ശരണ്‍

“സാര്‍. ഇന്ത ക്ലാസില്‍ നാനും നീങ്കളും പാര്‍ട്ട്‌നര്‍സ്. ഓക്കേ വാ സാര്‍?”
 ഒരു സുപ്രഭാതത്തില്‍, കോമ്രേഡ് ശരണ്‍ ആവേശഭരിതനായി തന്റെ ആശയം മുന്നോട്ടു വെച്ചു.

“ഓക്കേ വാ സാര്‍?”
 ആനക്കൂട്ടം ഉഴുതുമറിച്ച കരിമ്പിന്‍കാട് പോലെ കിടന്ന ക്ലാസ്റൂമിനെ നോക്കി അന്തം വിട്ടു നിന്നിരുന്ന സാര്‍, സംശയാലുവായി കൊമ്രെഡിനെ നോക്കി.

“പാര്‍ട്ട്‌നര്‍സോ? നിങ്ങള്‍ തെളിച്ചു പറയണം ഹേ മിസ്ടര്‍”
അസ്ഥാനത്ത് കിടന്നിരുന്ന മേശയുടെ ഒരു വശം പൊക്കിക്കൊണ്ട് സാര്‍ ആവശ്യപെട്ടു.

“അതായത് സാര്‍, ഈ പടത്തിലെല്ലാമേ പാക്കലയാ,സാര്‍?”
മേശയുടെ മറുവശം പൊക്കി അവനെ യഥാസ്ഥാനത്ത് നിക്ഷേപിക്കാന്‍ സഹായിച്ച് ശരണ്‍ മൊഴിഞ്ഞു.

“പാര്‍ട്ണര്‍ സര്‍ - നന്പന്‍ -പങ്കാളി- പങ്കാളി”
സുസ്മേരവദനനായി നില്‍ക്കുന്ന ശരണിനെ സൂക്ഷിച്ചു നോക്കിയപ്പോള്‍ സാറിനു കാര്യം പിടികിട്ടി.

താന്‍ കഷ്ടപ്പെട്ട് വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിക്കുന്ന ‘IV B ക്ലാസ്’ എന്ന മനോഹരമായ പ്രസ്ഥാനത്തെ മിസ്ടര്‍ ശരണ്‍ ഒരു കുടില്‍വ്യവസായമായാണ് കണ്ടിരിക്കുന്നത്! തുടക്കത്തിലേ പങ്കു ചേര്‍ന്ന് പാതിലാഭം കൈക്കലാക്കലാണ് കൊടും ഭീകരന്റെ ലക്‌ഷ്യം.
സാറിന്റെ ചങ്ക് ചെറുതായിട്ടൊന്നു പിടഞ്ഞശേഷം പൂര്‍വസ്ഥിതിയിലായി.

“ഓക്കേ വാ സാര്‍?”
കോമ്രേഡ് അക്ഷമനായി.

എന്ത് പറയണമെന്നറിയാതെ ഗുരുവരന്‍ ആശയക്കുഴപ്പത്തില്‍ നില്‍ക്കവേ ക്ളാസിനുള്ളിലേക്ക് ദേവകുമാറും സംഘവും മാസ് എന്‍ട്രി നടത്തി.

“വാട്ട് സാര്‍? എന്ന ഡേയ് ശരണ്‍?”
കുസൃതിച്ചിരി ചിരിച്ച് ദേവകുമാര്‍ കുശലാന്വേഷണങ്ങള്‍ നടത്തി.

ശരണിനോട് സീറ്റില്‍ ഉപവിഷ്ടനാകാന്‍ ആവശ്യപ്പെട്ട് സാര്‍ ക്ലാസിനു നേരെ തിരിഞ്ഞു.
ക്ലാസ് മൊത്തം ഒരു നയനപ്രദക്ഷിണം നടത്തി.

ക്ലാസിന്റെ വിവിധ പാര്‍ശ്വങ്ങളിലായി ചോട്ടാ സംഘങ്ങള്‍ നിലയുറപ്പിച്ചിരിക്കുന്നു.

തലേന്ന് സണ്‍ ടീവിയില്‍ കണ്ട തമിഴ് തിരൈപ്പടത്തിന്റെ താത്വികമായ അവലോകനങ്ങളാണ് ചിലയിടങ്ങളില്‍.

