വിപ്ലവകാരികളും സാറും- ഭാഗം രണ്ട്

“കുട്ടിപ്പസങ്കകളുടെ പ്രത്യേക ശ്രദ്ധയ്ക്ക്…”
ഓടിക്കിതച്ചു ക്ലാസിലെത്തിയ സര്‍ അനൌണ്‍സ് ചെയ്തു.

“ഏതാനും നിമിഷങ്ങള്‍ക്കകം എച് എം മിസ്‌ നമ്മുടെ ക്ലാസിനെ മൂപ്പത്തിയുടെ പാദസ്പര്‍ശത്താല്‍ അനുഗ്രഹീതമാക്കുന്നതായിരിക്കും. മനസ്സിലാവുന്നുണ്ടോ?”
പസങ്കകള്‍ കണ്ണ് മിഴിച്ചു.

അതിവിധഗ്ദ്ധമായ ഒരു റെസ്ക്യൂ ഓപറേഷന്‍ പ്ലാന്‍ ചെയ്യുന്ന മട്ടില്‍ സാര്‍ പറഞ്ഞു.
“മോനിഷയും ടീംസും ബെഞ്ചുകളില്‍ തന്നെ നിലയുറപ്പിക്കണം. ബോട്ടിലില്‍ വെള്ളം നിറയ്ക്കാനോ ടോയ്ലറ്റില്‍ പോകാനോ അനുമതി ചോദിക്കരുത്.നമ്മള്‍ നേരിടുന്നത് ശക്തനായ ഒരു എതിരാളിയെ ആണെന്ന് ഓര്‍മ വേണം”

അരുമയാന പെണ്‍കിടാങ്ങളെല്ലാം കാത് കൂര്‍പ്പിച്ചു. തലയാട്ടി.
അതുല്‍ സാര്‍ പറയുന്നതെല്ലാം അക്ഷരം പ്രതി കേള്‍ക്കാമെന്ന് ഏറ്റു.

“ ബോയ്സ്. നിങ്ങളോട് പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ. നിങ്ങളുടെ താവളങ്ങള്‍ വിട്ടു പുറത്ത് വരാനോ എതിരാളിയെ പ്രകോപിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുത്”
സാര്‍ ക്ലാസിന്റെ മൂലയ്ക്ക് കസര്‍ത്ത് കാണിക്കാന്‍ ഒരുങ്ങിയ കൊള്ളസംഘത്തിനു നേരെ തിരിഞ്ഞു.

“യാരാവത് ഒരാള്‍ സത്തം പോട്ടുന്നു വെച്ചുക്കോ, അവനെ ഉടനടി എച് എമ്മിന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് പിടിച്ചു കൊടുക്കുന്നതായിരിക്കും! ഓര്‍മയിരിക്കട്ടെ”
സര്‍ നയം വ്യക്തമാക്കി.

“ഞങ്ങ ബഹളമുണ്ടാക്കിയാല്‍ എച് എം ഉങ്കളെ വഴക്ക് പറയുമാ സാര്‍?”
ആകാശാണ്.

സാറിന്റെ ചങ്ക് ഒന്ന് ആളി.

ക്ലാസില്‍ ചിരി ഉയര്‍ന്നു.

ദേവകുമാര്‍ വിസിലടിച്ചും ശരണ്‍ ഊളച്ചിരി ചിരിച്ചും സാറിന്റെ ഫ്ലോ മുഴുവനായും കളഞ്ഞു.

“സൈലന്‍സ്!! ആര് ബഹളമുണ്ടാക്കുന്നോ, അവനെ ഉടനടി ടീ സീ തന്നു പറഞ്ഞു വിടുന്നതായിരിക്കും”
സാര്‍ അതീവഗൌരവഭാവം കൈവരിച്ചു.

“അല്ലെങ്കിലും ഇന്ത സ്കൂള്‍ മൊക്ക സ്കൂള് താന്‍ സാര്‍. ടീസി കെടച്ചാല്‍ നല്ല എതാവത് സ്കൂളിലെ പോയി പഠിക്കലാം. പിന്നല്ല”
ദേവകുമാര്‍ രംഗം വീണ്ടും വഷളാക്കിയതോട് കൂടി ക്ലാസില്‍ ഉത്സവപ്രതീതി തിരിച്ചു വന്നു.

പൊട്ടിച്ചിരികള്‍ ഉയര്‍ന്നു. റോക്കറ്റുകള്‍ പറന്നു. പല വേഗത്തില്‍, പല താളത്തില്‍ സംഭാഷണശകലങ്ങള്‍ യഥേഷ്ടം ഓടിക്കളിച്ചു നടന്നു.

