വെടിയും പുകയും : ആദ്യ ദിനം @ സ്കൂള്‍



July 20 2015
 
ആ മനോഹരദിനത്തിലാണ് അതുല്‍ സാര്‍ ആദ്യമായി തന്‍റെ നിയുക്തക്ലാസ് റൂമിലെക്ക് പ്രവേശിക്കുന്നത്. കാംദാര്‍ നഗര്‍ പ്രൈമറി സ്കൂളിലെ 4 ബി യുടെ നിയുക്ത ക്ലാസ് ടീച്ചറാണ് സാര്‍.  
തനിക്കു ഒരു കൊല്ലം മുന്‍പേ ഇതേ സ്കൂളില്‍  സ്ഥാനം പിടിച്ച ‘ടീച് ഫോര്‍ ഇന്ത്യാ ഫെല്ലോ’ ജോയി (ജോയി മിസ്‌) എന്ന ബംഗാളി പെണ്‍കുട്ടിയാണ് 4 എ യുടെ ക്ലാസ് ടീച്ചര്‍. താന്‍ വരുവോളം രണ്ടു ക്ലാസിനെയും ചേര്‍ത്ത് കൈകാര്യം ചെയ്ത മഹത്തായ പ്രവൃത്തിപരിചയവും എനിക്ക് അപ്പോള്‍ പിടികിട്ടാത്തതും ഇപ്പോള്‍ പിടികിട്ടുന്നതുമായ വല്ലാത്ത ഒരു ആശ്വാസവും ജോയിയുടെ മുഖത്ത് കാണാന്‍ ഉണ്ടായിരുന്നു.
കുട്ടികളെല്ലാം സാറിനെ കാണാന്‍ ആകാംക്ഷാഭരിതരായി ഇരിക്കുകയാണെന്നാണ് ജോയി എനിക്ക് തന്ന റിപ്പോര്‍ട്ട്.

പടപടാ മിടിക്കുന്ന ഹൃദയവും പേറി, എന്നെ 2 വര്‍ഷം  സഹിക്കാന്‍ വിധിക്കപ്പെട്ട കുട്ട്യോളെ കാണാന്‍ എന്‍റെ സ്വന്തം ക്ലാസ്റൂമിലെക്ക് ഞാന്‍ ജോയിയെ അനുഗമിച്ചു.
വാതില്‍ തുറന്നു കിടന്നിരുന്നു.

പിന്നീട് ചിരപരിചിതമായ, 9-10 വയസ്സുള്ള മനുഷ്യക്കുഞ്ഞുങ്ങള്‍ പുറപ്പെടുവിക്കുന്ന ആരവങ്ങള്‍ ആദ്യമായി അവിടെ തുടങ്ങുന്നു. പ്രതീക്ഷിക്കു കടകവിരുദ്ധമായി ഒറ്റക്കുഞ്ഞു പോലും എന്നെ മൈന്‍ഡ് ചെയ്തില്ല.
എല്ലാരും  ക്ലാസിന്റെ ഒരു മൂലയ്ക്ക് വട്ടം കൂടി നിന്ന് ഒച്ചയിടുന്ന തിരക്കിലാണ്. ആരൊക്കെയോ ഓടുന്നു. ചിലര്‍ ബെഞ്ചിനു മുകളില്‍ ഇരിക്കുന്നു. ചിലര്‍ എന്തൊക്കെയോ ചൂണ്ടി ഇടക്കിടക്ക് അത്ഭുതപ്പെടുന്നു.

ഒരു എലി ചത്തതാണത്രേ! ഞാന്‍ വരുന്ന സമയവും സ്ഥലവും നോക്കി എന്‍റെ ക്ലാസ് റൂമില്‍ ചത്തുകിടന്ന എലിമുഖ്യന് ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ട് തുടര്പരിപാടികള്‍ എന്താണെന്ന് ഞാന്‍ ജോയിയോട്‌ ആരാഞ്ഞു. മൂഷികമൃത്യു കാരണം എന്‍റെ ക്ലാസ് റൂമില്‍ ക്ലാസെടുക്കാന്‍ വയ്യ.