ചിലയിടങ്ങളില്‍ ക്ലാസിലെ ചുരുളഴിയാത്ത കളവു കേസുകള്‍ക്ക് തുമ്പ് കണ്ടെത്തലും മറ്റു ചിലയിടങ്ങളില്‍ ഊര്‍ജിതമായ അതിര്‍ത്തിത്തര്‍ക്കങ്ങളും.

ക്ലാസ് രാവിലെ തന്നെ സജീവമാണ്.

പണ്ടൊക്കെ തന്റെ ടീച്ചര്‍മാര്‍ “നിന്റെയൊക്കെ ബഹളം അങ്ങ് അഞ്ചല്‍പെട്ടി കവലയില്‍ നിന്നാല്‍ കേള്‍ക്കാമല്ലോഡാ” എന്ന് പറഞ്ഞിരുന്നത് ഇമ്മാതിരി ബഹളത്തെക്കുറിച്ചായി യിരിക്കണം എന്ന് അതുല്‍ സാര്‍ ഓര്‍ത്തു,

കര്‍ത്തവ്യബോധം അതുല്‍ സാറിനെ മാടിവിളിച്ചു. ഗംഗാധര്‍ ശക്തിമാനായി മാറുംപോലെ കറങ്ങിത്തിരിഞ്ഞ് IV B ക്ക് മുന്നില്‍ മൂപ്പര്‍ ടീച്ചറായി അവതരിച്ചു.

“ഠേരോ സ്ടുഡന്റ്സ്, ലെറ്റ്‌ അസ് സ്ടാര്‍ട്ട്‌ ദി പ്രെയര്‍”
അതുല്‍ സാറില്‍ നിന്നും അപ്രതീക്ഷിതമായി നിര്‍ഗളിച്ച ശബ്ധതരംഗങ്ങളെ ബഹുമാനിച്ച് പസങ്കകളില്‍ മിക്കവരും സ്വസ്ഥാനങ്ങളിലേക്ക് മടങ്ങി കൈകൂപ്പി കണ്ണടച്ച് പ്രാര്‍ഥനാ ഗാനം പാടാനൊരുങ്ങി.

സാറിന് സന്തോഷമായി.
 എങ്കിലും കോമ്രേഡ് ശരണ്‍ തനിക്കടുത്ത് തന്നെ ചുറ്റിപ്പറ്റി നില്‍പ്പാണല്ലോ.

“എന്താ മിസ്റ്റര്‍ ശരണ്‍?”

“സാര്‍, ഞാന്‍ പറഞ്ഞ കാര്യം- നമ്മ രണ്ടും പാര്‍ട്ണര്‍സ്....”

‘ഇവനിത് ഇത് വരെ മറന്നില്ലേ.’ സാര്‍ ചിന്തിച്ചു.

“ശരി, നമുക്ക് പരിഹാരമുണ്ടാക്കാം ശരണ്‍. നീ ഇപ്പൊ ആ സീറ്റില്‍ പോയി നിശ്ചലനായാലും”

 “ഡബിള്‍ ഓക്കേ സാര്‍”

‘താനും സാറും ഷെയറിട്ടു നടത്തുന്ന ക്ലാസ്’ എന്ന മനോഹര സങ്കല്‍പവും നെഞ്ചിലേറ്റി, തെളിഞ്ഞു കത്തിയ 100 വാട്ട് ബള്‍ബിനെപ്പോലെ പ്രകാശം പരത്തി ശരണ്‍ സീറ്റിലേക്ക് പറന്നു. കൈകൂപ്പി നിശ്ചലനായി.

“നീരാടും കടലുടുത്ത നിലമടന്തൈ കെഴിലോഴുകും
സീരാറും വദനമെന തികഴ്ഭരത കണ്ടമിതില്‍”
തമിഴ് നാടിനെ പ്രകീര്‍ത്തിക്കുന്ന പ്രാര്‍ഥനാ ഗാനം അന്തരീക്ഷത്തില്‍ അലയടിച്ചു.

രാവിലെ സാപ്പിട്ട് വന്ന ഇഡ്ഡലി-സാമ്പാര്‍ കോമ്പിനേഷനുകളുടെ ഊര്‍ജം ചുണ്ടുകളില്‍ നിന്നും കാതുകളിലേക്ക് പ്രവഹിച്ചു.

“ശഠേ”നന്ന് തീര്‍ത്ത പ്രാര്‍ത്ഥനയ്ക്കുശേഷം നടന്ന ഉന്തിനും തള്ളിനുമിടയ്ക്ക് തങ്ങള്‍ ഭാരതത്തിന്റെ അഖണ്ടത കാത്തുസൂക്ഷിക്കുമെന്നു പ്രതിജ്ഞ ചെയ്ത് ക്ലാസ്, ബെഞ്ചുകളിലേക്ക് ചാഞ്ഞു.