വടക്ക് ഭാഗത്ത് നിലയുറപ്പിക്കാമെന്ന് കുറച്ചു മുന്പ് കരാറില്‍ ഒപ്പിട്ട മോനിഷയും കൂട്ടരും തെക്കുവടക്ക് നടന്നു തുടങ്ങി.
ക്ലാസ് അതിന്റെ സ്വാഭാവികാവസ്ഥ കൈവരിച്ചു.

‘ശാന്തസുന്ദര’ന്മാരുടെ ക്ലാസിനെ നേരിട്ട് കാണാനെത്തുന്ന എച് എം മിസ് ഈ കാഴ്ച കണ്ടാല്‍ ഉടനടി സാറിനെയും ക്ലാസിനെയും വെട്ടി തുണ്ടം തുണ്ടം ആക്കുമെന്ന് സാറിനു വ്യകതമായി.

“ക്വയറ്റ് ക്ലാസ് !!”
സാര്‍ പതിവുപോലെ അലറി.

ഒരു നിമിഷത്തെ നിശബ്ധത വീണു കിട്ടിയിട്ടുണ്ട്. സൂക്ഷിച്ചുപയോഗിക്കണം.
സാര്‍ സയന്‍സ് പുസ്തകം നിവര്‍ത്തി.

‘ലെറ്റ് അസ്‌ ടോക്ക് എബൌട്ട് സ്പേസ് ടുഡേ...’

പസന്കകള്‍ മനസ്സില്ലാമനസ്സോടെ
‘പാഠം മൂന്ന്- സൌരയൂഥം’ മുന്നില്‍ വിടര്‍ത്തിവെച്ചു.

സാര്‍ സൂര്യനെ ചുറ്റുന്ന ഭൂമിയെയും ഭൂമിയെച്ചുറ്റുന്ന ചന്ദ്രനേയും പറ്റി വ്യക്തമായി വിവരിച്ചു.
ആകാശഗോളങ്ങളില്‍ തെല്ലും താല്പര്യം പ്രകടിപ്പിക്കാതെ, ആകാശ് തലേന്ന് ചായക്കടയില്‍ കണ്ട ബോണ്ടയെ ചുറ്റുന്ന ഈച്ചകളെ വരച്ചുകൊണ്ടിരുന്നു.

“ആകാശ്!!”
സാര്‍ തീക്ഷ്ണമായ ഒരു നോട്ടം തൊടുത്തു വിട്ടു.

ആകാശ് വര നിര്‍ത്തി. എന്നിട്ട് സാറിനെ നോക്കി ഒരു ഊളച്ചിരി പാസാക്കി.

‘ഇനി ഇവന്‍ അറിഞ്ഞു കൊണ്ട് എന്തെങ്കിലും വേല വെക്കാനുള്ള ശ്രമത്തിലാണോ?! ’

കൊള്ളസന്ഘം രഹസ്യമായി എന്തൊക്കെയോ ആന്ഗ്യവിക്ഷേപങ്ങള്‍ കൈമാറുന്നത് കണ്ട സാറിന്റെ ചങ്കിടിപ്പ് കൂടി.

ക്ലോക്കിലെ സൂചി സാറിനെ നോക്കി കോക്രി കാണിച്ചു.

ഏതു നിമിഷവും എച് എം ക്ലാസില്‍ പ്രവേശിക്കാം.
ക്ലാസിലെ ബഹളം ഒരു സിംഫണി പോലെ ഉയര്‍ന്നുയര്‍ന്ന്‍ വരുന്നത് കണ്ടു നിസ്സഹായനായി സര്‍ നിന്നു.

പെട്ടെന്നാണ് ബഹളത്തിനു നടുവിലേക്ക് ഒരു സ്ത്രീരൂപം പ്രവേശിച്ചത്.

സാര്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
മീന അക്കയാണ്. സ്കൂളിലെ പ്യൂണ്‍.

പിറ്റേന്നത്തെ സ്റാഫ് മീറ്റിങ്ങിന്റെ സര്‍ക്കുലറുമായി വന്നതാണ്.
സാറിനു ആശ്വാസമായി.
സ്കൂള്‍ മുതലാളി എങ്ങാനും ആയിരുന്നെങ്കില്‍ ക്ലാസിനെയും സാറിനെയും ഇപ്പൊ പറപ്പിച്ചേനെ!

സമാധാനപൂര്‍വ്വം സര്‍ക്കുലറില്‍ ഒപ്പിടാന്‍ സാര്‍ തിരിഞ്ഞതും
‘പഠേ’ ന്നൊരു ശബ്ദം.