“അവന്‍റെ ഓര്‍മ്മകള്‍ പോലും തുടച്ചുമാറ്റിയിട്ടു മാത്രമേ ഇനി അതിനുള്ളില്‍ കേറുന്ന കാര്യം ആലോചിക്കേണ്ടതുള്ളൂ” എന്നാണ് ഈ കര്‍ത്തവ്യത്തില്‍ വിദഗ്ദ്ധയായ സ്കൂള്‍ ആയമ്മ പറഞ്ഞത്.
തല്ക്കാരണത്താല്‍ 4 എ യും ബി യും കംബൈന്‍ ചെയ്തു വേണമത്രേ ഇന്ന് ക്ലാസെടുക്കാന്‍.
നന്നായി.

ആദ്യമായാണ്‌ ഞാന്‍ ഒരു മുഴുവന്‍ ദിവസം ക്ലാസെടുക്കാന്‍  പോകുന്നത്. ഇത് വരെയും പുനെയിലെ TFI ഇന്സ്ടിട്യൂട്ടില്‍ ഉണ്ടായിരുന്ന ചെറിയ ചെറിയ ടീച്ചിംഗ് സാമ്പിളുകള്‍ എല്ലാം എത്ര കണ്ട്  എനിക്ക് തുണക്ക് വരുമെന്ന അങ്കലാപ്പില്‍ ഞാന്‍ നിന്നു.

“തന്‍റെ ക്ലാസ് റൂമിന് വേണ്ടി മാത്രമേ താന്‍ പ്ലാന്‍ ചെയ്തിട്ടുള്ളൂ” എന്ന് പറഞ്ഞ് പരിചയസമ്പന്നയായ ജോയി മാറി നിന്നു. ഞാന്‍ പഠിപ്പിക്കുന്നത് കണ്ട് അഭിപ്രായം പറയാമത്രെ.

“ആദ്യത്തെ ദിവസമല്ലേ, കൂടുതല്‍ ആയൊന്നും പ്ലാന്‍ ചെയ്യണ്ട, കുട്ടികളെയൊക്കെ അറിയാന്‍ ശ്രമിച്ചാല്‍ മതി” എന്ന് പറഞ്ഞതും ഇതേ ജോയി തന്നെയാണ്.

“നൈസ് ആയി മുങ്ങിയല്ലേ” എന്ന് ബംഗാളിയെ നോക്കി മനസ്സില്‍ പറഞ്ഞു ഞാന്‍ ആര്‍ത്തിരമ്പുന്ന കുട്ടിസാഗരത്തിന് നേര്‍ക്ക്‌ തിരിഞ്ഞു. ഏകദേശം 35 പേര്‍ക്ക് സുഖമായി ഇരിക്കാവുന്ന ക്ലാസില്‍ 60 ഓളം പേര്‍ ആണ് ഇരിക്കുന്നത്. അതുല്‍ സാറിന്‍റെ രംഗപ്രവേശമാണ് ഇന്ന് അവര്‍ക്ക് രണ്ടാമത്തെ ആഘോഷം. ഒന്നാമത്തേതിലെ ഹീറോ ‘മിസ്ടര്‍ എലി’ ക്ലാസില്‍ നിന്നും ജീവനോടെ തിരിച്ചു പോയിട്ടില്ല എന്നും ഞാന്‍ ഓര്‍ത്തു. 

എന്‍റെ ചങ്ക് പടപടാ ഇടിക്കാന്‍ തുടങ്ങി. എന്നെ തന്നെ രൂക്ഷമായി വീക്ഷിക്കുന്ന 60 ജോഡി നയനങ്ങള്‍.

“ഗുഡ് മോര്‍ണിംഗ് ക്ലാസ്” വിറയാര്‍ന്ന ചുണ്ടുകളില്‍ ഞാന്‍ മൊഴിഞ്ഞു.

“ഗുഡ് മോര്‍ണിംഗ് സാര്‍”
 മുദ്രാവാക്യം വിളിക്കുന്ന ആവേശത്തില്‍ കുട്ടികള്‍ മൊഴിഞ്ഞു.

‘അടുത്തത് എന്താണാവോ  ഇതിയാന്‍റെ വായില്‍ നിന്നും വീഴുന്നത്’ ന്നും കാത്ത് പിള്ളേര്‍ കാതോര്‍ത്തിരിക്കുന്നു.
ഞാന്‍ പതിയെ എന്നെ പരിചയപ്പെടുത്തി.

“പേര്. ഊര്. എന്തിനു വന്നു?”
ചോദ്യങ്ങള്‍ ലക്‌ഷ്യം തെറ്റിയ റോക്കറ്റുകളെപ്പോലെ പാഞ്ഞടുത്തു.