ക്ലാസില്‍ അന്ന് ഹാജരായ പ്രതികളുടെ കണക്കെടുക്കാന്‍ അറ്റെന്‍ഡന്‍സ്‌ റെക്കാര്‍ഡ് എന്ന പ്രതിഭാസത്തിനായി സാര്‍ തിരഞ്ഞു.
സംഗതി മിസ്സിംഗ്‌ ആണ്.

“അറ്റെന്‍ഡന്‍സ്‌ ബുക്ക്, ഓഫിസിലായിരിക്കും സാര്‍”
ബുദ്ധിപരമായ ആ ഉപദേശം ‘പാര്‍ട്ണര്‍’ ശരണില്‍ നിന്നുമാണ്.

ആവാം. ആവാന്‍ ചാന്‍സുണ്ട്.

“മിസ്റ്റര്‍ ശരണ്‍, ക്യാന്‍ യു ഗെറ്റ് ദി അറ്റെന്‍ഡന്‍സ്‌ ഫ്രം ഓഫീസ് ഫോര്‍ മീ?”

“എപ്പോ പോയീന്നു ചോദിച്ചാല്‍ മതി സര്‍”
പാര്‍ട്ണര്‍ഷിപ്പിലെ ആദ്യ ദൌത്യം ഏല്‍പിക്കപ്പെട്ട സന്തോഷത്തില്‍ ശരണിന്റെ മുഖം വിളങ്ങി.
25 സെക്കണ്ടിന്റെ റെക്കോര്‍ഡ് വേഗത്തില്‍ ലവന്‍ അറ്റെന്‍ഡന്‍സുമായി തിരിച്ചെത്തി.

“ഗുഡ് ജോബ്‌ ശരണ്‍”
സാറില്‍ നിന്നും അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങിയ ശരണ്‍ സിക്സര്‍ കണ്ട ചീര്‍ ഗേള്‍സിനെപ്പോലെ തുള്ളിച്ചാടി.

ക്ലാസില്‍ താനും സാറും പാര്‍ട്ണര്‍സ് എന്ന ആ സുന്ദര സുരഭില സത്യം മനസ്സിലിട്ടു താലോലിച്ചു ശരണ്‍ തന്റെ സീറ്റിലേക്ക് നടന്നു നീങ്ങി.

ആ നിമിഷം മുതല്‍ ശരണ്‍ അവന്റെ വാഗ്ദാനം നിറവേറ്റാന്‍ വെമ്പുകയായിരുന്നു എന്ന് വേണം പറയാന്‍.
അതുല്‍ സാറിന്‍റെ എന്ത് ആവശ്യത്തിനും ശരണ്‍ തല്‍ക്ഷണം പ്രത്യക്ഷനായിത്തുടങ്ങി.

“ശരണ്‍, അപ്പുറത്തെ ക്ലാസില്‍ നിന്നും ഒരു റെഡ് പെന്‍ വാങ്ങിയിട്ടു വാ”
ശരണ്‍ ഓടുകയായി.

“ശരണ്‍, സവിത മിസ്സിന്റെ കയ്യില്‍ നിന്നും ഒരു മാര്‍ക്കര്‍ വാങ്ങി വാ”
അഞ്ചു നിമിഷത്തിനുള്ളില്‍ മൂന്നു മാര്‍ക്കറുകളുമായി ശരണ്‍ എത്തിക്കഴിഞ്ഞു.

“ശരണ്‍, സത്തനവ് (ഉച്ചക്കഞ്ഞി) റെഡിയായോന്നു നോക്കീട്ടു വാ”
സത്തനവ് റെഡിയായിട്ട് ഒരു നാഴികയും മുപ്പത്തിരണ്ട് വിനാഴികയും കടന്നുപോയിരിക്കുന്നു എന്ന മര്‍മപ്രധാന വിവരവും ശേഖരിച്ച് അവന്‍ അണയുകയായി.

ഭക്തവത്സലനായ സാര്‍ വാ തുറക്കേണ്ട താമസം, ആജ്നാനുവര്‍ത്തി ആയ ഹനുമാനെ പോലെ ‘പാര്‍ട്ണര്‍’ ശരണ്‍ ശരവേഗത്തില്‍ അവതരിച്ചു പോന്നു.

