്റെ ഗുഹയിലേക്ക് കൂട്ടിക്കൊണ്ടു പോയി.

രംഗം കനത്തു.

‘ക്വീന്‍ ഓഫ് ദി സ്കൂള്‍. റൂളര്‍ ഓഫ് ട്വല്‍വ് ക്ലാസസ്, ബെന്‍ഡര്‍ ഓഫ് ദി നീസ്, ലോര്‍ഡ്‌ ഓഫ് ദി കാംദാര്‍ നഗര്‍’ - സാക്ഷാല്‍ ശ്രീമതി ഹെട്മിസ്ട്രസിനു മുന്നില്‍ സാറും കുട്ടികളും ഹാജരായി.

അപ്പോഴും ശരണിന്റെ ചുണ്ടില്‍ നിന്നും ചോര, ധാര ധാരയായി പ്രവഹിക്കുന്നുണ്ടായിരുന്നു.

“എന്ന കൊടുമൈ, സാര്‍ ഇത്?
എച് എം അലറി.

സാറിന്റെ തൊണ്ടയിലെ വെള്ളം വറ്റിയിരുന്നു.

“ഉനക്ക് അറിവേ ഇല്ലയാ? എരുമ മാടെ”
പടോ പടോ !
ആകാശിന്റെ മുതുകത്ത് സ്കൂള്‍ മുതലാളിയുടെ കൈവെള്ളയുടെ രണ്ടു ചിത്രങ്ങള്‍ തെളിഞ്ഞു പതിഞ്ഞു.

എന്നിട്ടും കലിപ്പ് തീരാതെ നാഗവല്ലി അതുല്‍ സാറിനു നേരെ തിരിഞ്ഞു.

“ഉങ്ക ക്ലാസില് നിറയെ ഗുണ്ടാ പസങ്ക താന്‍ സാര്‍. ഉങ്കളാലേ ഹാന്‍ഡില്‍ പണ്ണവേ മുടിയാത്”

അതുല്‍ സാര്‍ ലജ്ജിച്ചു ഭിത്തിയില്‍ തൂങ്ങിക്കിടന്നിരുന്ന കലണ്ടറിലെ സ്വാമി അയ്യപ്പനെ നോക്കി.

“അപ്പടി ഒന്നും ഇല്ല മിസ്‌”

“എന്നാ അപ്പടി കിപ്പടി ഒന്നും ഇല്ലാന്ന്. ഉങ്കളാലെ മുടിയറ വേലൈ മട്ടും പാരുങ്ക് സാര്‍”
സാര്‍ നമ്ര ശീര്‍ഷനായി.

തനിക്ക് പണി അറിയില്ലെന്നുള്ളതിനുള്ള ഒന്നാം നമ്പര്‍ തെളിവാണല്ലോ ചോരയൊലിപ്പിച്ചു കൊണ്ട് നിന്ന് മോങ്ങുന്ന പത്ത് വയസ്സുകാരന്‍.

മൌനം ഭൂഷണം.

“ശരി. ഒന്ന് പണ്ണലാം സാര്‍. അന്ത ജോയീ ക്ലാസും ഉന്‍ ക്ലാസും കൂടെ മിക്സ് പണ്ണലാം സാര്‍. അന്ത ക്ലാസ് പസങ്ക കൊന്ജം സൈലന്റാ ഇരുക്കുംന്ന് നിനക്കറേന്‍:”

ബലെ ഭേഷ്! സാറിന്റെ കണ്ണുകള്‍ വിടര്‍ന്നു.

തന്റെ ക്ലാസില്‍ നിന്നും കുറച്ചു വിപ്ലവകാരികളെ എടുത്തു കോ-ഫെലോ ആയ ജോയിയുടെ ക്ലാസിലേക്ക് തട്ടാമെന്നു.

പകരം അവിടെ നീന്ന് കുറച്ച നല്ല നടപ്പുകാരെ തന്റെ ക്ലാസിലേക്ക് കൊണ്ടുവരാമെന്ന്.
എത്ര മനോഹരമായ ഒരു എക്സ്ചേനജ് ഓഫര്‍!

സാര്‍ ആനന്ദാശ്രു പൊഴിച്ചു.