സാര്‍ പതിവുപോലെ ഞെട്ടിത്തിരിഞ്ഞു നോക്കി.
കാര്‍ത്തിക്ക് കരഞ്ഞു തകര്‍ക്കുന്നു.
ആകാശ് കാര്‍ത്തിക്കിന്റെ പുറത്തേക്കൊന്നു ചാംബിയതാണ്.

എന്ത് പറയണമെന്നറിയാതെ മരം പോലെ നിന്ന സാറിന്റെ നിസ്സഹായാവസ്ഥ കണ്ട് മീന അക്ക വാ പൊത്തി ചിരിച്ചു.

സ്കൂളിലെ പ്യൂണ്‍ വരെ തന്നെ പുച്ഛിച്ചത് കണ്ടു സാറിന്റെ ആത്മാഭിമാനം വ്രണപ്പെട്ടു.
സാര്‍ കയ്യിലിരുന്ന സയന്‍സ് ബുക്ക് എടുത്ത് ആഞ്ഞു മേശമെലൊന്നു പൊട്ടിച്ചു.

“സൈലന്‍സ് എല്ലാരും !!”
പൊട്ടിത്തെറിച്ച നിശബ്ദതയില്‍ പസന്കകള്‍ സാറിനെ നോക്കി.

എച് എം മിസ്‌ പത്ത് മിനിട്ടിനുള്ളില്‍ ക്ലാസിലേക്ക് വരുന്നുണ്ടെന്നു രഹസ്യം ചോര്‍ത്തിത്തന്ന് മീന അക്ക അപ്രത്യക്ഷയായി.
ഇനിയും സൌരയൂഥത്തില്‍ ഗ്രഹങ്ങളെ വട്ടം ചുറ്റിച്ചു കൊണ്ടിരുന്നിട്ടു കാര്യമില്ലെന്ന് സാറിനു മനസ്സിലായി.
സയന്‍സ് ബുക്ക് അടച്ചു വെച്ച് തന്റെ ആവനാഴിയിലെ അവസാനത്തെ അടവ് സാര്‍ പുറത്തെടുത്തു.

ബോര്‍ഡിനു വലതു വശത്ത് കിടന്ന ബെഞ്ചിനു മേല്‍ പൊടിപിടിച്ച് വിശ്രമിച്ചിരുന്ന ഡ്രോയിംഗ് ബുക്കുകളെ ആളുക്ക് ഒന്ന് വെച്ച് തൊടുത്തു വിടാന്‍ സാര്‍ മോനിഷയോട് ആഹ്വാനം ചെയ്തു.

തുറുങ്കില്‍ അടയ്ക്കപ്പെട്ടിരുന്ന ക്രയോണ്‍ ബോക്സുകള്‍ വെളിച്ചം കണ്ടു.
ക്ലാസിലെ കാലാവസ്ഥ മാറി. കുട്ടികളുടെ മുഖം തെളിഞ്ഞു ; സാറിന്റെയും.

“ആഹ്ലാദിപ്പിന്‍, അര്‍മാദിപ്പിന്‍!”
സാര്‍ വീണ്ടും ആഹ്വാനം ചെയ്തു.

“ആര്‍ക്കും വരക്കാം. എങ്ങനെയും വരക്കാം. ഒറ്റ കണ്ടീഷനെ ഉള്ളൂ. ദയവു ചെയ്തു, ബഹളം എന്ന് പറയുന്ന വസ്തു മാത്രം ഉണ്ടാക്കരുത്”
ക്രയോണുകളുടെ വര്‍ണശബളിമയില്‍ കണ്ണ് മഞ്ഞളിച്ച കുട്ടിപ്പസങ്കകളുടെ ആഹ്ളാദാരവങ്ങളില്‍ സാറിന്റെ ആഹ്വാനം മുങ്ങിപ്പോയി.

തല്ലു കൊണ്ട കാര്‍ത്തിക്കും കൊടുത്ത ആകാശും മറ്റു വിരുതന്മാരും വിരുതത്തികളും ഡ്രോയിംഗ് ബുക്കുകളിലെക്ക് പതിയെ നൂഴ്ന്ന് ഇറങ്ങി.
ഇതിനിടെ മറ്റാര്‍ക്കും കൊടുക്കാതെ തനിക്ക് മാത്രം വരയ്ക്കാനായി പന്ത്രണ്ടു കളറും തികച്ചുള്ള ഒരു ക്രയോണ്‍ ബോക്സ് ആകാശ് കൈവശപ്പെടുത്തി.

സാര്‍ മന്ദഹസിച്ചു.