ഓട്ടത്തില്‍ പ്രമുഖരായ ദേവകുമാറും യുവരാജുമെല്ലാം നിസ്സഹായരായി നോക്കി നില്‍ക്കേ ക്ലാസുകളില്‍ നിന്നും ക്ലാസുകളിലേക്ക് സ്വച്ഛന്ദം ചലിക്കാന്‍ ലൈസന്‍സുള്ള ഏക നാലാം ക്ലാസുകാരനായി കോമ്രേഡ് ശരണ്‍ മാറി.

ഓരോ ദൌത്യം പൂര്‍ത്തീകരിച്ചു കഴിയുമ്പോഴും ശരണിന്റെ സഹായമനസ്കത കൂടിയും ഡെലിവറി ടൈം കുറഞ്ഞും വരുന്നത് സാര്‍ ശ്രദ്ധിക്കാതിരുന്നില്ല.

അങ്ങിനെ, പതിവു പോലൊരു പ്രഭാതത്തില്‍,സാറിന്റെ വായില്‍ നിന്നും ഒരു ചെറിയ ടാസ്ക്‌ വീഴാന്‍ കാത്തിരിക്കുകയായി ശരണ്‍.
ബോര്‍ഡില്‍ എഴുതാന്‍ ചോക്കില്ല.

അപ്പുറത്തെ ക്ലാസില്‍ നിന്നും കുറച്ച ചോക്ക് വാങ്ങിവരാനായി ശരണോട് പറയാനായി അതുല്‍ സാര്‍ തിരിഞ്ഞു.

“ശരണ്‍, ചോ...”

പറഞ്ഞു മുഴുമിക്കും മുന്നേ ഓട്ടം ആരംഭിച്ച ശരണ്‍, അന്ന് ബര്‍ത്ത്ഡേ ഉണ്ടായിരുന്ന പ്രിയയുടെ ബാഗില്‍ നിന്നും ഒരു പാക്ക് ചോക്ലേറ്റ് ബലമായി കൈക്കലാക്കി വന്നു.

“ചോക്ലേറ്റ് താനേ സാര്‍? തെരിയും സാര്‍.”
ശരണ്‍ ഊളച്ചിരി ചിരിച്ചു.

ക്ലാസിന്റെ അപ്പുറത്തെ മൂലക്ക് കളര്‍ഫുള്‍ ഡ്രസ്സ്‌ ധരിച്ച പിറന്നാള്‍ കുട്ടി അപ്പോഴേക്കും കരച്ചില്‍ ആരംഭിച്ചിരുന്നു.
അതുല്‍ സാര്‍ തലയില്‍ കൈ വെച്ച് നിന്ന് പോയി.

“ഡേയ്, എന്നടാ ശരണ്‍!”
ശരണിന്‍റെ വിശ്വാസ്യതക്ക് കനത്ത ഉലച്ചില്‍ സംഭവിച്ചിരിക്കുന്നു.

“എന്ന സാര്‍? ചോക്ലേറ്റ് അല്ലയാ സാര്‍”
നിഷ്കളങ്കനായി ശരണ്‍ ചോദിച്ചു.

“നീയിനി എങ്കയും പോവ വേണാ. പുരിന്ജതാ?”
ശരണ്‍ കാണിച്ചുകൂട്ടിയ മണ്ടത്തരത്തിന്റെ ശിക്ഷയായി അതുല്‍ സാര്‍, 

1) കൊമ്രേഡിനെ നിരുത്സാഹപ്പെടുത്താന്‍ അവനെ ബാക്ക് ബെഞ്ചിലേക്ക് സ്ഥലം മാറ്റി.
2)  മാസങ്ങള്‍ നീണ്ട “ശരണ്‍സ് ഡോര്‍ ഡെലിവെറി സര്‍വീസുകള്‍”ക്ക് അന്നത്തോടെ വിരാമമിട്ടു.

കട്ടക്ക് നിരാശനായ ശരണ്‍ പക്ഷെ, അങ്ങനൊന്നും പിന്മാറാന്‍ ഉദ്ദേശിചിരുന്നില്ല.
നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ ഒരവസരത്തിനായി കോമ്രേഡ് കാത്തിരുന്നു.