4 ബി ക്ലാസിന്റെ ക്ലാസ് ടീച്ചര്‍ ആണെന്നൊക്കെ പറഞ്ഞപ്പോഴേക്കും ചെന്നൈ തിയെറ്ററുകളില്‍ രജനികാന്ത് ഇന്ട്രോക്ക് കിട്ടുന്ന കയ്യടിയായിരുന്നു.

“സംഗതി കൊള്ളാമല്ലോ, പുള്ളാര്‍ വിചാരിച്ച പോലെ കുഴപ്പക്കാരല്ലല്ലോ”  എന്ന് കരുതി ഓരോരുത്തരെ ആയി പരിചയപ്പെടാന്‍ തുടങ്ങിയ എനിക്ക് തെറ്റി എന്ന് മനസിലാക്കാന്‍ അധികനേരം വേണ്ടി വന്നില്ല.

 “പുതിയ ആളാണല്ലേ, ദേ ഇവടെ ചോദിച്ചാല്‍ മതി” എന്നുള്ള മട്ടിലായിരുന്നു ചില വീരന്മാരുടെയൊക്കെ പരിചയപ്പെടുത്തലുകള്‍.

സ്കൂള്‍ ഹെട്മിസ്ട്രസ് വിളിച്ചതിനെതുടര്‍ന്ന്  ജോയി ക്ലാസിനു വെളിയിലേക്കു പോയതും സംഗതി കൈവിട്ടു തുടങ്ങിയെന്നു എനിക്ക് ബോധ്യമായി. കുട്ടികള്‍ പലവിധങ്ങളായ പരിപാടികളില്‍ വ്യാപ്രുതരായി. ഒരു പുഴ ഒഴുകുന്നതുപോലെ, എലി കരളുന്നതുപോലെ, ഏതാനും മനുഷ്യക്കുട്ടികളുടെ വളരെ സ്വാഭാവികമായ പ്രതികരണങ്ങളായിരുന്നു പിന്നീടങ്ങോട്ട്.

‘നോട്ടുബുക്കില്‍ നിന്നും പേപ്പര്‍ കീറി റോക്കറ്റ് ഉണ്ടാക്കുക, മുന്നില്‍ ഇരിക്കുന്ന പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ചു വലിക്കുക, സൈഡില്‍ ഇരിക്കുന്നവന്റെ അമ്മൂമ്മക്ക്‌ വിളിക്കുക, തലൈയുടെ പാട്ട് ഉച്ചത്തില്‍ പാടി ഡാന്‍സ് ചെയ്യുക’ തുടങ്ങി ഞാന്‍ പഠിപ്പിക്കാന്‍ പോകുന്ന നാലാം ക്ലാസിലെ കുട്ടികള്‍  തല്പരായ വിഷയങ്ങള്‍ അനേകങ്ങള്‍ ആണെന്ന് എനിക്ക് ബോധ്യപ്പെട്ടു. നിര്‍ഭാഗ്യവശാല്‍, പഠനം, എഴുത്ത്, ബഹുമാനം തുടങ്ങിയ വസ്തുക്കളൊന്നും ഈ നീണ്ട ലിസ്റ്റില്‍ ഇടം കണ്ടെത്തിയിരുന്നില്ല.
ഇതിനിടെ ക്ലാസിലെ പലയിടങ്ങളില്‍ നിന്ന ‘സാര്‍ സാര്‍’ വിളികള്‍ മുഴങ്ങാന്‍ തുടങ്ങി. ഒരു സാര്‍ വിളി കേട്ട് അങ്ങോട്ട പോകുമ്പോള്‍ അപ്പുറത്ത് നിന്ന് അതാ അടുത്ത വിളി.

ഒരു വിളി , രണ്ടു വിളി, തുരു തുരാ വിളി! 
അന്തമില്ലാത്ത പരാതികള്‍ വിളികളെ അനുഗമിച്ചു. 

പണി പാളി എന്ന് എനിക്ക് ബോധ്യമായി.

അതിനിടക്ക് ആരോ കരയുന്ന ശബ്ദം.