എച് എമ്മിനെ പറ്റിക്കാനുള്ള സാറിന്റെ ഈ മാസ്റ്റര്‍ പ്ലാനിനു പിന്നിലെ പ്രചോദനം തന്നെ ആകാശാണ്.
സാറിന്റെ ക്ലാസുകളെ നിരന്തരം അട്ടിമറിച്ചുകൊണ്ടിരുന്ന ആകാശിന്‍റെ ഒരേയൊരു വീക്നെസ്സ്
‘നിറങ്ങള്‍’ ആണെന്ന് സാര്‍ ഇതിനോടകം കണ്ടുപിടിച്ചിരുന്നു.

അതുകൊണ്ട് തന്നെ ഈ പദ്ധതിക്ക് മൂപ്പര്‍ തുരങ്കം വെയ്ക്കാനുള്ള സാധ്യത വളരെ വിരളമാണ്.

‘വെല്‍ ഡണ്‍ മൈ ബോയ്‌’
ക്ലാസിലെ ശബ്ദതിരമാലകള്‍ അങ്ങനെ ഏകദേശം കെട്ടടങ്ങിയത് കണ്ട് സാര്‍ സ്വയം തോളില്‍ തട്ടി അഭിനന്ദിച്ചു.

അങ്ങനെ ശാന്തമായൊരു ക്ലാസിലേക്കാണ് മന്ദം മന്ദം ഭവതി എച് എം കടന്നു വരുന്നത്.
ക്ലാസിലെ അപ്രതീക്ഷിതമായ ശാന്തത കണ്ട് എച് എം ഞെട്ടി.
കണ്ണട ഒന്ന് നേരെയാക്കി മൂപ്പത്തി കാഴ്ചകള്‍ സത്യസന്ധമാണെന്നു ഉറപ്പു വരുത്തി.

“ഇതെന്താ സാര്‍ അതിരാവിലെ തന്നെ ഇവര്‍ക്കെല്ലാം ഡ്രോയിംഗ് കൊടുത്തിരിക്കുന്നത്?”
എച് എം ഗൌരവത്തില്‍ ആരാഞ്ഞു.

“അല്ല മിസ്സ്‌, അതിരാവിലെ വരക്കുന്നത് ബുദ്ധിവികാസത്തിനു വളരെ നല്ലതാണെ ന്നാണല്ലോ”

“ആര് പറഞ്ഞു?”

“ആരാണെന്ന് ഓര്‍ക്കുന്നില്ല മിസ്സ്‌. പക്ഷെ സംഭവം സത്യമാണ്.”

എച് എം ബെഞ്ചുകള്‍ക്ക് സമീപം റോന്തു ചുറ്റാന്‍ ആരംഭിച്ചു.
കാര്‍ത്തിക്കും അജിതുമെല്ലാം വരയോട് വര തന്നെ.

“ഇവന്‍ പ്രശ്നമുണ്ടാക്കുന്നുണ്ടോ സാര്‍?”
കാര്‍ത്തിക്കിനെ ചൂണ്ടി എച് എം ചോദിച്ചു.

“അങ്ങനൊന്നുമില്ല മിസ്സ്‌, ഇടയ്ക്കൊക്കെ.”
“ഓഹോ. അങ്ങനെയാണോ!”
പഠേ!! കാര്‍ത്തിക്കിന്റെ തുടക്കിട്ട് ഒന്ന് കിട്ടി. എച് എമ്മിന്റെ കയ്യിലിരുന്ന മുപ്പതു സെന്റിമീറ്ററിന്റെ തടി സ്കെയില്‍ നിന്ന് വിറച്ചു.

“ഇവനോ?”
ഇത്തവണ വിരല്‍ നീണ്ടിരിക്കുന്നത് അജിത്തിന് നേരെയാണ്.

“ഇല്ല മിസ്സ്‌. അവന്‍ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കാറില്ല”
പഠേ! അജിത്തിന്‍റെ തുടയ്ക്കിട്ടും കിട്ടി ഒന്ന്.
“ഇനി മേലാലും ഉണ്ടാക്കരുത്. അതിനാണ്”
കുലുങ്ങി ചിരിച്ചു കൊണ്ട് എച് എം പറഞ്ഞു.

“ഇവരെല്ലാം വിളഞ്ഞ വിത്തുകളാണ് സാര്‍. ഉങ്കളുടെ തലയില്‍ കേറിയിരുന്ന് ചെവി തിന്നുന്നുണ്ടാവും. എനിക്കറിയാം”
എന്ത് പറയണമെന്നറിയാതെ വിഷണ്ണനായി സാര്‍ നിന്നു.