അന്നുച്ചക്ക്, അതുല്‍ സാറിന്റെ കൈ തട്ടി ചോക്കുപെട്ടിയില്‍ നിന്നും രണ്ടു ചോക്ക് താഴെവീണു.
പിന്‍ബെഞ്ചില്‍ നിന്നാണെങ്കിലും ശരണ്‍ ഇത് കാണാതിരുന്നില്ല.

മുന്‍ബെഞ്ചില്‍ ഇരുന്ന അജിത്‌ ചോക്കുകഷ്ണങ്ങള്‍ പെട്ടിയില്‍ പുനസ്ഥാപിക്കാന്‍ ഒരുങ്ങുന്നതിനു മുന്നേ ഒരു മിന്നല്‍ പോലെ ശരണ്‍ പറന്നെത്തുകയായി.

“ഠിഷ്”

അജിത്‌-ശരണ്‍ ഹെഡ് ഓണ്‍ കൊളിഷനില്‍ രണ്ടു തലമണ്ടകളും പത്തു നൂറു ചോക്കുകള്‍ നിറഞ്ഞ ചോക്കുപെട്ടിയും വീണുടഞ്ഞു!
പൂര്‍ണത നഷ്ടപ്പെട്ട ചോക്കുകള്‍ അവകളുടെ മറുപാതികളെയും മുക്കാലുകളെയും തിരഞ്ഞ് വിഷണ്ണരായി.

അതുല്‍ സാര്‍ കുപിതനായി.

“മിസ്ടര്‍ ശരണ്‍. താങ്കളുടെ സേവനം ഞാന്‍ ഇപ്പൊ ഇവിടെ ആവശ്യപ്പെട്ടിരുന്നോ?”

“സാര്‍, മീ നോ സാര്‍. ദിസ്‌ ബോയ്‌ ഒണ്‍ലി സാര്‍! ”
അസഹനീയമായ നിഷ്കളങ്കത മുഖത്ത് വരുത്തി ശരണ്‍ പ്രതിവചിച്ചു.

“നോ എക്സ്ക്യൂസ്. ദാ ഈ നിമിഷം എന്റെ കണ്‍മുന്നില്‍ നിന്നും അപ്രത്യക്ഷനാവ്.”
ശരണ്‍ അപ്രത്യക്ഷനായി.

സ്ഥാനഭ്രംശവും കനത്ത മാനഹാനിയും നേരിട്ട കോമ്രേഡ് ശരണ്‍ തന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ പുതു വഴികള്‍ തേടിത്തുടങ്ങി.

ഒരിക്കല്‍ സാര്‍ കാണ്‍കെ അവന്‍ കസേരകള്‍ അടുക്കി വൃത്തിയാക്കി വെക്കാന്‍ തുടങ്ങി. പിറകിലെ കസേര അപ്രത്യക്ഷമായതറിയാതെ ഇരിക്കാന്‍ ശ്രമിച്ച മോനിഷ നടുവും തല്ലി താഴെ വീണു.

ജനലിലൂടെ സണ്‍ ഷേഡിലേക്ക് വീണ ശാലിനിയുടെ വാട്ടര്‍ ബോട്ടില്‍ അവന്‍ എടുത്തു കൊടുക്കാമെന്ന് ഏറ്റു. ശരണിന്‍റെ ഉദ്യമങ്ങളില്‍ ശാലിനിയുടെ കുടയും അതെടുക്കാന്‍ ശ്രമിക്കവേ ക്ലാസിലെ ചൂലും സണ്‍ ഷേഡില്‍ വീണു.

യുവരാജിന്റെ തെളിയാത്ത പേന “ഇപ്പൊ ശരിയാക്കിത്തരാം” എന്ന് പറഞ്ഞ് അവന്‍ തട്ടിപ്പറിച്ചു.പേന തെളിയിക്കല്‍ പരീക്ഷണങ്ങള്‍ക്കൊടുവില്‍ പകുതി മഷി ശരണിന്റെ വായിലും ബാക്കി പകുതി യുവരാജിന്റെ ഷര്‍ട്ടിലും വീണു.

ചക്കിനു വെച്ചതെല്ലാം കൊക്കിലേക്ക് മാത്രം കൊണ്ടുകൊണ്ടിരിക്കെ കോമ്രേഡ് അതീവ നിരാശനായി. 9000 കോടി മോഷ്ടിച്ച് മുങ്ങിയ വിജയ്‌ മല്യയോട് ഇന്ത്യന്‍ ജനതയ്ക്കുണ്ടായതു  പോലൊരു രോഷം കഥാനായകന്‍  ചുരുങ്ങിയ കാലയളവില്‍ ക്ലാസില്‍ നിന്നും നേടിയെടുത്തു.
പിറ്റേന്ന് ഉച്ചയൂണിനു ശേഷം റോന്തു ചുറ്റവേ ശരണിന്റെ സീറ്റിനു സമീപത്ത് അസ്വാഭാവികമാം വിധം സാമ്പാര്‍ സാദം തൂളി കിടക്കുന്നു.