മനോഹരമായ ആ ഓഫര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച് ഇരുകണ്ണുകളിലും തുടിച്ചു നില്‍ക്കുന്ന ഹൃദയങ്ങളുമായി ടോം പുറത്തിറങ്ങി.

ഇല്ലിപ്പത്തലുമായി ജെറി പുറത്തു തന്നെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു.

“നിന്റെ ക്ലാസിനെ എന്റെ ക്ലാസുമായി മിക്സ് ചെയ്യണമെന്നോ! ഇമ്പോസിബിള്‍. അതിനു ഈ ജോയി ചാവണം”

ജോയീ മിസ്‌ പൊട്ടിത്തെറിച്ചു.

“അല്ല മിസ്‌ ജോയി, അതായത്..”

“ഒന്നും പറയണ്ട.കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ നാല്‍പതു പിള്ളേരെയാ ഞാന്‍ ഹാന്‍ഡില്‍ ചെയ്തോണ്ടിരുന്നത്. യൂ നോ ഹൌ ഹാര്‍ഡ് ഇറ്റ്‌ വാസ്?”

അതുല്‍ സാര്‍ അന്നേ ദിവസം രണ്ടാം തവണ ഒരു മഹിളാ രത്നത്തിന് മുന്നില്‍ മൌനം പാലിച്ച് അറ്റന്‍ഷന്‍ ആയി നിന്നു.

“ഇതെന്റെ രണ്ടാമത്തെയും അവസാനത്തെയും വര്‍ഷമാണ്‌. ഐ ഹാവ് സൊ മച്ച് ഡ്രീംസ് എബൌട്ട് മൈ ക്ലാസ് ആന്‍ഡ്‌ യു ആര്‍ ഗോണ ഹെല്പ് മി വിത്ത്‌ ദാറ്റ്!!”

സമാധാനപൂര്‍ണമായ ഒരു IV B എന്ന സാറിന്റെ സുന്ദരസ്വപ്നത്തിനു മേലെ ജോയി യമണ്ടന്‍ ബുള്‍ ഡോസര്‍ ഓടിച്ചുകയറ്റി.

‘ഇനി അന്ത മാതിരി അല്ലാന്നു വെച്ചുക്കോ. ആ നിമിഷം ഞാന്‍ പണിയും നിര്‍ത്തി പൊടിയും തട്ടി പോവും, മിസ്റ്റര്‍ അതുല്‍ സാര്‍. ഓര്‍മയിരിക്കട്ടെ !”

ജോയി പോയാല്‍ അവരുടെ ക്ലാസ് കൂടി കൈകാര്യം ചെയ്യേണ്ടി വരുന്ന രംഗമോര്‍ത്ത് സാറിന്റെ കണ്ണില്‍ ഇരുട്ട് കയറി.
അറുപത് കുട്ടികളും കൂടി തന്നെ എണ്ണയിലിട്ട് വറുത്തെടുക്കും!

‘വാട്ട് ടു ഡു.. വാട്ട് ടു ഡു..”
സാര്‍ ചിന്താവിഷ്ടനായി.

“ഇതിലിപ്പോ ചിന്തിക്കാനൊന്നുമില്ല മിസ്റ്റര്‍. കഴിഞ്ഞ വര്‍ഷം തുടക്കത്തില്‍ എന്റെ ക്ലാസും ഇത് പോലൊക്കെ തന്നെയായിരുന്നു.
ബട്ട്‌ ഡിഡ് ഐ ഗിവ് അപ്? നോ.
ഡിറ്റര്‍മിനെഷന്‍ ഈസ് ദ കീ ടു സക്സസ്, മിസ്റ്റര്‍ അതുല്‍ സാര്‍
”

ജോയിമിസ്സിന്റെ സാരോപദേശങ്ങള്‍ കേട്ട് അതുല്‍ സാര്‍ മനസ്സില്ലാമനസ്സോടെ തലയാട്ടി.

‘എന്ത് തന്നെ വന്നാലും എച് എമ്മിനെക്കൊണ്ട് തന്റെ ക്ലാസിനെ ജോയിയുടേതുമായി കലര്‍ത്താന്‍ അനുവദിക്കില്ല’
എന്ന് ഭീഷ്മപ്രതിജ്ഞ ചെയ്ത് സാര്‍ ജോയിയെ മടക്കിയയച്ചു.
എന്നിട്ട് സ്കൂള്‍ ഗ്രൌണ്ടിലെ കിളിമരത്തണലില്‍ ഒരു ബോധോദയവും പ്രതീക്ഷിച്ച് സാര്‍ ഇരുന്നു.