അന്തരീക്ഷം സൂക്ഷമായി നിരീക്ഷിച്ചു റോന്തു ചുറ്റിയ കുറ്റാന്വേഷക ആകാശിന്റെ മേശയുടെ അടുത്ത് വന്നു നിശ്ചലയായി.

സാര്‍ അപകടം മണത്തു.
എച് എം ആകാശിന്റെ ഡ്രോയിംഗ് ബുക്കില്‍ തന്നെ സൂക്ഷിച്ചു നോക്കി നില്‍ക്കുകയാണ്.
സാറിന്റെ നെഞ്ചിടിപ്പ് കൂടി!

‘എന്ത്‌ മാങ്ങാത്തൊലിയാണോ ദൈവമേ ഇവന്‍ വരച്ചുവെച്ചിരിക്കുന്നത്?”
സാര്‍ ചിന്തിച്ചു കാട് കയറി.

‘ഇനി എങ്ങാനും എച് എമ്മിന്റെ പടം വല്ലതുമാണോ!’
മുന്‍പൊരിക്കല്‍ അതുല്‍ സാര്‍ ബോര്‍ഡില്‍ കുട്ടിച്ചാത്തനായി പ്രത്യക്ഷപ്പെട്ടത് സാറിന്റെ മനസ്സില്‍ തെളിഞ്ഞു.

‘തീര്‍ന്നു! ’
സാറിന്റെ നെഞ്ചിലൂടെ ഇരുന്നൂറു കിലോമീറ്റര്‍ വേഗതയില്‍ തീവണ്ടി പാഞ്ഞു!

‘ഏത് നേരത്താണോ ഇവന്മാര്‍ക്ക് ഡ്രോയിംഗ് കൊടുക്കാനുള്ള ബുദ്ധി തോന്നിയത്!’
സാര്‍ നിന്ന് വിയര്‍ത്തു.

എച് എം ഇപ്പോഴും ആകാശിന്റെ ബുക്കില്‍ തന്നെ നോക്കി നില്‍ക്കുകയാണ്.
മുഖത്ത് യാതൊരു വിധ ഭാവവ്യത്യാസങ്ങളുമില്ല.

ക്ലാസ് ഒന്നടങ്കം ശ്വാസമടക്കിപ്പിടിച് ആകാശിന്റെ പെന്‍സില്‍ മുനയുടെ പ്രയാണത്തിലേക്ക് സൂം ചെയ്തു.

നിമിഷങ്ങള്‍ക്കുള്ളില്‍ താന്‍ നല്ലൊന്നാന്തരം ചീത്ത കേള്‍ക്കുമെന്നും തന്റെ ക്ലാസ് മുഴുവനായും എച് എം അഴിച്ചു പണിയുമെന്നും സാറിനു ഉറപ്പായി.

എച് എമ്മിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു ജോയി പണി നിര്‍ത്തിപ്പോകുന്നതും രണ്ടു ക്ലാസുകളും കൂടി സാറിന്റെ തലയിലാകുന്നതും തല്‍ക്ഷണം താന്‍ നീരാവിയായിപ്പോകുന്നതും സാര്‍ മനസ്സില്‍ കണ്ടു.

“എന്തെങ്കിലും കുഴപ്പം മിസ്‌?”
അതുല്‍ സാര്‍ ഇടറിയ ശബ്ദത്തില്‍ ചോദിച്ചു.

മിസ്‌ ആകാശിന്റെ ഡ്രോയിംഗ് ബുക്കില്‍ നിന്ന് കണ്ണെടുത്ത് സാറിനെ നോക്കി.

“നിങ്ങള്‍ ഇവരെ എന്താ പഠിപ്പിക്കുന്നത്?”
ഭാവ വ്യത്യാസമില്ലാതെ എച് എം ചോദിച്ചു.

സാര്‍ നിന്ന് വിറച്ചു.

“അല്ല മിസ്സ്‌, അങ്ങനെ ചോദിച്ചാല്‍...”

കള്ളി വെളിച്ചത്തായെന്നു സാറിനു മനസ്സിലായി. ഇനി എന്ത് തന്നെ പറഞ്ഞിട്ടും കാര്യമില്ല.

സാറിന്റെ പ്രതീക്ഷകളെ കടത്തിവെട്ടി എച് എമ്മിന്റെ മുഖത്ത് ചിരി പൊട്ടി.

“അസാധ്യമായിരിക്കുന്നു സാര്‍. നിങ്ങളെ ഇവരെ മോഡേണ്‍ ആര്‍ട്ട് വല്ലതും പഠിപ്പിക്കുന്നുണ്ടോ?”
ശ്രീമതി അടുത്ത് വന്നു സാറിന്റെ തോളത്തു തട്ടി അഭിനന്ദിച്ചു.