സാര്‍ ആരാഞ്ഞു.

“മിസ്ടര്‍ ശരണ്‍, ഡോണ്ട് യൂ നോ ദാറ്റ്‌ യു ഷുഡ് ക്ലീന്‍ യുവര്‍ പ്ലെയ്സ് ആഫ്റ്റര്‍ യു ഈറ്റ്?”

“നാന്‍ അല്ല സര്‍. ദിസ്‌ ബോയ്‌ ഒണ്‍ലി സാര്‍!”
 അക്വാഫിന കുപ്പിയില്‍ നിന്ന് വെള്ളം ഗുമു ഗുമാ ന്ന് അണ്ണാക്കിലേക്ക് ഇറക്കുന്നത് പോസ് ചെയ്ത് ശരണ്‍ തൊട്ടടുത്തിരുന്ന വേല്‍മുരുകനെ ചൂണ്ടി.

“നോ സാര്‍. ഐ ഈറ്റ് മീന്‍ കുഴംബ് സാര്‍ ടുഡേ. ശരണ്‍ ഈറ്റ് സാമ്പാര്‍ സാദം സാര്‍. സീ സാര്‍, സാമ്പാര്‍ സാദം”
അടിപൊളി. വേല്‍മുരുഗന്‍ തെളിവുമായി വന്ന സ്ഥിതിക്ക് ഇനി രക്ഷയില്ല.

മനസ്സില്ലാമനസ്സോടെ ശരണ്‍ അവന്‍ ഉക്കാറും ഇടം വൃത്തിയാക്കാന്‍ തുടങ്ങി.

ഉച്ചയൂണ് കഴിഞ്ഞ് ഊര്‍ജിതരായി തിരിച്ചെത്തിയ കുട്ടികളെ സര്‍ അഭിസംബോധന ചെയ്തു.
“ക്ലാസ്”
ജനാലപ്പടിയില്‍ ഇരുന്ന കാക്ക മാത്രം തിരിഞ്ഞുനോക്കി.

“ക്ലാസ് ന്ന്”
അതുല്‍ സാര്‍ ഘനഗംഭീരനായി ശബ്ദം ഉയര്‍ത്തി.

“എസ് സാര്‍.” കവിഭാരതിയും ടീംസും സാറിനെ ഗൌനിച്ചു.
വലത്തേമൂലയില്‍ കള്ളനും പോലീസും കളിച്ചു കൊണ്ടിരുന്ന ദേവകുമാര്‍ ആന്‍ഡ് ടീമ്സിലേക്കും കുറച്ചു മാറി ചുവര്‍ചിത്രകല നടത്തിക്കൊണ്ടിരുന്ന മോനിഷ ആന്‍ഡ് ടീമ്സിലേക്കും ശബ്ദവീചികള്‍ പായിക്കാന്‍ ഒരുങ്ങവേ വേല്‍മുരുകന്‍ സാറിനു മുന്നില്‍ തെളിഞ്ഞുവന്നു.

“സാര്‍. അന്ത പയ്യന്‍ ബെഞ്ച് ഫുള്ളാ തണ്ണി ഊത്തീട്ടാ സാര്‍”
ശരണിന് എതിരെ അടുത്ത പരാതിയാണ്.

“ബ്ലിസ്റ്ററിംഗ് ബാര്‍ണിക്ക്ല്സ് ആന്‍ഡ്‌ തണ്ടറിംഗ് ടൈഫൂണ്സ് !!”
അതുല്‍ സാറിന്റെ കോപം ചില്‍ഡ് ബിയര്‍ക്കുപ്പിയില്‍ നിന്നെന്ന പോലെ പതഞ്ഞു പൊങ്ങി.

ഗുമു ഗുമാന്നു വെള്ളം കുടിച്ചു കൊണ്ടിരുന്ന ശരണ്‍ തന്റെ ബോട്ടില്‍ അടച്ചുവെക്കാതെ സംഭവസ്ഥലം വൃത്തിയാക്കാന്‍ ഒരുങ്ങിയതാണ് ഈ അത്യാഹിതത്തിന് ഹേതു എന്ന് അതുല്‍ സാര്‍ അനുമാനിച്ചു.