‘എച് എം പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ തന്റെ വാദ്ധ്യാരുദ്യോഗം തന്നെ തീര്‍ന്നു കിട്ടാന്‍ സാധ്യതയുണ്ട്.’

‘എങ്ങനെയാണ് ശ്രീമതിയുടെ മനസ്സ് മാറ്റുക?’

അതുല്‍ സാര്‍ ഇരുന്നും കിടന്നും ചിന്തിച്ചു.
ഹരിച്ചും ഗുണിച്ചും നോക്കി.
കണക്കുകൂട്ടലുകളൊക്കെ തെറ്റുന്ന ലക്ഷണമാണ്!

അന്ന് രാത്രി സാര്‍ ഉറങ്ങിയില്ല.
ദംഷ്ട്രകള്‍ നീട്ടി ജോയീമിസ്സും സ്കൂള്‍ മുതലാളിയും പാലമരത്തിനു മുകളില്‍ രാത്രി മുഴുവനും സാറിനു കാവലിരുന്നു.

ഹൃദയം കല്ലാക്കിയ രണ്ടു സ്ത്രീകള്‍ക്ക് നടുവില്‍ ലോലനായ അതുല്‍ സാര്‍ കണ്ഫ്യൂഷനടിച്ചു നിന്നു .

പിറ്റേന്നത്തെ പുതുപുത്തന്‍ പ്രഭാതത്തില്‍ രണ്ടും കല്പിച്ചു സാര്‍ എച് എം റൂമില്‍ ഹാജരായി.

“അഹ്മ് അഹ്മ്”
സാര്‍ മുരടനക്കി.

“യെസ്, പറയൂ”
എച് എം ഫയല്‍ക്കെട്ടുകളില്‍ പൂഴ്ത്തിവെച്ചിരുന്ന തല പുറത്തെടുത്തു.

“അതായത് മിസ്‌. ക്ലാസില്‍ ഇപ്പൊ റാഡിക്കല്‍ ആയ ഒരു മാറ്റത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല . ക്ലാസ് ഏകദേശം ശാന്തമായി വരുന്നുണ്ട് കേട്ടോ.”
അതുല്‍ സാറിന്റെ ഉറപ്പ് കേട്ട് എച് എം തുരു തുരാ ചിരിയുതിര്‍ത്തു.

“ആര്‍ യു ജോക്കിംഗ് മിസ്റ്റര്‍?”
എച് എമ്മിന്റെ മുഖഭാവം മാറി.

“രണ്ടു ദിവസം മുന്‍പല്ലേ ശരണ്‍ ഇവിടെ ചോര കൊണ്ട് പെയിന്‍റ് അടിച്ചത്?
നാല് ദിവസം മുന്‍പ് യുവരാജ്, പൂജയുടെ കാല് ചമ്മന്തിപ്പരുവം ആക്കിയത് നിങ്ങള്‍ മറന്നുപോയോ?
ഇതാണോ മിസ്റ്റര്‍ ശാന്തത?
”

ചുവരില്‍ പണിമുടക്കിയിരുന്ന ക്ലോക്കിന് താഴെ ഉണ്ണിയാര്‍ച്ച അതുല്‍ സാറിനെ ഭംഗിയായി തേച്ചൊട്ടിച്ചു.

ഭിത്തിയില്‍ നിന്നും പറിഞ്ഞു വന്ന അതുല്‍ സാര്‍ ആകാരഭംഗി വീണ്ടെടുത്തു.

എന്നിട്ട് തന്റെ അവസാനത്തെ നമ്പര്‍ പുറത്തിറക്കുന്നതിനു മുന്പ് ഒരു ദീര്‍ഘശ്വാസം പുറപ്പെടുവിച്ചു.

“റിയലി മിസ്‌. ട്രസ്റ്റ് മി, വേണമെങ്കില്‍ മിസ്സ്‌ തന്നെ ക്ലാസില്‍ വന്നു നോക്കിക്കോളൂ.”
ഹാര്‍പിക് കയ്യിലേന്തിയ അബ്ബാസിന്റെ ആത്മവിശ്വാസത്തോടെ സാര്‍ പറഞ്ഞു.