സാറിന്റെ കിളി പോയി!!

‘ഇനി മൂപ്പത്തി തമാശിച്ചതാണോ!’

അലറല്‍ പ്രതീക്ഷിച്ചിരുന്ന അതുല്‍ സാര്‍ അഭിനന്ദനങ്ങളെ നേരിടാന്‍ അറിയാതെ കുഴഞ്ഞു.

“അല്ല, ഇത്ര ചെറുപ്പത്തിലേ ഇത്ര മനോഹരമായ കളര്‍ കോമ്പിനേഷനുകള്‍ ഒക്കെ ഇവര്‍ വരക്കുന്നുണ്ടല്ലോ. അതിശയം തന്നെ !”

എച് എം ആകാശിന്റെ ബുക്കിലേക്ക് നോക്കി മൂക്കത്ത് വിരല്‍ വെച്ചു.

ആകാശ് വരച്ചത് എന്ത് തന്നെ ആയിരുന്നാലും അത് എച് എമ്മിന്
‘ക്ഷ പിടിച്ചിരിക്കുണു’ എന്ന് സാറിനു ബോധ്യമായി.
കൌശലക്കാരനായ സാര്‍ കളം മാറ്റിച്ചവിട്ടി.

“ഇതൊക്കെ ചെറുത് മിസ്‌. ചില നേരത്ത് ഇവന്മാരുടെ വര കണ്ടാല്‍ ശരിക്കും നമ്മള്‍ അത്ഭുതപ്പെട്ടു പോകും. അസാമാന്യമായ ടാലന്റല്ലേ മിസ്‌!”

സാര്‍ മയത്തില്‍ തള്ളി.
എച് എം സമ്മതഭാവത്തില്‍ തലയാട്ടി.

നിറകണ്ണുകളോടെ എച് എം (
‘ക്വീന്‍ ഓഫ് ദി സ്കൂള്‍. റൂളര്‍ ഓഫ് ട്വല്‍വ് ക്ലാസസ്, ബെന്‍ഡര്‍ ഓഫ് ദി നീസ്, ലോര്‍ഡ്‌ ഓഫ് ദി കാംദാര്‍ നഗര്‍ - സാക്ഷാല്‍ ശ്രീമതി ഹെഡ്മിസ്ട്രസ്) അരുള്‍ ചെയ്തു.

“എനിക്ക് തെറ്റി സാര്‍. ഉണ്കളുടെ പസങ്കകള്‍ എല്ലാരും ഗുണ്ടകളാണെങ്കിലും കുറച്ചു ഗുണ്ടകള്‍ക്ക് കലാ വാസനയുമുണ്ട്. അവര്‍ കുറച്ച നാള്‍ കൂടി സാറിന്റെ ക്ലാസില്‍ തന്നെയിരിക്കട്ടെ.”

സന്തുഷ്ടയായ എച് എം ആകാശിന്റെ തലയില്‍ തലോടി ആനന്താശ്രുക്കളോടെ ക്ലാസിനു വെളിയിലേക്ക് നടക്കവേ അതുല്‍ സാറിന്റെ മനസ്സില്‍ ഒരു ഡപ്പാന്‍കൂത്ത് ഗാനം തനിയെ പ്ലേ ആയി.

സാര്‍ സന്തോഷം കൊണ്ട് മാനത്ത് വലിഞ്ഞു കേറാന്‍ തുടങ്ങി.

താന്‍ മഹാച്ചട്ടമ്പി എന്ന് കരുതിയിരുന്ന ആകാശ് തന്നെ ഇന്ന് സാറിനെ വലിയൊരു പ്രതിസന്ധിയില്‍ നിന്നും കര കയറ്റിയിരിക്കുന്നു.
സാര്‍ ഇമോഷണലായി!

‘ആകാശ് വരച്ചത് എന്താവും’ എന്നറിയാന്‍ സാറിനു തിടുക്കമായി.
ആകാശിന്റെ ഡ്രോയിംഗ് ബുക്ക് ലക്ഷ്യമാക്കി സാര്‍ ഓടിയടുത്തു.
ക്ലാസ് ഒന്നടങ്കം ആകാശിന്റെ ബെഞ്ചിലേക്ക് ചുരുങ്ങി.

'എച് എം കണ്ണിമയ്കാതെ നോക്കി നിന്ന ആ മോഡേണ്‍ ആര്‍ട്ട് എന്തിനെക്കുറിച്ചാവും?
’
ആകാംക്ഷ സഹിക്കാന്‍ വയ്യാതെ സാര്‍ ആകാശിന്റെ ഡ്രോയിംഗിലേക്ക് നോക്കി.