മേശപ്പുറത്തു നിന്നും കരകവിഞ്ഞൊഴുകിയ വെള്ളം നൈസ് ആയി മോനിഷയുടെ ബാഗിന് നേരെ ചലിച്ചു. കരയാന്‍ ഒരു കാരണം കാത്തിരുന്ന മോനിഷ, ആദ്യ തുള്ളി ബാഗില്‍ പതിച്ചതും നിലവിളി ശബ്ദം പുറപ്പെടുവിച്ചു,

ശരനെ ചുട്ടെരിക്കുന്ന സൈസ് ഒരു നോട്ടം നോക്കി അതുല്‍ സാര്‍ അലറി.
“വാട്ട് ഈസ് ദിസ്‌, ശരണ്‍?”

“ദിസ് ബോയ്‌ ഓണ്‍ലി സാര്‍”
 ഹോട്ടലില്‍ കച്ചറയുണ്ടാക്കിയതിനു ശേഷം കിലുക്കത്തിലെ നന്ദിനി ജോജിയോടു പറഞ്ഞ അതെ ഭാവത്തില്‍ ശരണ്‍ മൊഴിഞ്ഞു.

“ഇനി മേലാല്‍ ദിസ് ബോയ്‌ ദാറ്റ് ബോയ്‌ നന്നു പറഞ്ഞാല്‍ സുട്ടിടുവേന്‍.”
അതുല്‍ സാര്‍ ശരണിന് അവസാനതാക്കീത് നല്‍കി.

“ഒകേ സാര്‍”

“ആ, ഇപ്പൊ ഇത് ക്ലീന്‍ പണ്ണ്”

“അത് സിമ്പിള്‍ അല്ലെ സാര്‍. സാര്‍ പൊയ്ക്കോ സാര്‍. ഇത് ഞാന്‍ ഇപ്പൊ റെഡി ആക്കിത്തരാം”
 ശരണിനെ വിശ്വസിച്ചു അതുല്‍ സാര്‍ ക്ലാസിലേക്ക് തിരിഞ്ഞു.

“വണ്‍ ടു,”
സാര്‍ അലറി.

“ഐസ് ഓണ്‍ യൂ”
പിള്ളേരെ പറ്റിക്കാനുള്ള പരിപാടിയാണ്. സാര്‍ ഒരു കോഡ് വേര്‍ഡ്‌ പറയുമ്പോ കുട്ട്യോള്‍ മറ്റൊരു കോഡ് തിരിച്ചുപറയണം എന്നാണ് ഈ കളിയുടെ നിയമം. അങ്ങനെ എല്ലാരുടെം ശ്രദ്ധ സാറില്‍ എത്തിക്കഴിയുമ്പോ പഠിപ്പിക്കാന്‍ തുടങ്ങും. ഹൈ, എത്ര മനോഹരമായ ആചാരങ്ങള്‍.

എല്ലാവരും തന്നെ നോക്കുന്നുണ്ടെന്നു മനസ്സിലാക്കിയ സാര്‍ സന്തുഷ്ഠനായി.
പഠിപ്പിച്ചു തുടങ്ങാമല്ലോ.

“ടുഡേ, ലെറ്റ്‌സ് ടെക്ക് ഡൌണ്‍ സം നോട്ട്സ ഓഫ് ദി ചാപറ്റ്ര്‍ വീ വേര്‍ സ്ടടിയിംഗ് ഫ്രം എസ്റ്റര്‍ഡേ”

“വാട്ട് വാസ് ദി നെയിം ഓഫ് ദി ചാപ്ടര്‍, മോനിഷ?”
മോനിഷ കരച്ചില്‍ നിര്‍ത്തിയിരുന്നില്ല.

അന്തരീക്ഷത്തില്‍ മറ്റു ചില കൈകള്‍ ഉയര്‍ന്നത് കണ്ട് അതുല്‍ സാര്‍ ഉത്സുകനായി.
കുട്ട്യോള്‍ ഉത്തരം ഒക്കെ പറയുന്നത് കണ്ട് സാറിനു രോമാന്ജം വന്നു. സാര്‍ ‘ശഠേ’ ന്നു ബോര്‍ഡില്‍ എഴുത്ത് ആരംഭിച്ചു.