ഞാന്‍ ഓടി അടുക്കുമ്പോള്‍ അവിടെ നല്ല സൂപ്പര്‍ ഇടി ലൈവ് ടെലികാസ്റ്റ് ആയി നടന്നു കൊണ്ടിരിക്കുകയാണ്. 
ആരോ ആരെയോ അടിച്ചെന്നോ അമ്മയെക്കുറിച്ച് വേണ്ടാത്തത് പറഞ്ഞെന്നോ പെന്‍സില്‍ വെച്ച് മൂക്കില്‍ കുത്തിയെന്നുമൊക്കെയായി പരാതികള്‍ നീണ്ടു.  
ഒരു വിധത്തില്‍ അതെല്ലാം പറഞ്ഞൊതുക്കി തിരിച്ചു വരുമ്പോഴേക്കും അന്തരീക്ഷത്തില്‍ വീണ്ടും കൈകള്‍ ഉയരുന്നു. 
സാര്‍ വിളികള്‍ അധികരിക്കുന്നു.
റോക്കറ്റുകള്‍ പറക്കുന്നു.
ഉശിരന്‍ സംഘട്ടന രംഗങ്ങള്‍ അരങ്ങേറുന്നു.
ഇടക്കെവിടെയൊക്കെയോ നിലവിളി ശബ്ദങ്ങള്‍ .

ഇതിനിടക്ക് ഏതോ ഒരു നല്ല കുട്ടി എഴുന്നേറ്റു എന്നോട് ചോദിക്കുന്നു  
“വൈ യൂ നോ ടെയ്ക്ക് ക്ലാസ്?”. ഞാന്‍ ക്ലാസ് എടുക്കാത്തത് എന്താണെന്നു.
എനിക്ക് ഉത്തരം മുട്ടി.

‘ഇങ്ങനൊരു യുദ്ധക്കളത്തിനെ ആരാണാവോ ക്ലാസ് എന്ന് വിളിച്ചത്’ എന്ന് കരുതി ഞാന്‍ നിസ്സഹായനായി നിന്നു. എങ്ങിനെയെങ്കിലും പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെട്ടാലോ എന്ന് വരെ ആലോചിച്ചു. ജീവിതത്തില്‍ എന്നെങ്കിലും  ഇത്രയും കൊച്ചു കുട്ടികളുടെ മുന്നില്‍ ഇത്രയും ഭയചകിതനായി നില്‍ക്കേണ്ടിവരും എന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല എന്ന് സങ്കടപൂര്‍വം ഓര്‍ത്തു.
അതിനിടക്ക്, മറ്റൊരു പെണ്‍കുട്ടി ബെഞ്ചില്‍ നിന്ന് എഴുന്നേറ്റ് എന്‍റെ അടുത്ത വന്നു നിന്ന് ദൈന്യ ഭാവത്തില്‍ ഒരു വിരല്‍ ചുണ്ടോടു ചേര്‍ത്ത് മൊഴിഞ്ഞു.

“സാര്‍, 1 ടോയ്ലെറ്റ് സാര്‍”

ആവശ്യം വളരെ സിമ്പിളും അവഗണിക്കാന്‍ ആവാത്തതുമാണല്ലോ.

“യെസ്. ഗോ ആണ്ട് കം”

ഞാന്‍ മൊഴിയേണ്ട താമസം കൂടുതല്‍ കൈകള്‍ വാനില്‍ ഉയര്‍ന്നു. 
എല്ലാവരും ഒരേ ദൈന്യതയില്‍ എന്നെ നോക്കി “വണ്‍ ടോയ്ലെറ്റ്”ഇന് അപേക്ഷിച്ചു. 
ഇത്രയും ‘അടിസ്ഥാനമായ ഒരു ആവശ്യമൊക്കെ അനുവദിച്ചില്ലെങ്കില്‍ താന്‍ എന്ത് സാര്‍ ആണെടോ’ എന്ന് മനസ്സില്‍ കരുതി ഞാന്‍ അവരോടും പോയി വരാന്‍ അപേക്ഷിച്ചു.
അപോഴാണ് ക്ലാസിനു മുഴുവന്‍ മൂത്രശങ്ക പിടിപെട്ടിടുണ്ടെന്നു  എനിക്ക് മനസ്ലായത്. 