‘കൊള്ളാമല്ലോ. കാണാന്‍ മനോഹരമായിരിക്കുന്നു.’
വളരെ വ്യത്യസ്തമായ ഒരു വര്‍ണ സമന്വയം തന്നെയാണ്.
ആരുടേയും സഹായം കൂടാതെ ഒരു അഞ്ചാം ക്ലാസുകാരന്‍ ഈ വക കളര്‍ കോമ്ബിനേഷന്‍ ഒക്കെ വരയ്ക്കുക എന്നുപറഞ്ഞാല്‍ അതിശയം തന്നെ!

ഒരു പ്രത്യേക തരം മഞ്ഞയും ചുവപ്പും പച്ചയും.
അതിങ്ങനെ വിശാലമായി അടിച്ചു വെച്ചിരിക്കുകയാണ്.

സാറിനു ആകാശില്‍ അഭിമാനം തോന്നി.
‘മിടുക്കന്‍’ സാര്‍ മനസ്സില്‍ പറഞ്ഞു.

സാര്‍ ആകാശിന്‍റെ ബുക്ക് എടുത്ത് കലാസ്വാദനം നടത്തവേ കലാകാരന്‍ ചോദിച്ചു.

“നല്ലാ ഇരിക്കാ സാര്‍?”

“പിന്നെ. സൂപ്പറാ ഇരുക്ക്”
നിറഞ്ഞ ചിരിയോടെ ആകാശിന്റെ തലയില്‍ തലോടി സര്‍ പറഞ്ഞു.

“അപ്പൊ ഇതോ സാര്‍?”
പ്രവീണും ദേവകുമാറും വിടര്‍ത്തിപ്പിടിച്ച തങ്ങളുടെ ഡ്രോയിംഗ് ബുക്കുകളും സാറിന്‍റെ മുന്നിലേക്ക് നീട്ടി.

സാര്‍ ഞെട്ടി!

കുറച്ച അലങ്കോലമായിട്ടാണെങ്കിലും അവന്മാരും വരച്ചു വച്ചിരിക്കുന്നത് ആകാശിന്റെ അതേ 'മഞ്ഞ-ചുവപ്പ്-പച്ച' ചിത്രം തന്നെ!

സാര്‍ അക്ഷമനായി കാര്‍ത്തിക്കിന്റെയും അജിത്തിന്റെയും ബുക്കുകള്‍ നോക്കി.

കാര്‍ത്തിക്കും പുതിയ ഒരു പേജില്‍ തന്റെ
‘മഞ്ഞ-ചുവപ്പ്-പച്ച’ ചിത്രം പൂര്‍ത്തീകരിക്കുന്ന തിരക്കിലാണ്.

“ഡേയ്, ഇതെപ്പടി? ഇതെന്ന ഇത്?”
സാര്‍ പാടെ ആശയക്കുഴപ്പത്തിലായി.

ആകാശ് ചിരിച്ചുതുടങ്ങി.

പ്രവീണും ദേവകുമാറും ചിരിച്ചു തുടങ്ങി.

സംഗതി മനസ്സിലായിട്ടോ എന്തോ, ക്ലാസ് ആകെ ഒന്നാന്തരം ഊളച്ചിരി ചിരിച്ചുതുടങ്ങി.

ആ ചിരിക്കിടയില്‍ ഒരു ചിന്ത സാറിന്‍റെ മനസിലൂടെ പാഞ്ഞു പോയി.

“ഈ നിറങ്ങള്‍ എവിടെയോ കണ്ട പോലുണ്ടല്ലോ”
സാറിനു ഹാലിളകി.

“പറയെടാ, എന്താ ഇത്?”
ആകാശ് കുസൃതി ചിരി തുടര്‍ന്നു.

“എന്താ ഇതെന്ന് പറയാന്‍?”
സാര്‍ അക്ഷമനായി.

“മാര്‍ലി കളര്‍ സാര്‍”
സാര്‍ ഞെട്ടി.

“മാര്‍ലിയോ? എന്ത് മാര്‍ലി?”
“ബോബ് മാര്‍ലി സാര്‍. ഉണ്കളുക്ക് തെരിയമാട്ടെ സാര്‍”
സാറിന്റെ അജ്ഞതയെ പുച്ഛിച്ച് കുട്ടിപ്പസന്കകള്‍ ചിരി തുടര്‍ന്നു.

സാര്‍ തുടരെത്തുടരെ ഞെട്ടി.