‘അങ്ങനൊരു ഉപായം എച് എം ഒരിക്കലും അംഗീകരിക്കരുതേ’ എന്ന പ്രാര്‍ത്ഥനയോടെയാണ് സാര്‍ അവസാനത്തെ ആ അടവ് എറിഞ്ഞു നോക്കിയത്.

എങ്കിലും ഭയങ്കരി അതുല്‍ സാറിന്റെ കള്ളത്തരം തിരിച്ചറിഞ്ഞു! എന്നിട്ട് പറഞ്ഞു.

“ആ. ദാറ്റ് ഈസ് എക്സാകറ്റ്ലി വാട്ട് ഐ ആം ഗോണ ഡു! ഞാന്‍ അടുത്ത പീരീഡ്‌ തന്നെ സാറിന്റെ ക്ലാസിലേക്ക് വരുന്നുണ്ട്.
IV Bയിലെ ശാന്തസുന്ദരന്മാരെ ഒന്ന് കാണണമല്ലോ! സാറ് വെറുതെ തമാശിക്കുന്നതാണെന്നു മനസ്സിലായാല്‍ ആ നിമിഷം ഞാന്‍ രണ്ടു ക്ലാസുകളും കൂടി ഷഫിള്‍ ചെയ്യും. ഓക്കേ വാ?
”

ആമ വന്നിടിച്ച മാരിയോയെപ്പോലെ അക്കിടി പറ്റിയെന്നറിഞ്ഞ അതുല്‍ സാര്‍ നിശ്ചലനായി.

ഒരു മണിക്കൂറിന് ശേഷം എച് എം വന്നു നോക്കുമ്പോള്‍ തന്റെ ക്ലാസില്‍ കലപിലാ ബഹളം ആണെങ്കില്‍ അതോടെ തീര്‍ന്നു.

മൂപ്പത്തി ക്ലാസിനെ മുറിച്ച് പാര്‍ട്സ് പാര്‍ട്സ് ആക്കുമെന്ന് തീര്‍ച്ച.

ജോയിമിസ്സിന് കൊടുത്ത വാക്കെല്ലാം ആലാരേ ഗോവിന്ദ !

ജോയി ടാറ്റാ ബൈ ബൈ പറയുന്നതും അറുപതു കുട്ടികളും കൂടി, തന്നെ വേവിക്കാന്‍ വെള്ളം ചൂടാക്കുന്നതുമെല്ലാം സാറിന്റെ മനസ്സില്‍ തെളിഞ്ഞു വന്നു.

അതുല്‍ സാറിന്റെ രക്തസമ്മര്‍ദ്ദം റോക്കറ്റ് പോലെ കുതിച്ചുയര്‍ന്നു.

എങ്ങനെയും ഈ എച് എം വിസിറ്റിനെ അതിജീവിച്ചേ മതിയാവൂ.

ഭവതിയുടെ സന്ദര്‍ശനത്തിന് മുന്പ് എന്ത് ജാലവിദ്യ കാണിച്ചിട്ടാണെങ്കിലും തന്റെ ക്ലാസിനെ ശാന്തമാക്കിയില്ലെങ്കില്‍ ഭവിഷ്യത്തുകള്‍ ഭയാനകമായിരിക്കുമെന്നു അധ്യാപകവര്യന് ബോധ്യമായി.

പടപടാ മിടിക്കുന്ന ഹൃദയവും പേറി പേടിച്ചരണ്ട അതുല്‍ സാര്‍ രണ്ടാം നിലയിലെ പുകഞ്ഞുകൊണ്ടിരിക്കുന്ന തന്റെ ക്ലാസ് റൂമിലേക്കുള്ള പടവുകള്‍ ഓടിക്കയറി.

---------------------------തുടരും-------------------------------------------------

No comments:

Post a Comment

ഒന്നും ഒന്നും?

“ ടെക് യുവര്‍ നോട്ട്ബുക്ക് ആന്‍ഡ്‌കോപ്പി ദിസ്‌ ഡൌണ്‍! ” തലേന്ന് പഠിപ്പിച്ച സൌരയൂഥത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ബോര്‍ഡില്‍ എഴുത...