ഒന്നൊഴിയാതെ എല്ലാവരും കൈകള്‍ ഉയര്‍ത്തി “സാര്‍” “സാര്‍” എന്ന് മന്ത്രം ചൊല്ലി എന്നെ വളയാന്‍ തുടങ്ങി. ആര്‍ത്തിരമ്പി വരുന്ന വൈറ്റ് വാക്കെര്സിനെ കണ്ട നൈറ്റ് വാച്ചിന്റെ അവസ്ഥയായി എന്റെത്.
എല്ലാവരോടും സമാധാനപരമായി സീറ്റുകളിലെക്ക് പിരിഞ്ഞു പോകാന്‍ ഞാന്‍ അപേക്ഷിച്ചു, നോ രക്ഷ.
ശബ്ദം ഉയര്‍ത്തി നോക്കി. എന്നിട്ട് പറഞ്ഞു

“ഒരു സമയത്ത് ഒരാള്‍ മാത്രം. പോയവന്‍ തിരിച്ചു വരട്ടെ. എന്നിട്ട് പോകാമല്ലോ”
ഞാന്‍ പുള്ളാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു,

അപ്പോഴാണ്‌ ഞെട്ടിക്കുന്ന ആ സത്യത്തിലേക്ക് എന്‍റെ ശ്രദ്ധ ക്ഷണിക്കപ്പെട്ടത്. ഒന്നിന് പോകാനായി പുറത്തു പോയ ആണ്‍കുട്ടികളില്‍ ഒരുത്തന്‍ പോലും തിരിച്ചു വന്നിട്ടില്ല. ക്ലാസിനു പുറത്തേക്കു ഓടി ഇടനാഴിയില്‍ നിന്ന് ജനലിലൂടെ വെളിയിലേക്ക്  നോക്കിയ ഞാന്‍ ഇവന്മാര്‍ എല്ലാം സസുഖം മൈതാനത്ത് വിളയാടുന്നത് കണ്ടു.

എന്റെ ഭാഗത്തും തെറ്റുണ്ട്.
“പോയി വരൂ” എന്നല്ലാതെ “പോയിട്ട് എപ്പ വരണം” എന്ന് ഞാന്‍ പറഞ്ഞിരുന്നില്ലല്ലോ.
‘അങ്ങനെ ഗ്രൗണ്ടില്‍ ഇഷ്ടാനുസരണം ഓടിനടക്കുന്ന ആമ്പിള്ളേരെ വിളിച്ചോണ്ട് വരാന്‍ പുറത്തേക്കിറങ്ങിപ്പോണോ? ഇനി പോയാല്‍ ക്ലാസിലെ കുരുക്ഷേത്ര യുദ്ധത്തിനു ആര് സമാധാനം പറയും?  പുറത്തു പോയവനെ വിളിച്ചു കൊണ്ട് വരാന്‍ ആളെ വിട്ടാല്‍ ഇനി അവനെ എവിടെ പോയി കണ്ടുപിടിക്കും? ‘

എന്നിങ്ങനെ നൂറായിരം ചോദ്യങ്ങളുടെ സസ്പെന്‍സ് മുന്നില്‍ നിരന്നു നില്‍കുമ്പോള്‍ ബെല്ലടിച്ചു.
ആശ്വാസം.

ഇന്റെര്‍വല്‍ കുട്ടികളെ മാത്രം ഉദ്ദേശിച്ചല്ല എന്ന ഒരു തിരിച്ചറിവ് ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ സ്വാംശീകരിച്ചു.

വരാനിരിക്കുന്ന ഒരുപാട് തിരിച്ചറിവുകളെ നേരിടാന്‍ ധൈര്യം സംഭരിച്ച് ക്ലാസിനു മുന്നിലെ ഇടനാഴിയില്‍ 4 B യിലെ  ഒന്നാമത്തെ വിദ്യാര്‍ഥി അതുല്‍ സാര്‍ നിന്നു. പഠിപ്പിക്കാന്‍ തിരക്ക് കൂട്ടി 30 കുട്ടി മാഷുമ്മാര്‍ അപ്പോഴും അതുല്‍ സാറിനെ വളയുന്നുണ്ടായിരുന്നു.

No comments:

Post a Comment

ഒന്നും ഒന്നും?

“ ടെക് യുവര്‍ നോട്ട്ബുക്ക് ആന്‍ഡ്‌കോപ്പി ദിസ്‌ ഡൌണ്‍! ” തലേന്ന് പഠിപ്പിച്ച സൌരയൂഥത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ബോര്‍ഡില്‍ എഴുത...