ജമൈക്കന്‍ സംഗീതജ്ഞന്‍ ബോബ് മാര്‍ലിയെ തന്റെ ക്ലാസിലെ ആണ്‍കുട്ടികളില്‍ പലര്‍ക്കും അറിയാമെന്നോ!
ഇതൊന്നന്വേഷിച്ചിട്ടു തന്നെ കാര്യം.

“ആരാ ഈ ബോബ് മാര്‍ലി?” സാര്‍ ചോദിച്ചു.

“ഞാന്‍ പറയാം സാര്‍” പ്രവീണ്‍ പറയാനൊരുങ്ങി.

“ഡേയ്, വേണ്ട. സാറിനു അതൊന്നും അറിയില്ല. സാറ് പാവം താന്‍” ദേവകുമാര്‍ പ്രവീണിനെ തടഞ്ഞു,

“പോടാ, ഞാന്‍ പറയും.”

“ശരി ഞാന്‍ തന്നെ പറയാം.”
സാറിനെ അടുത്ത് നിര്‍ത്തി സ്വകാര്യം പോലെ ദേവകുമാര്‍ പറഞ്ഞു.
“ബോബ് മര്‍ലി നാ സിഗററ്റ് കണ്ടു പുടിച്ചവങ്ക സാര്‍!”
സാര്‍ ഞെട്ടി.

“ഡേയ്, ദേവാ, പോടാ, സത്യം പറയ്. അവന്‍ പറയുന്നത് വിശ്വസിക്കരുത് സാര്‍. സത്യം ഞാന്‍ പറയാം സാര്‍”

ദേവകുമാറിനെ തള്ളി മാറ്റി കുഞ്ഞന്‍ പ്രവീണ്‍ മുന്നിലെത്തി.
“ബോബ് മര്‍ലി നാ ഗന്ജാ കണ്ടു പുടിച്ചവങ്ക സര്‍!!”
തന്റെ നാലാം ക്ലാസുകാരന്‍ ശിഷ്യന്റെ അറിവിനു മുന്നില്‍ സാറിനു തല കറങ്ങി!

“വേറെ എന്ന തെരിയും ബോബ് മാര്‍ലിയെപ്പറ്റി?” സാര്‍ അവസാനമായി ചോദിച്ചു.

സാറിന്റെ താല്പര്യം കണ്ടു ആകാശ് ആവേശത്തോടെ പറഞ്ഞു.
“അവങ്ക നിറയെ പാട്ടെല്ലാം എഴുതിയിരിക്ക് സാര്‍”

സാറിന് ആശ്വാസമായി. മലയാളത്തിലെ ചില ഊളപ്പത്രങ്ങള്‍ പറയും പോലെ ബോബ് മാര്‍ലി എന്നാല്‍ കന്ജാവ് മാത്രമാണ് എന്ന് പറഞ്ഞില്ലല്ലോ.

“എന്ന പാട്ട്?” സാര്‍ ചോദിച്ചു.

“ഹിന്ദി, തമിഴ് എല്ലാമേ എഴുതുവാങ്ക സാര്‍. തമിഴില് നാടന്‍ പാട്ടെല്ലാം നിറയെ എഴുതിയിരിക്കാ സാര്‍. പോന വര്‍ഷം ചെന്നൈയില്‍ വന്നു ഡാന്‍സ് കൂടെ പണ്ണിയിറുക്ക് ”

ദേവകുമാര്‍ അഭിമാനത്തോടെ തമിഴ്നാടിന്റെ സ്വന്തം നാടന്‍ പാട്ട് കലാകാരന്‍ ശ്രീമാന്‍ 'ബോബ് മാര്‍ലി'യെക്കുറിച്ച് വിവരിക്കവേ തന്റെ ലോകവിവരത്തില്‍ അതീവ ലജ്ജ തോന്നിയ അതുല്‍ സാര്‍ അമ്പത് മീറ്റര്‍ ആഴത്തില്‍ ഒരു കുഴി കുഴിച്ച്‌ അതിനുള്ളില്‍ എന്നെന്നേക്കുമായി ഒളിച്ചിരിക്കാന്‍ തീരുമാനിച്ചു.

No comments:

Post a Comment

ഒന്നും ഒന്നും?

“ ടെക് യുവര്‍ നോട്ട്ബുക്ക് ആന്‍ഡ്‌കോപ്പി ദിസ്‌ ഡൌണ്‍! ” തലേന്ന് പഠിപ്പിച്ച സൌരയൂഥത്തെക്കുറിച്ചുള്ള ചോദ്യോത്തരങ്ങള്‍ ബോര്‍ഡില്‍ എഴുത...