എല്ലാവരും ചറ പറാന്നു എഴുതുന്നത്‌ കണ്ട അതുല്‍ സാര്‍ വല്ലാണ്ടായി.
അങ്ങനെ വിജയകരമായി രോമാന്ജം കൊണ്ടുകൊണ്ടിരുന്ന സാര്‍ ശരണിന്റെ ബെഞ്ചിനു അടുതെത്തി.

നേരത്തെ മേശമേല്‍ വെള്ളം വീഴ്ത്തിയെങ്കിലും ശരണ്‍ ബുദ്ധിമാനാണ്. ആ വെള്ളം മൊത്തം വലിച്ചെടുക്കാന്‍ മേശമേലാകെ പേപ്പര്‍ വിരിച്ചിട്ടുണ്ട്.

എടാ മിടുക്കാ!

കുറച്ചു പതിയെ ആണെങ്കിലും കക്ഷി എഴുതുന്നുമുണ്ട്. ശരണിനെ വെറുത വഴക്ക് പറയേണ്ടിയിരുന്നില്ല എന്ന് സാറിനു തോന്നി. അല്ലെങ്കിലും ഈയിടെയായി തന്റെ ക്രൂരത കുറച് കൂടുന്നുണ്ട്.

“എവിടെ ശരണ്‍, നോക്കട്ടെ.?”
 അതുല്‍ സാര്‍ ശരണിന്‍റെ ബുക്കിനു വേണ്ടി കൈ നീട്ടി.

മനസ്സില്ലാമനസ്സോടെ ശരണ്‍ സയന്‍സ് ബുക്ക് സാറിനു നേരെ നീട്ടി.
ശരണ്‍ എഴുതിയിരിക്കുന്നത് നോട്ടുബുക്കിലെ ഒന്നാം പേജിലാണ്.

“എവിടെ ശരണ്‍, ഇതിന്‍റെ ബാക്കി നോട്ടു ഒക്കെ എവിടെ?”
പുഞ്ചിരിയോടെ സാര്‍ ആരാഞ്ഞു.

ശരണ്‍ മിണ്ടുന്നില്ല.

“എടാ, കഴിഞ്ഞ ക്ലാസുകളില്‍ ഞാന്‍ എഴുതിപ്പോട്ട സയന്‍സ് നോട്ടെല്ലാം എവിടേ ന്ന്?”
ശരണ്‍ നിന്ന് തല ചൊറിയുന്നു.

ശരണിന് തൊട്ടടുത്തിരുന്ന വേല്‍മുരുകന്‍ ചിരിയടക്കാന്‍ പാടുപെടവേ കരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ച മോനിഷ സധൈര്യം ആ രഹസ്യം വെളിപ്പെടുത്തി.

“സാര്‍, ശരണിന്റെ സയന്‍സ് നോട്ടിലെ പേജുകളാണ് സാര്‍ ദേ ഈ വെള്ളം വലിച്ചെടുത്തു കൊണ്ടിരിക്കുന്നത്!!”

മേശമെലേക്ക് സൂക്ഷ്മമായി ഒന്നൂടെ നോക്കിയ അതുല്‍ സാറിന്‍റെ കണ്ണ് തള്ളിപ്പോയി.
‘ആന്‍സര്‍ ദി ഫോളോവിങ്ങും’ ‘ഫില്‍ ഇന്‍ ദി ബ്ലാങ്ക്സും’ എല്ലാം വെള്ളത്തില്‍ കുതിര്‍ന്നുകിടക്കുന്നു!

‘സോളാര്‍ സിസ്റ്റം’ ഏതാണ്ട് മുഴുവനും അലിഞ്ഞു തീര്‍ന്ന മട്ടാണ്.

അതുല്‍ സാറിന്റെ കണ്ണുകളില്‍ നിന്നും കോപത്തിന്റെ ചുവന്ന രശ്മികള്‍ പ്രവഹിക്കവേ ശരണ്‍ നിഷ്കളങ്കനായി മൊഴിഞ്ഞു.

“മീ നോ സാര്‍. ദിസ് ബോയ്‌ ഒണ്‍ലി സാര്‍!!!”

No comments:

Post a Comment

ഒന്നും ഒന്നും?

“ ടെക് യുവര്‍ നോട്ട്ബുക്ക് ആന്‍ഡ്‌കോപ്പി ദിസ്‌ ഡൌണ്‍! ” തലേന്ന് പഠിപ്പിച്ച സൌരയൂഥത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ബോര്‍ഡില്‍ എഴുത...